യുഎഇയില്‍ മിന്നല്‍ സന്ദര്‍ശനത്തിന് നരേന്ദ്ര മോദി; ലക്ഷ്യം ഇതാണ്, ആദ്യം പാരിസിലേക്ക്
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ പര്യടനത്തിന്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരുമായും വന്‍കിട കമ്പനി മേധാവികളുമായും ചര്‍ച്ച നടത്തുന്നതിന് അദ്ദേഹം നാളെ ഫ്രാന്‍സിലേക്ക് പുറപ്പെടും. തിരിച്ചുവരുന്ന വേളയില്‍ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ഇറങ്ങും. സുപ്രധാന ചര്‍ച്ചയ്ക്കാണ് മോദി യുഎഇ സന്ദര്‍ശിക്കുന്നത് എന്നാണ് വിവരം.
പാരിസില്‍ നരേന്ദ്ര മോദി ചര്‍ച്ച നടത്തുന്ന കമ്പനി മേധാവികളുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും അദ്ദേഹം ചര്‍ച്ച നടത്തും. നരേന്ദ്ര മോദിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാഷ്ട്ര നേതാവാണ് മാക്രോണ്‍. ഏകദിന സന്ദര്‍ശനമാണ് ഫ്രാന്‍സിലേത്. തിരിച്ചുവരുമ്പോള്‍ യുഎഇയില്‍ ഇറങ്ങി പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തും.

കഴിഞ്ഞ മാസം യുഎസ് പര്യടനം നടത്തിയ വേളയിലും മോദി സമാനമായ രീതിയില്‍ ഹൃസ്വ സന്ദര്‍ശനം നടത്തിയിരുന്നു. അമേരിക്കന്‍ പര്യടനം കഴിഞ്ഞ മോദി പോയത് ഈജിപ്തിലേക്കായിരുന്നു. സഹകരണ ചര്‍ച്ചകള്‍ക്ക് ശേഷം വേഗത്തില്‍ മടങ്ങുകയും ചെയ്തു. ഇത്തവണ ഫ്രാന്‍സിലേക്ക് പോയി വരുമ്പോള്‍ യുഎഇയില്‍ അല്‍പ്പ നേരം മാത്രമാണ് മോദി തങ്ങുക.
പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി അടുത്ത സൗഹൃദം നിലനിര്‍ത്താന്‍ മോദി ശ്രമിക്കുന്നുണ്ട്. അതേസമയം, തന്നെ അമേരിക്ക, യൂറോപ്പ് രാജ്യങ്ങളുമായും അദ്ദേഹം തന്ത്രപരമായ സൗഹൃദം തുടരുന്നു. യുപിഎ കാലത്ത് നിന്ന് വ്യത്യസ്തമായി അമേരിക്കയുമായും റഷ്യയുമായും തുല്യ സൗഹൃദമാണ് ഇന്ത്യയ്ക്ക്. ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ക്ക് കൂടുതലും ആശ്രയിക്കുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും റഷ്യയെയുമാണ്.
കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ മുന്‍ നീതിന്യായ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഇസ്സ ഇന്ത്യയിലെത്തിയിരുന്നു. മുസ്ലിം വേള്‍ഡ് ലീഗിന്റെ സെക്രട്ടറി ജനറല്‍ കൂടിയായ അദ്ദേഹം മോദിയുമായി ചര്‍ച്ച നടത്തി. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് അല്‍ ഇസ്സ.
ഇന്ത്യ-ഫ്രാന്‍സ്-യുഎഇ എന്നീ രാജ്യങ്ങള്‍ ത്രികക്ഷി സഹകരണം പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ വച്ചാണ് ഇതിന്റെ പ്രഖ്യാപനം നടന്നത്. പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളില്‍ മൂന്ന് രാജ്യങ്ങളും സഹകരിക്കുകയാണ് പദ്ധതി. ഗള്‍ഫ് ഓഫ് ഒമാനില്‍ കഴിഞ്ഞ മാസം ഏഴിന് മൂന്ന് രാജ്യങ്ങളും പ്രത്യേക നാവിക പരിശീലനം നടത്തിയതും ഈ പദ്ധതിയുടെ ഭാഗമാണ്.
യുഎഇയുമായി അടുത്ത സൈനിക സഹകരണം തുടരുന്ന രാജ്യമാണ് ഫ്രാന്‍സ്. ഇന്ത്യയ്ക്കും യുഎഇയുമായുള്ള ബന്ധം വളരെ പ്രധാനമാണ്. യുഎഇയില്‍ മോദി എത്ര നേരമുണ്ടാകുമെന്ന് വ്യക്തമല്ല. ജൂലൈ 15ന് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. അമേരിക്ക. ഇന്ത്യ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ പശ്ചിമേഷ്യയില്‍ റെയില്‍വെ ശൃംഖല നിര്‍മിക്കാന്‍ ആലോചിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.












Click it and Unblock the Notifications