ഗാസയിൽ ഇസ്രായേൽ ആക്രമണം; 114 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 114 പേർ കൊല്ലപ്പെട്ടു. അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയായിരുന്നു ആക്രമണം നടന്നത്. എന്നാൽ ഹമാസിനും പലസ്തീൻ ഇസ്ലാമിക് ജിഹാദി പോരാളികളേയും ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ അവകാശവാദം.
ഖാൻ യൂനിസിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. ടെന്റുകളിലും ഷെൽട്ടറുകളിലും കഴിയുകയായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 56 പേരാണ് ഇവിടെ മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ പട്ടണമായ ജബാലിയയിൽ ഹെൽത്ത് ക്ലിനിക്കിനും പ്രാർത്ഥന ഹാളിനും നേരെ നടന്ന ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി ഹമാസ് സിവിൽ ഡിഫൻസ് ഏജൻസി വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് എൻക്ലേവിലെ കാൻസർ രോഗികൾക്ക് മെഡിക്കൽ തുടർചികിത്സ നൽകുന്ന ഏക ആശുപത്രിയായ ഗാസ യൂറോപ്യൻ ആശുപത്രി പ്രവർത്തനം നിർത്തിവെച്ചു. ആക്രമണത്തിൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകരാറിലായതായി അധികൃതർ അറിയിച്ചു.

മധ്യപൂർവദേശത്ത് ട്രംപിന്റെ സന്ദർശനത്തിനിടെയാണ് ആക്രമണമെന്നത് ശ്രദ്ധേയമാണ്. സന്ദർശനത്തിനിടെ ഖത്തറിൽ വെച്ച് ഗാസയെ കുറിച്ച് ട്രംപ് പരാമർശിച്ചിരുന്നു. 'എനിക്ക് ഗാസയെ കുറിച്ചുള്ള കാഴ്ചപ്പാട് വളരെ നല്ലതാണ്, ഗാസയെ ഒരു സ്വതന്ത്ര മേല ആക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനായി യുഎസ് ഇടപെട്ടടെ. യുഎസ് ഇടപെടൽ ഉണ്ടാകുന്നത് എന്നെ സംബന്ധിച്ച് അഭിമാനകരമാണ്', എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
എന്നാൽ മുതിർന്ന ഹമാസ് നേതാവായ ബസേം നൈം ട്രംപിന്റെ വാഗ്ദാനം തള്ളി രംഗത്തെത്തി. പലസ്തീന്‌റെ അവിഭാജ്യ ഘടകമാണ് ഗാസയെന്നും അല്ലാതെ പൊതുവിപണിയിൽ നടക്കുന്ന റിയൽ എസ്റ്റേറ്റ് കച്ചവട ഭൂമിയല്ല എന്നായിരുന്നു നൈയിമിന്റെ പരാമർശം. ' നമ്മുടെ നാടിനോടും അതിന്റെ ലക്ഷ്യത്തോടും ഞങ്ങൾ ഉറച്ച് നിൽക്കുന്നു. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും എല്ലാ ത്യാഗങ്ങളും സഹിക്കാൻ ഞങ്ങൾ തയ്യാറാണ്',നൈം പറഞ്ഞു.
അതേസമയം ട്രംപിന്റെ മധ്യപൂർവദേശ സന്ദർശന സമയത്ത് ഗാസ സമാധാനപൂർവ്വമായിരിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ 48 മണിക്കൂറായി കനത്ത ആക്രമാണ് മേഖലയിൽ ഇസ്രായേൽ നടത്തുന്നത്. വരും ദിവസങ്ങളിൽ ആക്രമണം കടുക്കുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകുന്ന മുന്നറിയിപ്പ്. ഹമാസിനെ തുടച്ച് നീക്കും എന്നാണ് നെതന്യാഹു പറഞ്ഞത്. 2 മാസത്തെ വെടിനിർത്തലിന് ശേഷം മാർച്ച് 18 മുതലാണ് ഇസ്രായേൽ വീണ്ടും പലസ്തീനിൽ ആക്രമണം ആരംഭിച്ചത്. തുടർന്ന് ഇതുവരെ 2,876 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 7,800 ൽ അധികം പേർക്ക് പരിക്കേറ്റു.












Click it and Unblock the Notifications