യുകെയില്‍ മലയാളി യുവാവിന് നേരേയും ആക്രമണം: കുടിയേറ്റ വിരുദ്ധ കലാപം ശക്തിപ്പെടുന്നു
യുകെയില്‍ പൊട്ടിപ്പുറപ്പെട്ട കുടിയേറ്റ വിരുദ്ധ കലാപം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നു. ലിവര്‍പൂളിനടുത്തു സൗത്ത് പോര്‍ട്ടില്‍ മൂന്നു പെണ്‍കുട്ടികള്‍ കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നാലെയാണ് കുടിയേറ്റ വിരുദ്ധ കലാപം ശക്തിപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ വ്യാജ പ്രചരണവും നടന്നിരുന്നു.
കലാപത്തിനിടെ മലയാളി യുവാവിന് അടക്കം പരിക്കേറ്റിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്‍റെ തലസ്ഥാന നഗരമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവാണ് കഴിഞ്ഞ ദിവസം പ്രതിഷേധക്കാരുടെ ആക്രമണത്തിന് ഇരയായത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിന് ഇടയിലായിരുന്ന ആക്രണം.

ഇത് ആദ്യമായല്ല ഇതേ മലയാളി യുവാവിന് നേരെ ആക്രമണമുണ്ടാകുന്നത്. നേരത്തെ ഈ യുവാവിന് നേരെ മുട്ടയേറ് നടന്നിരുന്നു. ഈ സംഭവത്തെ യുവാവ് ചോദ്യം ചെയ്യുകയുണ്ടായി. ഇതോടെ വൈരാഗ്യം മൂത്ത പ്രതിഷേധക്കാർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം യുവാവിനെ മർദ്ദിക്കുകയായിരുന്നു. നടന്നുപോകുകയായിരുന്ന യുവാവിനെ അക്രമികള്‍ പിന്നില്‍ നിന്നും ചവിട്ടി നിലത്തിട്ട ശേഷമായിരുന്നു മർദ്ദനം.
അതേസമയം, സൗത്ത് യോർക്ക്ഷെയറിലെ റോതർഹാമിൽ അഭയാർഥികളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഹോട്ടലിൽ മുഖംമൂടി ധരിച്ച ഇമിഗ്രേഷൻ വിരുദ്ധ പ്രകടനക്കാർ നിരവധി ജനാലകൾ തകർത്തു. കൺസർവേറ്റീവുകൾക്കെതിരെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ലേബർ പാർട്ടി നേതാവ് സ്റ്റാർമർ തിരഞ്ഞെടുക്കപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
സംഭവത്തില്‍ ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി കെയർ സ്റ്റാർമർ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. 13 വർഷത്തിനിടയിലെ ഇംഗ്ലണ്ടിലെ ഏറ്റവും മോശമായ കലാപത്തിൽ പങ്കെടുത്തതിൽ ഖേദിക്കേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഞായറാഴ്ച തീവ്ര വലതുപക്ഷ പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകിയത്.
"ഈ ക്രമക്കേടിൽ പങ്കെടുത്തതിൽ നിങ്ങൾ ഖേദിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. നേരിട്ടോ അല്ലെങ്കിൽ ഓൺലൈനിലൂടെയോ ഈ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും" സ്റ്റാർമർ പറഞ്ഞു. കുറ്റവാളികളെ "നീതിക്ക്" മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
പ്രായപൂർത്തിയാകാത്തവരാണ് കലാപത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നത്. ഇതുകൊണ്ട് തന്നെ ശക്തമായ നടപടിയിലേക്ക് പോകുന്നത് പൊലീസിനും വെല്ലുവിളിയാകുന്നു. യുകെയില്‍ എത്തിയവര്‍ തദ്ദേശിയരെ പ്രകോപിപ്പിക്കും വിധം പെരുമാറുന്നത് പലരുടെയും പ്രതിഷേധങ്ങള്‍ക്കു കാരണമാകുന്നുവെന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്ന് വരുന്നുണ്ട്.
കലാപത്തിന്റെ സാഹചര്യത്തില്‍ പ്രക്ഷോഭ മേഖലയില്‍ താമസിക്കുന്ന മലയാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മലയാളി സംഘടനകള്‍ ഉള്‍പ്പടെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ മുന്നറിയിപ്പ് നല്‍കി. അനാവശ്യമായും ഒറ്റപ്പെട്ടും നഗരത്തില്‍ ചുറ്റി നടക്കരുത്, തദ്ദേശീയരെ പ്രകോപിപ്പിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications