കോടീശ്വരന്റെ സ്വപ്‌നം സഫലമായി; മകന്റെ വിവാഹം നടത്തിയത് സിംഹത്തിന്റെ പുറത്തിരുത്തി
ഇസ്ലാമാബാദ്: മക്കളുടെ കല്യാണം നടത്താന്‍ കോടികള്‍ ചെലവഴിച്ച വാര്‍ത്തകള്‍ അടുത്തിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കര്‍ണാടകയിലെ വ്യവസായി ജനാര്‍ദ്ദന റെഡ്ഡി 500 കോടി രൂപ മുടക്കി മകളുടെ കല്യാണം നടത്തിയതും മലയാളിയായ ബാര്‍ ഉടമ ബിജു രമേശും അതേ രീതിയില്‍ കല്യാണ മാമാങ്കം നടത്തിയതും സാധാരണക്കാരെ അമ്പരപ്പിച്ചിരുന്നു.
സമാന രീതിയിലുള്ള ഒരു വാര്‍ത്ത വരുന്നത് പാക്കിസ്ഥാനില്‍ നിന്നുമാണ്. പാക്കിസ്ഥാനിലെ ഒരു ധനാഢ്യന്‍ മകന്റെ വിവാഹം നടത്തിയത് സിംഹത്തിന്റെ പുറത്തിരുത്തിയാണ്. സ്വര്‍ണത്തില്‍ മുങ്ങിയായിരുന്നു ഷെയ്ക്ക് മുഹമ്മദ് എന്നയാള്‍ തന്റെ കല്യാണത്തിനെത്തിയത്. തെരുവുകളില്‍ നൃത്തവും നോട്ടുകെട്ടുകള്‍ വലിച്ചെറിയുന്ന പരിപാടിയും നടന്നു.

വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയതാവട്ടെ 5 കോടി രൂപയാണ്. ഇത്രയും തുക നിറച്ച സ്യൂട്ട്‌കെയ്‌സുകളുടെ വീഡിയോയും പുറത്തുവിട്ടിരുന്നു. കൂടാതെ, വാഷിങ് മെഷീന്‍, ടേബിള്‍ ഫാന്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏതാണ്ട് എല്ലാ വീട്ടുപകരണങ്ങളും നല്‍കി. വധുവിന്റെ സഹോദരന്‍ ഒരു ഹോണ്ടാ കാറും മോട്ടോര്‍ സൈക്കിളുമാണ് നല്‍കിയത്.
ഇവയുടെയെല്ലാം വീഡിയോ പുറത്തുവന്നതോടെ പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡിയയില്‍ വലിയതോതിലുള്ള വിമര്‍ശനമാണ് നടക്കുന്നത്. സിംഹത്തെ പീഡിപ്പിക്കുകയാണെന്നും പണത്തിന്റെ വീഡിയോ പകര്‍ത്തിയത് ശരിയായില്ലെന്നും വിമര്‍ശകര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഇന്‍കംടാക്‌സ് അധികൃതര്‍ വരന് നോട്ടീസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications