'ഇന്ത്യ ഏത് നിമിഷവും ആക്രമിക്കും; ഞങ്ങള്‍ തിരിച്ചടിക്കും': വാക്‌പോര് തുടര്‍ന്ന് പാക് പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഏറെ സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് നീങ്ങുന്നത്. അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുമ്പോള്‍ സംഘര്‍ഷം മൂര്‍ഛിക്കാതിരിക്കാനുള്ള ശ്രമങ്ങളിലാണ് ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും. ഇന്ത്യ നല്‍കിയ വിട്ടുവീഴ്ച്ചയില്ലാത്ത തിരിച്ചടികള്‍ക്കെതിരേ പാകിസ്ഥാന്‍ റഷ്യ അടക്കമുള്ള രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
അതേസമയം, ഭീകരവാദത്തിനെതിരേ പാകിസ്ഥാന്‍ സര്‍ക്കാര്‍ തുടരുന്ന മൗനത്തില്‍ ഇന്ത്യയില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പാക് സൈന്യവും ചാര സംഘടനയായ ഐഎസ്‌ഐയും ആക്രമണത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.

ഇപ്പോഴും പ്രകോപനപരമായ പ്രസ്താവനകളാണ് പാകിസ്ഥാന്‍ ഭരണകൂടം തുടരുന്നത്. സംഘര്‍ഷത്തിന് മൂര്‍ച്ച കൂട്ടുന്ന നിലപാടുകളാണ് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് കഴിഞ്ഞ ദിവസം പങ്കുവെച്ചത്. കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യ എപ്പോള്‍ വേണമെങ്കിലും ആക്രമണം ആരംഭിച്ചേക്കാമെന്ന് ഖ്വാജ മുഹമ്മദ് പറഞ്ഞു. അങ്ങനെയാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് അവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഇസ്ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്‍പില്ലാത്ത വിധം വഷളായത്. അതിനിടെയാണ് പാക് മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന. സമാനമായ പ്രതികരണം ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്ത തരാരും നടത്തിയിരുന്നു.
പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടതായും ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മേഖലയെ ആണവ യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന വിമര്‍ശനം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഉന്നയിച്ചു. ഖൈബര്‍ പഖ്തൂണ്‍ഖ്വയിലും ബലൂചിസ്ഥാനിലും നടന്ന ഭീകരാക്രമണങ്ങളില്‍ ഇന്ത്യ പങ്കാളിയാണെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു.
പാകിസ്ഥാനുമായുള്ള ബന്ധം കലുഷിതമാകുന്നതിനിടെ ഭീകരാക്രമണങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകള്‍ ഇന്ത്യ ആരംഭിച്ചുകഴിഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് ഉള്‍പ്പെടെ ആക്രമണങ്ങളെ നേരിടാനുള്ള പരിശീലനം നല്‍കാനുള്ള നീക്കത്തിലാണ് കേന്ദ്രം. ഇതിന്റെ ഭാഗമായി
സംസ്ഥാനങ്ങളോട് മോക്ഡ്രില്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കും ജനങ്ങള്‍ക്കും പരിശീലനം നല്‍കും.
ഏപ്രില്‍ 22-നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. 26 നിരപരാധികളുടെ ജീവനാണ് അന്നു നഷ്ടപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭീകരതയ്‌ക്കെതിരേ പാകിസ്ഥാന്‍ തുടരുന്ന മൗനത്തില്‍ ഇന്ത്യയിലും ലോക രാജ്യങ്ങളിലും വിമര്‍ശനം ശക്തമാണ്.












Click it and Unblock the Notifications