കുറ്റവാളികളെ ബൈക്കില്‍ കയറി വെടിച്ചുകൊന്നിട്ടുണ്ടെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്
ദവായോയില്‍ രണ്ടു പതിറ്റാണ്ടോളം മേയറായിരുന്നു റോഡീഗ്രോ ഡ്യൂടേര്‍ട്. അക്കാലയളവില്‍ നഗരത്തിലെ കുറ്റവാളികളെ അടിച്ചൊതുക്കാനും കുറ്റകൃത്യങ്ങളുടെ എണ്ണം നിയന്ത്രിച്ചു നിര്‍ത്താനും മേയര്‍ ശ്രമിച്ചിരുന്നു.
മനില: കുറ്റവാളികള്‍ക്ക് മരണശിക്ഷ കൊടുക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഫിലീപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട് വിവാദ വെളിപ്പെടുത്തല്‍ നടത്തി വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നു. ദവായോയില്‍ മേയറായിരിക്കെ ബൈക്കില്‍ കറങ്ങി കുറ്റവാളികളെ താന്‍ സ്വമേധയാ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍. മയക്കുമരുന്നു മാഫിയയെ ഉന്‍മൂലനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദവായോയില്‍ രണ്ടു പതിറ്റാണ്ടോളം മേയറായിരുന്നു റോഡീഗ്രോ ഡ്യൂടേര്‍ട്. അക്കാലയളവില്‍ നഗരത്തിലെ കുറ്റവാളികളെ അടിച്ചൊതുക്കാനും കുറ്റകൃത്യങ്ങളുടെ എണ്ണം നിയന്ത്രിച്ചു നിര്‍ത്താനും മേയര്‍ ശ്രമിച്ചിരുന്നു. പ്രസിഡന്റ് ആയതിനുശേഷം മയക്കുമരുന്ന് കേസുകളില്‍ പിടികൂടുന്നവരെ യാതൊരു ദയയുമില്ലാതെ കൊലപ്പെടുത്തുന്നതില്‍ ഏറെ വിമര്‍ശനങ്ങളും ക്ഷണിച്ചുവരുത്തി.
2015 ജൂണ്‍ 30നാണ് റോഡീഗ്രോ ഡ്യൂടേര്‍ട് ഫിലിപ്പീന്‍സ് പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നത്. ഇതിനുശേഷം 4,927 പേര്‍ മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടതായാണ് കണക്ക്. ഇത്തരം നടപടികളെ ന്യായീകരിക്കുമ്പോഴാണ് താനും നേരിട്ട് ചില കുറ്റവാളികളെ കൊലപ്പെടുത്തിയതായി അദ്ദേഹം ഏറ്റുപറഞ്ഞത്.
കുറ്റവാളികളെ കൊന്നൊടുക്കുന്ന കാര്യത്തില്‍ ഹിറ്റ്‌ലറുമായി സ്വയം താരതമ്യം ചെയ്തും ഇദ്ദേഹം നേരത്തെ വിവാദനായകനായി. ഫിലിപ്പീന്‍സിലെ മനുഷ്യാവകാശലംഘനത്തെപ്പറ്റി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ പ്രസംഗം നടത്തിയതിനെ ഒബാമയെ ചീത്തവിളിച്ചും ഫിലിപ്പീന്‍സ് പ്രസിഡന്റ് വിവാദത്തിലായിരുന്നു.












Click it and Unblock the Notifications