ഗാസയില്‍ മരണനിരക്ക് 7326, വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗമിക്കുന്നു, മരണനിരക്ക് ഉയരുമെന്ന് യുഎന്‍
ജറുസലേം: ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഖത്തറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഗാസയില്‍ വെടിനിര്‍ത്തലിനും, ബന്ദികളാക്കിയവരെ വിട്ടയക്കുന്നതിനുമുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ചര്‍ച്ചകള്‍ പുരോഗതിയുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യുഎന്നിന്റെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി ഗാസയിലെ സാഹചര്യം വളരെ മോശമാണെന്ന് സ്ഥിരീകരിച്ചു.
ഗാസയിലേക്കുള്ള സഹായങ്ങളുമായി വരുന്ന വളരെ കുറച്ച് പേരെ മാത്രമാണ് ഇവിടേക്ക് കടത്തിവിടുന്നതെന്ന് യുഎന്‍ ഏജന്‍സിയുടെ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാറിനി പറഞ്ഞു. ബോംബുകള്‍ വര്‍ഷിക്കുന്നതിനാല്‍, പലസ്തീനുകാര്‍ ഭയന്നോടുകയാണെന്നും ലസാറിനി പറഞ്ഞു. ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഇനിയും നിരവധി പേര്‍ കൊല്ലപ്പെടുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ തുടര്‍ന്ന് ഓടകള്‍ നിറഞ്ഞൊഴുകുകയാണ്. പല്‌സതീന്‍ തെരുവുകളില്‍ പലയിടത്തും മാലിന്യം നിറഞ്ഞ് കിടക്കുകയാണ്.

ഗാസയിലെ ആളുകളോട് ഞങ്ങള്‍ സംസാരിച്ചിരുന്നു. അവരെല്ലാം മരിച്ച് കൊണ്ടിരിക്കുകയാണ്. ബോംബ് വര്‍ഷിക്കുന്നത് കൊണ്ടോ, മറ്റ് ആക്രമണങ്ങള്‍ കൊണ്ടോ അല്ല ഇവര്‍ മരിക്കാന്‍ പോകുന്നത്. ഗാസ മുനമ്പില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന്റെ പ്രത്യാഘാതത്താലാണ് ഇവര്‍ മരിക്കുകയെന്നും ഫിലിപ്പ് ലസാറിനി പറഞ്ഞു. അതേസമയം ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 7326 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 3038 പേര്‍ കുട്ടികളാണ്. 18967 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്രായേലും ഹമാസും ഒരുപോലെ യുദ്ധ കുറ്റങ്ങള്‍ ചെയ്യുന്നുണ്ടെന്ന് യുഎന്‍ ആരോപിച്ചു. ബന്ദികളാക്കുന്നവരെ പീഡിപ്പിക്കുന്നത് അടക്കമുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങളാണ് നടക്കുന്നത്. ഹമാസിന്റെ ആക്രമണത്തിന് തിരിച്ചടിയെന്നോണം നടത്തുന്ന ആക്രമണത്തില്‍ ഗസയിലെ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നും യുഎന്‍ വക്താ് രവീണ ഷംദാസനി പറഞ്ഞു. സ്വതന്ത്ര കോടതിയില്‍ യുദ്ധകുറ്റങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വിചാരണ നടക്കണമെന്നും അവര്‍ പറഞ്ഞു.
അതേസമയം ഹമാസിനെതിരെ കടുത്ത ആരോപണവുമായി ഇസ്രായേല്‍ സൈന്യം രംഗത്തെത്തി. ആശുപത്രികളെ ഓപ്പറേഷനല്‍ സെന്ററുകളായി ഹമാസ് ഉപയോഗിക്കുന്നതായി ഇസ്രായേല്‍ സൈന്യം കുറ്റപ്പെടുത്തി.ഗാസ മുനമ്പിലെ ആശുപത്രികളാണ് ഹമാസ് കേന്ദ്രങ്ങളാക്കുന്നത്.ഇന്ധനം ഇവിടെയാണ് ശേഖരിച്ച് വെക്കുന്നത്. അതിലൂടെയാണ് ആക്രമണം നടത്തുന്തനെന്നും ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
അതേസമയം ഇസ്രായേലിന്റെ ആരോപണത്തെ ഹമാസ് തള്ളി. ഈ ആരോപണത്തില്‍ സത്യമില്ല. ഇതുവരെ അത്തരമൊരു കാര്യത്തില്‍ തെളിവുള്ളതായി ആരും പറഞ്ഞിട്ടില്ല. ഇസ്രായേല്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നത് പുതിയ കൂട്ടക്കുരുതിക്ക് വേണ്ടിയാണെന്നും ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയിലെ മുതിര്‍ന്ന അംഗം ഇസാത്ത് അല്‍ റിഷ്ഖ് പറഞ്ഞു.












Click it and Unblock the Notifications