ഒടുവില്‍ ഹസന്‍ നസ്റുള്ളയെ വീഴ്ത്തി: ഹിസ്ബുള്ള തലവനെ വധിച്ചതായി ഇസ്രായേല്‍
ടെല്‍ അവീവ്: ഹിസ്ബുള്ള തലവൻ ഹസന്‍ നസ്റുള്ളയെ വധിച്ചെന്ന അവകാശവാദവുമായി ഇസ്രായേല്‍ സേന. ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തിന്റെ പല മേഖലകളിലും ശക്തമായ ആക്രമണം തുടരുന്നതിനിടെയാണ് ഹസന്‍ നസ്റുള്ള വധിച്ചെന്ന ഇസ്രായേല്‍ സേനയുടെ അവകാശവാദം പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം
ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ഹിസ്ബുള്ളയുടെ സെൻട്രൽ ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിൽ സയ്യിദ് ഹസൻ നസ്‌റുള്ള കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേല്‍ സേന വ്യക്തമാക്കുന്നത്.
"ഹിസ്ബുള്ളയെന്ന ഭീകര സംഘടനയുടെ നേതാവ് ഹസൻ നസ്റുള്ളയെ ഇല്ലാതാക്കി" എന്നാണ് ഇസ്രായേൽ സൈനിക വക്താവ് അവിചയ് അദ്രായി എക്‌സിലെ ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയത്. ലോകത്തെ ഭീതിയിലാഴ്ത്താൻ ഹസൻ നസ്റുള്ളയ്ക്ക് ഇനി കഴിയില്ലെന്നും ഇസ്രായേൽ സൈന്യം പ്രത്യേക പോസ്റ്റിൽ പറഞ്ഞു.

ഇസ്രായേല്‍ സേനയുടെ അവകാശവാദം റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇസ്രായേൽ സൈന്യത്തിൻ്റെ പ്രസ്താവനയെക്കുറിച്ച് റോയിട്ടേഴ്സിനോട് പ്രതികരിക്കാൻ ഹിസ്ബുള്ള തയ്യാറായില്ല. 32 വർഷമായി ഹിസ്ബുള്ളയെ നയിക്കുന്ന നേതാവാണ് ഹസന്‍ നസ്റുള്ള.
ആസ്ഥാനത്തിന് നേർക്ക് ആക്രണം നടന്നെങ്കിലും ഹസന്‍ നസ്റുള്ള സുരക്ഷതിനാണെന്ന് സംഘടന നേരത്തെ അവകാശപ്പെട്ടിരുന്നു. നസ്‌റുള്ള ഒളിവിലാണെങ്കിലും സുരക്ഷിതനാണെന്നായിരുന്നു ഹിസ്ബുള്ള അറിയിച്ചത്. ലെബനനിൽ, പ്രത്യേകിച്ച് ഷിയാ അനുയായികൾക്കിടയിൽ വലിയ സ്വാധീനമുള്ള നസ്‌റുള്ള , യുദ്ധം തുടരാനും സമാധാനം സ്ഥാപിക്കാനോ കഴിവുള്ള ഏക നേതാവ് എന്ന നിലയിലാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. അത്തരമൊരു നേതാവിന്റെ വിയോഗം ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടിയായിരിക്കും നല്‍കുക.
ഹസന്‍ നസ്റുള്ളയുടെ നേതൃത്വത്തിലും ഇറാന്റെ പിന്തുണയിലുമാണ് മേഖലയിലെ ശക്തമായ സാന്നിധ്യമായി ഹിസ്ബുള്ള ഉയർന്ന് വരുന്നത്. അദ്ദേഹത്തിൻ്റെ മരണം ഹിസ്ബുള്ളയ്‌ക്ക് മാത്രമല്ല, 1982-ൽ റവല്യൂഷണറി ഗാർഡ്‌സ് ഗ്രൂപ്പ് സ്ഥാപിച്ച ഇറാനും കനത്ത പ്രഹരമാണ് നല്‍കുന്നത്.
അതേസമയം തന്നെ വ്യോമാക്രമണത്തിൽ ദക്ഷിണ ലെബനനിലെ ഗ്രൂപ്പിൻ്റെ മിസൈൽ യൂണിറ്റ് കമാൻഡർ മുഹമ്മദ് അലി ഇസ്മായിൽ ഉൾപ്പെടെയുള്ള ഉന്നത ഹിസ്ബുള്ള നേതാക്കള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. തുടർച്ചയായി നടത്തിയ ആക്രമണങ്ങളിലൂടെ ഹിസ്ബുള്ളയുടെ നേതൃത്വ ഘടനയെ തളർത്താന്‍ സാധിച്ചെന്നും ഇസ്രായേൽ അവകാശപ്പെടുന്നു. അതേസമയം, ബെയ്റൂത്തില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നൂറ് കണക്കിന് സാധാരണക്കാർ ഉള്‍പ്പെടേയുള്ളവർ മരണപ്പെട്ടു.












Click it and Unblock the Notifications