നാണക്കേടിന്റെ പ്രതിഫലമോ? സൈനിക മേധാവി അസിം മുനീറിന് ഫീൽഡ് മാർഷൽ പദവി നൽകി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക നീക്കങ്ങൾ പാക് മണ്ണിൽ കനത്ത നാശം വിതച്ചിട്ടും സൈനിക മേധാവി അസിം മുനീറിന് ഫീൽഡ് മാർഷൽ പദവി നൽകി ഉയർത്തി പാകിസ്ഥാൻ. സായുധ സേനയിലെ കരിയറിൽ മികച്ച പ്രവർത്തന റെക്കോർഡ് നേടിയതിന് അപൂർവ സന്ദർഭങ്ങളിൽ മാത്രം നൽകുന്ന ബഹുമതിയാണ് ഫീൽഡ് മാർഷൽ. ഇതാണ് അസിം മുനീറിന് ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
അപ്രതീക്ഷിതവും വിചിത്രവുമായ ഒരു തീരുമാനത്തിലാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ മന്ത്രിസഭ, സൈനിക മേധാവിയായ അസിം മുനീറിന് സ്ഥാനക്കയറ്റം നൽകാനുള്ള നിർദ്ദേശം അംഗീകരിച്ചത്. ജമ്മു കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തോടെ ആരംഭിച്ച ഇന്ത്യയ്‌ക്കെതിരായ നിരവധി സൈനിക നടപടികൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ജനറൽ അസിം മുനീറിന്റെ പ്രകോപനപരവും വിദ്വേഷം അടങ്ങിയതുമായ വർഗീയ പ്രസംഗമാണ് മതപരമായ പ്രകോപനപരമായ പഹൽഗാം ഭീകരാക്രമണത്തിന് കാരണമായതെന്ന് വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇസ്ലാമിനോടുള്ള കൂറ് അംഗീകരിക്കാത്തതിനാണ് ഇന്ത്യയിൽ 26 സാധാരണക്കാരെ, അതും ബൈസരൻ താഴ്വരയിലെ കാഴ്ച്ചകൾ കാണാനെത്തിയ വിനോദസഞ്ചാരികളെ, ഭീകരർ വെടിവച്ച് കൊന്നതെന്നാണ് കരുതപ്പെടുന്നത്.
പാകിസ്ഥാന്റെ ചരിത്രത്തിൽ ഈ അഭിമാനകരമായ സൈനിക പദവി നേടുന്ന രണ്ടാമത്തെ വ്യക്തി മാത്രമാണ് ജനറൽ അസിം മുനീർ. 2022 നവംബറിൽ പാകിസ്ഥാൻ ആർമിയുടെ തലവനായി ജനറൽ മുനീർ നിയമിതനായതിനുശേഷം അദ്ദേഹത്തിന്റെ വർധിച്ചുവരുന്ന സ്വാധീനമാണ് പുതിയ നീക്കം അടയാളപ്പെടുത്തുന്നത്.
ഈ സ്ഥാനക്കയറ്റം അസിം മുനീറിന്റെ അധികാരത്തോടുള്ള ആദരവ് മാത്രമല്ല, സൈനിക ശ്രേണിയുടെ ഉന്നതങ്ങളിൽ തന്ത്രപരമായി അദ്ദേഹത്തിന് സ്ഥാനം നൽകുന്നത് കൂടിയാണ്. മാത്രമല്ല പാകിസ്ഥാന്റെ പരമോന്നത സൈനിക ബഹുമതിയുമായി ബന്ധപ്പെട്ട പഞ്ചനക്ഷത്ര ചിഹ്നം ഇനി മുതൽ അസിം മുനീറും അഭിമാനത്തോടെ വഹിക്കും, അതും ഇന്ത്യയിൽ നിന്ന് അത്രയധികം തിരിച്ചടികൾ നേരിട്ടിട്ടും.
1947ൽ പാകിസ്ഥാൻ രൂപീകൃതമായതിനുശേഷം, രാജ്യം ഒരിക്കൽ മാത്രമേ ഫീൽഡ് മാർഷൽ എന്ന പഞ്ചനക്ഷത്ര പദവി നൽകിയിട്ടുള്ളൂ. 1965-ൽ പാകിസ്ഥാന്റെ ഏകാധിപതിയായിരുന്നതിനാൽ സ്വയം ഫീൽഡ് മാർഷൽ ആയി മാറിയ ജനറൽ അയൂബ് ഖാൻ മാത്രമാണ് ഈ പദവി നേരത്തെ വഹിച്ചിട്ടുള്ള വ്യക്തി. അതിലാണ് രണ്ടാമനായി അസിം മുനീറിന്റെ പേര് കൂടി എത്തുന്നത്.
ഫീൽഡ് മാർഷലിന്റെ ഏറ്റവും ഉയർന്ന റാങ്ക് ഒരു ആചാരപരമായ റാങ്ക് മാത്രമാണ്, അല്ലാതെ പ്രത്യേക പദവിയല്ല. അതിനാൽ തന്നെ സ്ഥാനക്കയറ്റത്തിന് ശേഷവും അസിം മുനീർ കരസേനാ മേധാവിയായി തന്നെ തുടരും. എങ്കിലും ഇതുമായി ബന്ധപ്പെട്ട വേറെ ചില നിർണായക ചോദ്യങ്ങളും ഉയരുന്നുണ്ട്. ഈ തിടുക്കപ്പെട്ടുള്ള സ്ഥാനക്കയറ്റം അസിം മുനീറിന് വിരമിക്കൽ പ്രായം ഇല്ലെന്ന് അർത്ഥമാക്കുന്ന ഒന്നാണോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.
നേരത്തെ മൂന്ന് വർഷം മുൻപ് സൈനിക മേധാവിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ കൃത്യം ഒരു വർഷത്തിനുശേഷം, പാർലമെന്ററി നിയമ ഭേദഗതിയിലൂടെ അസിം മുനീറിന്റെ കാലാവധി അഞ്ച് വർഷമായി ഉയർത്തിയിരുന്നു. പാകിസ്ഥാനിൽ സാധാരണ സൈനിക മേധാവിയുടെ കാലാവധി മൂന്ന് വർഷമായിരുന്നു.
നേരത്തെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ സംഘർഷ സാഹചര്യത്തിൽ പാകിസ്ഥാൻ നിരവധി വീഡിയോകളും അവകാശവാദങ്ങളും മുന്നിൽകാട്ടി വ്യാജ പ്രചാരണത്തിന്റെ കെട്ടഴിച്ചുവിട്ടിരുന്നു. ഇന്ത്യയ്ക്ക് കനത്ത നാശനഷ്‌ടം ഉണ്ടായെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ ഇവയെല്ലാം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. പക്ഷേ ഈ അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അസിം മുനീറിന് പുതിയ പദവി ലഭിക്കുന്നത്.












Click it and Unblock the Notifications