പലസ്തീനികളുടെ രക്ഷയ്ക്ക് ഇസ്ലാമിക രാഷ്ട്രങ്ങള്‍ വരുമോ: സൗദിയില്‍ അടിയന്തര യോഗം വിളിച്ചു
ഡൽഹി: ഇസ്രായേൽ-ഗാസ യുദ്ധം ചർച്ച ചെയ്യുന്നതിനായി ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (OIC) അടിയന്തര അസാധാരണ യോഗം വിളിച്ച് ചേർത്തു. ഗാസയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇസ്രായേൽ സൈനികനീക്കം സൃഷ്ടിക്കുന്ന ദുരിതം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിലാണ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്.
ഇസ്ലാമിക് ഉച്ചകോടിയുടെ നിലവിലെ സെഷന്റെ അധ്യക്ഷത വഹിക്കുന്ന സൗദി അറേബ്യ ബുധനാഴ്ച ജിദ്ദയിൽ നടക്കുന്ന യോഗത്തിലേക്ക് അംഗരാജ്യങ്ങളെ ക്ഷണിച്ച് കഴിഞ്ഞു. "സൗദി അറേബ്യയുടെ ക്ഷണപ്രകാരം... ഗാസയിലും പരിസരങ്ങളിലും വഷളായിക്കൊണ്ടിരിക്കുന്ന സൈനിക സാഹചര്യങ്ങളും അപകടകരമായ അവസ്ഥകളും പരിഹരിക്കുന്നതിനായി മന്ത്രിതലത്തിൽ ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അടിയന്തര ഓപ്പൺ-എൻഡഡ് അസാധാരണ യോഗം വിളിക്കുന്നു. സാധാരണക്കാരുടെ ജീവിതവും മേഖലയുടെ മൊത്തത്തിലുള്ള സുരക്ഷയും സ്ഥിരതയും ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം," ഒഐസി തങ്ങളുടെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.

നാല് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 57 രാജ്യങ്ങളുടെ അംഗത്വമുള്ള ഒഐസി യുഎൻ കഴിഞ്ഞാൽ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സംഘടനയാണ്. "മുസ്ലീം ലോകത്തിന്റെ കൂട്ടായ ശബ്ദം" എന്നാണ് സംഘടന സ്വയം വിശേഷിപ്പിക്കുന്നത്. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സാധ്യതയുള്ള ചർച്ചകൾ സൗദി അറേബ്യ താൽക്കാലികമായി നിർത്തിവച്ച ദിവസമാണ് ഒഐസിയുടെ അടിയന്തര യോഗം വിളിച്ച് ചേർത്തത് എന്നതാണ് ശ്രദ്ധേയം.
"സാധ്യമായ സാധാരണവൽക്കരണത്തെക്കുറിച്ചുള്ള ചർച്ച താൽക്കാലികമായി നിർത്താൻ സൗദി അറേബ്യ തീരുമാനിച്ചു. ഇക്കാര്യം യുഎസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്," ചർച്ചകളെ കുറിച്ച് പരിചയമുള്ള ഒരു സ്രോതസ്സ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് വ്യക്തമാക്കി. ബഹ്‌റൈനും യുണൈറ്റഡ് അറബ് എമിറേറ്റുകളും മൊറോക്കോയും ഇസ്രായേലുമായി ഔപചാരിക ബന്ധം സ്ഥാപിച്ച പശ്ചാത്തലത്തില്‍ സൗദിയും ഇസ്രായേലുമായുള്ള ബന്ധം ശക്തമാക്കിയേക്കുമെന്ന റിപ്പോർട്ടുകള്‍ക്കിടയിലുമാണ് ഹമാസ്- ഇസ്രായേല്‍ സംഘർഷം രൂക്ഷമാകുന്നത്.
അതേസമയം, ഗാസയില്‍ നിന്നും പലസ്തിനീകളെ നിർബന്ധിതമായി കുടിയിറക്കാനുള്ള ഇസ്രായേൽ ആഹ്വാനത്തെ തള്ളി കുവൈത്ത് രംഗത്ത് വന്നു. ഇത്തരം നടപടികൾ ഉപരോധത്തിലും ബോംബാക്രമണത്തിലും ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയുടെ പ്രയാസം വർധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി ശെയ്ഖ് സാലിം അൽ സബാഹ് പറഞ്ഞു. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കുവൈത്തിൽ എല്ലാ ആഘോഷ പരിപാടികളും അനിശ്ചിതകാലത്തേക്ക് നിർത്തി വെക്കാൻ മന്ത്രിമാരുടെ കൗൺസിലും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications