കമലാ ഹാരിസ് യുഎസ് പ്രസിഡന്റാവുമോ? ബൈഡന്റെ അപ്രൂവല്‍ റേറ്റിംഗില്‍ ഇടിവ്, അഫ്ഗാനില്‍ പാളി
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതും അതിന് ശേഷമുള്ള കൂട്ടപ്പലായനങ്ങളുമൊക്കെ അമേരിക്കയിലും പ്രതിഫലിക്കുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതിയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തെ ഏറ്റവും താഴ്ച്ചയിലാണ് ബൈഡന്റെ അപ്രൂവല്‍ റേറ്റിംഗ് ഉള്ളത്. അതേസമയം വൈസ് പ്രസിഡന്റ് അടുത്ത യുഎസ് പ്രസിഡന്റായി വരുമെന്നാണ് പല അമേരിക്കക്കാരും സര്‍വേയില്‍ കരുതുന്നത്. ബൈഡനെ മാറ്റി പാര്‍ട്ടി കമലയെ നിയമിക്കുമെന്നാണ് യുഎസ് ജനത കരുതുന്നത്. അതേസമയം അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ബൈഡന്റെ നിലപാട്.
Recommended Video

ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
മറ്റൊരു രാജ്യത്തിന്റെ യുദ്ധം അമേരിക്കന്‍ സൈനികരുടെ ജീവന്‍ നല്‍കി കൊണ്ട് പോരാടാനില്ലെന്നും ബൈഡന്‍ പറഞ്ഞിരുന്നു. അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് നല്ല തീരുമാനമാണെന്നും, നേരത്തെ ട്രംപ് തീരുമാനിച്ച കാര്യം നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞിരുന്നു. എന്നാല്‍ കാബൂളില്‍ നിന്നടക്കം വന്നിട്ടുള്ള ദാരുണമായ കാഴ്ച്ച യുഎസ്സിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ഇന്ന് കാണുന്ന പ്രതിസന്ധി ബൈഡന്‍ ഉണ്ടാക്കിയതാണെന്നും, താലിബാനോട് പോരാടാന്‍ അദ്ദേഹം തയ്യാറായില്ലെന്നുമാണ് പ്രധാന വിമര്‍ശനം.
അതേസമയം സര്‍വേയില്‍ 43 ശതമാനവും പറയുന്നത് കമലാ ഹാരിസിന് യുഎസിനെ നയിക്കാന്‍ സാധിക്കുമെന്നാണ്. എന്നാല്‍ 55 ശതമാനം പേര്‍ കരുതുന്നത് അവര്‍ക്ക് യോഗ്യതയില്ലെന്നാണ്. ഇതില്‍ 47 ശതമാനം പേര്‍ അവര്‍ തീരെ യോഗ്യതയില്ലെന്നാണ് പറയുന്നത്. ഇവരെ എതിര്‍ക്കുന്നത് അതിര്‍ത്തി പ്രശ്‌നം അവര്‍ക്ക് നല്ല രീതിയില്‍ പരിഹരിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ്. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ കുടിയേറ്റ പ്രശ്‌നങ്ങള്‍ അടക്കം യുഎസിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ഇലക്ഷന്‍ റിഫോംസ് അടക്കമുള്ളവയും കമലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. അതല്ലെങ്കില്‍ അവര്‍ക്ക് വ്യാപക പിന്തുണയുണ്ടാവുമായിരുന്നു. എന്നിരുന്നാലും കമലയുടെ ജനപ്രീതി ബൈഡന് ഭീഷണിയാണ്.
ജോ ബൈഡന് നേരത്തെയുണ്ടായിരുന്ന ജനപ്രീതി നഷ്ടപ്പെട്ട് തുടങ്ങിയെന്നാണ് സര്‍വേ പറയുന്നത്. അപ്രൂവല്‍ റേറ്റിംഗ് ഏഴ് ശതമാനത്തോളമാണ് ഇടിഞ്ഞത്. ഇതുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ റേറ്റിംഗാണ് ബൈഡനുള്ളത്. 46 ശതമാനം പ്രായപൂര്‍ത്തിയായ വോട്ടര്‍മാര്‍ ബൈഡന്റെ പ്രകടനം മികച്ചതാണെന്ന് രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തുടര്‍ച്ചയായി വരുന്നത് ബൈഡന്റെ ജനപ്രീതിയെ ബാധിച്ചിട്ടുണ്ട്. നേരത്തെ 53 ശതമാനമായിരുന്നു ബൈഡന്റെ അപ്രൂവല്‍ റേറ്റിംഗ്. താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പ്രവേശിച്ചതിന് പിന്നാലെ ബൈഡന്റെ പ്രതിച്ഛായ ഇടിഞ്ഞ് തുടങ്ങിയിരുന്നു.
ബഹുഭൂരിപക്ഷം റിപബ്ലിക്കന്‍, ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ കരുതുന്നത് അഫ്ഗാനിലെ പ്രതിസന്ധി തെളിയിക്കുന്നത് അമേരിക്ക എത്രയും പെട്ടെന്ന് രാജ്യം വിടുന്നത് തന്നെയാണെന്നും പറയുന്നു. ജനസംഖ്യയുടെ പകുതിയില്‍ താഴെ അമേരിക്കക്കാര്‍ ബൈഡന്‍ സൈന്യത്തെ നിയന്ത്രിക്കുകയും എന്നാല്‍ നയതന്ത്ര പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്തിരുന്ന നടപടിയെ അംഗീകരിച്ചിരുന്നു. അതേസമയം അഫ്ഗാന്‍ സൈന്യത്തെ നേരത്തെ ബൈഡന്‍ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവും മികച്ച സായുധ ശേഷിയുള്ള സൈന്യമെന്നായിരുന്നു അഫ്ഗാന്‍ സേനയെ നേരത്തെ ബൈഡന്‍ വിശേഷിപ്പിച്ചത്.
അതേസമയം യുദ്ധക്കാലത്ത് അമേരിക്കയെ നയിച്ച ചരിത്രത്തിലെ മൂന്ന് പ്രസിഡന്റുമാരേക്കാള്‍ മോശം റേറ്റിംഗാണ് ബൈഡന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബൈഡന്‍. അഫ്ഗാന്‍ സൈന്യത്തിന് എല്ലാ കരുത്തും നല്‍കിയിട്ടും പോരാടാനുള്ള ഇച്ഛാശക്തി അവര്‍ കാണിച്ചില്ലെന്നും, സമാനമായ കാര്യം തന്നെയാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ കാര്യത്തില്‍ കണ്ടതെന്നും ബൈഡന്‍ പറഞ്ഞിരുന്നു. പ്രസിഡന്റ് അഷ്‌റഫ് ഗനി അടക്കം രാജ്യം വിട്ടതിനെയാണ് ബൈഡന്‍ രൂക്ഷമായി വിമര്‍ശിച്ചത്. അഫ്ഗാനില്‍ ഇനിയും തുടരുന്നത് സാമ്പത്തികമായി വന്‍ നഷ്ടമുണ്ടാക്കുമെന്ന നിലപാടിലാണ് അമേരിക്ക.












Click it and Unblock the Notifications