ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; ഊഷ്മളമായ കൂടിക്കാഴ്ചയെന്ന് മോദി
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാന്‍ സിറ്റി വിട്ടു. കൂടിക്കാഴ്തയില്‍ മാര്‍പ്പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 20 മിനിറ്റ് നേരത്തെ കൂടിക്കാഴ്ച തീരുമാനിച്ചതെങ്കിലും ഒരു മണിക്കൂര്‍ നേരം സംസാരം നീണ്ടുനിന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വളരെ ഊഷ്മളമായ കൂടിക്കാഴ്ച നടത്തി. അദ്ദേഹവുമായി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇന്ത്യ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കാനും എനിക്ക് അവസരം ലഭിച്ചെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. കൊവിഡ്-19 പോലുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പ്രതിനിധി തല ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ ക്ഷണപ്രകാരം ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് റോമിലെത്തിയത്.

അതേസമയം, മാര്‍പ്പാപ്പയുമായി ചര്‍ച്ചകള്‍ക്ക് ഒരു നിശ്ചിത അജണ്ടയൊന്നും ഉണ്ടായിരുന്നില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. റോമിലെ സന്ദര്‍ശനത്തിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ക്ഷണപ്രകാരം സിഒപി 26 യോഗത്തിനായി പ്രധാനമന്ത്രി മോദി യുകെയിലെ ഗ്ലാസ്ഗോയിലേക്ക് പോകും. വെള്ളിയാഴ്ച ഇറ്റാലിയന്‍ തലസ്ഥാനത്ത് ഇന്ത്യന്‍ സമൂഹവും ഇന്ത്യയിലെ വിവിധ സംഘടനകളിലെ സുഹൃത്തുക്കളും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ആളുകളുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു. നേരത്തെ റോമിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പ്രധാനമന്ത്രി മോദി പുഷ്പാര്‍ച്ചന നടത്തിയിരുന്നു.












Click it and Unblock the Notifications