വെടിനിര്‍ത്തലിലും ആക്രമണം? ആറ് പലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്
ജറുസലേം: താല്‍ക്കാലിക വെടിനിര്‍ത്തലിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ പലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച പുലര്‍ച്ചെയുമായി അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സേനയുടെ വെടിയേറ്റ് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു അഞ്ച് മരണങ്ങള്‍ ജെനിന്‍ നഗരത്തിലും ആറാമത്തേത് നബ്ലസ് നഗരത്തിനടുത്തുള്ള യാത്മ എന്ന ഗ്രാമത്തിലുമാണ്.
ജെനിനിലുണ്ടായ വെടിവെയ്പില്‍ മറ്റ് ആറ് പേര്‍ക്ക് പരിക്കേറ്റതായി മന്ത്രാലയം അറിയിച്ചു. അതേസമയം ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരികയാണെന്ന് ഇസ്രായേല്‍ സൈനിക വക്താവിന്റെ ഓഫീസ് അറിയിച്ചു. ഇസ്രായേലി സൈന്യം 'പല ദിശകളില്‍ നിന്നും ജെനിനെ ആക്രമിച്ചു എന്നാണ് പലസ്തീനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ പറയുന്നത്.

അതിനിടെ ശനിയാഴ്ച പുലര്‍ച്ചെ വെസ്റ്റ്ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ച് ഇസ്രായേല്‍ ഇന്‍ഫോര്‍മാരെ ഹമാസ് കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ ആള്‍ക്കൂട്ടം ചവിട്ടുകയും ഇടവഴികളിലൂടെ വലിച്ചിഴച്ച് ഒരു വൈദ്യുത തൂണില്‍ തൂക്കിയിടുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഈ സംഭവവികാസം.
നവംബര്‍ 6 ന് തുല്‍ക്കറെം അഭയാര്‍ത്ഥി ക്യാമ്പില്‍ രണ്ട് പലസ്തീനികള്‍ ഇസ്രായേലി സുരക്ഷാ സേനയെ സഹായിച്ചതായി ഹമാസ് ആരോപിച്ചിരുന്നു. അഭയാര്‍ത്ഥി ക്യാമ്പില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് പേരെ വധിച്ചതായി പലസ്തീന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 31 കാരനായ ഹംസ മുബാറക്കും 29 കാരനായ അസം ജുഅബ്രയുമാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നിരുന്നാലും ഹമാസോ ഐഡിഎഫോ ഇത് സംബന്ധിച്ച് ഔപചാരികമായ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നതിനാല്‍ 13 ഇസ്രായേലി ബന്ദികളേയും നാല് തായ് പൗരന്മാരെയും ഹമാസ് മോചിപ്പിച്ചിട്ടുണ്ട്. ആറ് സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടെ 39 പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ ജയിലുകളില്‍ നിന്നും മോചിപ്പിച്ചു.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചു. ഗാസയിലേക്ക് കൂടുതല്‍ സഹായ ട്രക്കുകള്‍ വരണം എന്നും അതിനുശേഷം മാത്രമേ ബന്ദികളെ മോചിപ്പിക്കൂ എന്നുമാണ് ഹമാസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച, 13 ഇസ്രായേലികള്‍ ഉള്‍പ്പെടെ 24 തടവുകാരെ ഹമാസ് മോചിപ്പിച്ചിരുന്നു.












Click it and Unblock the Notifications