അല്‍അഖ്സയില്‍ വീണ്ടും പൊലീസ് അതിക്രമം: ഗാസയ്ക്കും ഇസ്രായേലിനും ഇടയില്‍ മിസൈല്‍ ആക്രമണവും ശക്തം
ജറുസലേമിലെ പരിശുദ്ധമായ അൽ-അഖ്സ മസ്ജിദിൽ വീണ്ടും സംഘർഷം. ബുധനാഴ്ച പലസ്തീനികളായ വിശ്വാസികളുമായി ഇസ്രായേല്‍ പൊലീസ് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പുലർച്ചയോടെ പള്ളി പരിസരത്തേക്ക് ഇരച്ചുകയറിയ പൊലീസ് പലസ്തീന്‍കാർക്ക് നേരെ അക്രമം അഴിച്ച് വിടുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടത്തെ പ്രാർഥനയ്ക്കുശേഷം തിരിച്ചുപോകാതെ പലസ്തീൻകാർ പള്ളിക്കുള്ളിൽ തങ്ങുന്നു എന്നറിഞ്ഞായിരുന്നു പൊലീസ് നടപടി.
പള്ളിയിലുണ്ടായിരുന്നവർ പോലീസിനുനേരെ കല്ലും പടക്കവും എറിഞ്ഞു. 350 ലെറെ പേരെ ഇസ്രായേല്‍ പൊലീസ് പിടികൂടി. റംസാന്‍ ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസവും പള്ളിയില്‍ പലസ്തീനികളും ഇസ്രായേല്‍ പൊലീസും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംഘർഷം ലഘൂകരിക്കാന്‍ യുഎസ് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് വീണ്ടും പൊലീസ് നടപടി ഉണ്ടാവുന്നത്.

അല്‍ അഖ്സയിലെ പൊലീസ് നടപടി
മുസ്ലീം പുണ്യമാസമായ റമദാനിലും ജൂതന്മാരുടെ പെസഹാ അവധിക്കാലത്തും നടന്ന ഏറ്റുമുട്ടലുകൾ ഗാസയിൽ അതിർത്തി കടന്നുള്ള വെടിവയ്പ്പിന് കാരണമാവുകയും കൂടുതൽ അക്രമങ്ങള്‍ക്ക് ഇടയാക്കുമോയെന്ന ആശങ്ക ശക്തമാക്കുകയും ചെയ്തു. പള്ളിയിലെ പൊലീസ് നടപടിക്ക് പിന്നാലെ ഗാസയിൽനിന്ന് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണമുണ്ടായി. ഇതിനുതിരിച്ചടിയായി ഗാസയിലേക്ക് ഇസ്രയേലും വ്യോമാക്രമണം നടത്തി.
രാത്രി വൈകി പോലീസ് കോമ്പൗണ്ടിൽ പ്രവേശിച്ച് വിശ്വാസികളെ സ്റ്റൺ ഗ്രനേഡുകളും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ചു ഒഴിപ്പിക്കാനായിരുന്നു പൊലീസ് ശ്രമമെന്നാണ് സമുച്ചയം നിയന്ത്രിക്കുന്ന ജോർദാൻ നിയമിച്ച ഇസ്ലാമിക സംഘടനയായ വഖഫ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

പൊലീസിന് നേരെ കല്ലേറും
വിശ്വാസികള്‍ പോലീസിന് നേരെ കല്ലേറ് നടത്തിയതായും ദൃക്സാക്ഷികളും വ്യക്തമാക്കുന്നു. അക്രമത്തില്‍ ആറ് പേർക്ക് പരിക്കേറ്റതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. ഡസൻ കണക്കിന് ചെറുപ്പക്കാർ കല്ലുകളും പടക്കങ്ങളും പള്ളിയിലേക്ക് കൊണ്ടുവന്ന് പ്രതിരോധം തീർക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നത്. എന്നാൽ, പ്രാർത്ഥന കഴിയുന്നതിന് മുമ്പ് പോലീസ് പള്ളിയിൽ പ്രവേശിച്ചതാണ് ആക്രമണത്തിന് ഇടയാക്കിയതെന്നാണ് വഖഫ് വ്യക്തമാക്കുന്നത്.
ആക്രമണത്തെ ശക്തമായി അപലപിച്ച് ഇസ്രായേലും രംഗത്ത് വന്നു. റമദാൻ മാസത്തിൽ ശാന്തതയും സുസ്ഥിരതയും സൃഷ്ടിക്കാൻ ശ്രമിച്ച യുഎസിന്റെ സമീപകാല ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് അൽ അഖ്‌സ പള്ളിയിൽ ഇസ്രായേൽ നടത്തിയ ആക്രമണം, ആരാധകർക്ക് നേരെയുണ്ടായ ആക്രമണം, ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീൽ അബു റുദൈനെ പറഞ്ഞു.

നേരത്തെ നടന്ന ഏറ്റുമുട്ടലിൽ 12 പലസ്തീൻകാർക്ക് പരിക്കേറ്റതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഇസ്രായേൽ പോലീസും വ്യക്തമാക്കി. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പള്ളിയിലുണ്ടായ അക്രമത്തെക്കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തുകയും ഇസ്രായേലികളും ഫലസ്തീനികളും സംഘർഷം ലഘൂകരിക്കേണ്ടത അനിവാര്യമാണെന്നും പറഞ്ഞു.
പരസ്പരം റോക്കറ്റ് ആക്രമണം
ആദ്യ ഏറ്റുമുട്ടലിനുശേഷം ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് കുറഞ്ഞത് ഒമ്പത് റോക്കറ്റുകളെങ്കിലും തൊടുത്തുവിട്ടെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് മറുപടിയായി തീരപ്രദേശത്തെ നിയന്ത്രിക്കുന്ന ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസിന്റെ ആയുധനിർമ്മാണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേലും വ്യക്തമാക്കി.
ആക്രമണത്തില്‍ ഗാസ അതിർത്തിയുടെ ഇരുവശത്തും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റോക്കറ്റ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തിട്ടില്ല. രണ്ടാമത്തെ അൽ-അഖ്‌സ ഏറ്റുമുട്ടലിന് തൊട്ടുമുമ്പ് ഗാസയിൽ നിന്ന് രണ്ട് റോക്കറ്റുകൾ കൂടി തൊടുത്തുവിട്ടിരുന്നു. ഒരെണ്ണം പ്രതിരോധിക്കപ്പെട്ടതായും മറ്റൊന്ന് തുറസ്സായ സ്ഥലത്തുമാണ് വീണതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. "ഞങ്ങൾക്ക് സ്ഥിതി രൂക്ഷമാക്കാന്‍ താൽപ്പര്യമില്ല, എന്നാൽ ഏത് സാഹചര്യത്തിനും ഞങ്ങൾ തയ്യാറാണ്," ഇസ്രായേലി സൈനിക വക്താവ് ഡാനിയൽ ഹഗാരി കഴിഞ്ഞ ദിവസം വ്യക്തമാക്കി.












Click it and Unblock the Notifications