ഖത്തര്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചു; ഫുട്‌ബോള്‍ ആരാധകര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല
ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍, ആരാധകര്‍ക്ക് വേണ്ടി പുതിയ ഇളവ് പ്രഖ്യാപിച്ചു. കളി കാണാന്‍ ദോഹയിലെത്തുന്നവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല. വാക്‌സിന്‍ എടുക്കാത്തവര്‍ക്കും മല്‍സരങ്ങള്‍ കാണുന്നതിന് തടസമുണ്ടാകില്ല. നവംബര്‍ 20 മുതലാണ് ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ആറ് വയസിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന രേഖ ആവശ്യമാണ്. ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഈ രേഖ തയ്യാറാക്കണം.

29 ദിവസം നീളുന്ന മല്‍സരങ്ങള്‍ കാണുന്നതിന് വിപുലമായ സൗകര്യമാണ് ഖത്തര്‍ ഒരുക്കിയിട്ടുള്ളത്. കൊവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മല്‍സരങ്ങള്‍ കാണാന്‍ സാധിച്ചേക്കില്ല എന്ന അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം. വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ഖത്തറിലേക്ക് മല്‍സരങ്ങള്‍ കാണുന്നതിന് വരുന്നതില്‍ തടസമുണ്ടാകില്ല. കൊവിഡ് പൂര്‍ണമായി അകന്നുവെന്ന് തെളിയിക്കുന്നതാകും ലോകകപ്പ് മാമാങ്കമെന്ന് ഖത്തറും ഫിഫയും പറയുന്നു. അതേസമയം, രോഗ ഭീതി ഉടലെടുത്താല്‍ നിലവിലുള്ള ഇളവില്‍ മാറ്റം വരുത്തും.
ഖത്തറിലെ പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്ന ആരാധകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഖത്തറിലെത്തിയ ശേഷം ആര്‍ക്കെങ്കിലും രോഗം ബാധിച്ചുവെന്ന് കണ്ടെത്തിയാല്‍ ഐസൊലേറ്റ് ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗ വ്യാപനത്തിന് മല്‍സരം കാരണമായാല്‍ താരങ്ങള്‍, റഫറിമാര്‍, ഓഫീഷ്യല്‍സ് എന്നിവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്രും. മല്‍സരങ്ങള്‍ തടസമില്ലാതെ നടക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, ഖത്തര്‍ വിസിറ്റ് വിസ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ വിസിറ്റ് വിസ അനുവദിക്കില്ല. ഡിസംബര്‍ 23ന് ശേഷമേ ഇനി വിസിറ്റ് വിസ അനുവദിക്കൂ. സന്ദര്‍ശകര്‍ക്ക് ഇക്കാലയളവില്‍ ഖത്തറിലേക്ക് പ്രവേശിക്കണമെങ്കില്‍ ഹയ്യ കാര്‍ഡുണ്ടായിരിക്കണം. ഹയ്യ കാര്‍ഡിന്റെ കാലാവധി അടുത്ത വര്‍ഷം ജനുവരി 23 വരെയാകും.
വിസിറ്റ് വിസ നിര്‍ത്തിവയ്ക്കുമെങ്കിലും ചിലരുടെ കാര്യത്തില്‍ ഇളവുണ്ട്. ഖത്തര്‍ പൗരന്മാര്‍, ഖത്തരി ഐഡി കാര്‍ഡുള്ള ഖത്തറിലെ താമസക്കാര്‍, ജിസിസി പൗരന്‍മാര്‍, ജോലി വിസയും പേഴ്‌സണല്‍ റിക്രൂട്ട്‌മെന്റ് വിസയും കൈവശമുള്ളവര്‍, മാനുഷിക സഹായ ആവശ്യാര്‍ഥം ഖത്തറിലെത്തുന്നവര്‍ തുടങ്ങിയവര്‍ക്ക് തടസമുണ്ടാകില്ല. ഫുട്‌ബോള്‍ ആരാധകര്‍ക്ക് യാതൊരു വിവേചനവും ഖത്തറില്‍ നേരിടേണ്ടി വരില്ലെന്ന് അമീര്‍ ശൈഖ് തമീം ഉറപ്പ് നല്‍കി.












Click it and Unblock the Notifications