യുദ്ധം പുതിയ വഴിത്തിരിവിലേക്ക്, ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്, ചൈന പിന്തുണയ്ക്കും?
ടെഹ്‌റാന്‍: പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും കാഴ്ചക്കാരായി നോക്കി നില്‍ക്കില്ലെന്ന് ഇറാന്‍. നാസികള്‍ ചെയ്തതാണ് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത് എന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ചൈന ഇടപെടണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ്ദുള്ളാഹിയനും പറഞ്ഞു.
യുദ്ധത്തിന്റെ വ്യാപ്തി കൂടും എന്ന മുന്നറിയിപ്പാണ് വിദേശകാര്യ മന്ത്രി നല്‍കിയിരിക്കുന്നത് എന്ന് അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിനെതിരായ ഹമാസ് ഗ്രൂപ്പിന്റെ ആക്രമണത്തില്‍ ടെഹ്റാന് പങ്കില്ലെന്ന് ഇറാന്റെ ഉന്നത അധികാരിയായ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു. എന്നാല്‍ ഇസ്രയേലിന്റെ സൈനിക, രഹസ്യാന്വേഷണ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഹമാസിന് ആയുധം നല്‍കിക്കൊണ്ട് ഇറാനിലെ പൗരോഹിത്യ ഭരണാധികാരികള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസിന് ധാര്‍മികവും സാമ്പത്തികവുമായ പിന്തുണ മാത്രമാണ് നല്‍കുന്നത് എന്നാണ് ടെഹ്റാന്‍ പറയുന്നത്. ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് അമിറാബ്ദുള്ളാഹിയന്‍ പറഞ്ഞു.
ഗാസയ്ക്കെതിരായ ആക്രമണം മിഡില്‍ ഈസ്റ്റില്‍ പ്രതിരോധത്തിന്റെ പുതിയ മുന്നണികള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''മേഖലയില്‍ പ്രതിരോധത്തിന്റെ പുതിയ മുന്നണികള്‍ തുറക്കുന്നതിന്റെയും യുദ്ധം വ്യാപിക്കുന്നതിന്റേയും ഉത്തരവാദിത്തം അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും (ഇസ്രായേലിന്റെ) മേല്‍ ആയിരിക്കും,' അമിറാബ്ദൊല്ലാഹിയന്‍ പറഞ്ഞു.
ശനിയാഴ്ച ഖത്തറില്‍ വെച്ച് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയുമായി അമിറാബ്ദുള്ളാഹിയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ച് പലസ്തീനികളെ പിന്തുണയ്ക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.
അതേസമയം ഇറാന്റെ നീക്കത്തില്‍ ഇന്ത്യയും ജാഗ്രത ശക്തമാക്കി. ചൈനീസ് ഇടപെടല്‍ ഇറാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്. ഇസ്രായേലിനെതിരായ ചൈനീസ് നീക്കം നിരീക്ഷിക്കുന്നു എന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ പരിധി അവസാനിച്ചു എന്ന് ചൈന ചൂണ്ടിക്കാട്ടിയിരുന്നു. ഇറാന്റെ ഭാഗത്ത് നിന്നുള്ള നീക്കത്തിന് ചൈന പിന്തുണച്ചാല്‍ ഇന്ത്യയേയും ബാധിക്കും.
അതിനിടെ യുദ്ധഭൂമിയില്‍ നിന്നുള്ള കൂട്ടപലായനം തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ വടക്കന്‍ ഗാസയില്‍ നിന്ന് 4 ലക്ഷത്തിലധികം പേരാണ് ഒഴിഞ്ഞുപോയത് എന്നാണ് വിവരം. 126 സെനികരെ ബന്ദികളാക്കിയെന്ന് നേരത്തെ ഹമാസ് അറിയിച്ചിരുന്നു. ഇക്കാര്യം ഇപ്പോള്‍ ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications