ഗസയിൽ വെടിനിർത്തലിന് തയ്യാർ; ഇസ്രായേലിന് മേൽ ട്രംപ് സമ്മർദ്ദം ചെലുത്തണമെന്ന് ഹമാസ്
ഗസയിൽ വെടിനിർത്തലിന് തയ്യാറെന്ന് ഹമാസ്. ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം ബാസെം നയിമിനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം വെടി നിർത്തലിനായി ഇസ്രായേലിന് മേൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
'വെടിനിർത്തലിന് ഹമാസ് തയ്യാറാണ്. അത്തരമൊരു നിർദ്ദേശം വെച്ചാൽ ഇസ്രായേൽ അത് ബഹുമാനിക്കണം. ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താൻ ഡൊണാൾഡ് ട്രംപ് ഇടപെടണം', ബാസെം നെയിം പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെ പലസ്തീൻ പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇസ്രായേൽ തയ്യാറാകണമെന്നും നെയിം പറഞ്ഞു. അധികാരത്തിലേറിയാൽ വെടിനിർത്തലിനായി ഇടപെടൽ നടത്തുമെന്ന് നേരത്തേ ട്രംപ് വ്യക്തമാക്കിയിരുന്നു.

'ഗസയിൽ വെടി നിർത്തലിനും ഇസ്രായേൽ സൈനിക പിൻമാറ്റവും സംബന്ധിച്ച എന്ത് തീരുമാനത്തിനും തയ്യാറാണെന്ന് നേരത്തേ തന്നെ മധ്യസ്ഥരെ ഹമാസ് അറിയിച്ചതാണ്. ഇവിടെ നിന്നും പലായനം ചെയ്തവരെ തിരികെ കൊണ്ടുവരാനും തടവുകാരെ കൈമാറ്റം ചെയ്യാനും ഗസയുടെ പുനഃനിർമ്മാണത്തിന് സഹായം ലഭ്യമാക്കുകയും ചെയ്യുന്ന ഏതൊരു നിർദ്ദേവും അംഗീകരിക്കാൻ തയ്യാറാണ്', അദ്ദേഹം പറഞ്ഞു.
ഒക്ടോബറിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട മധ്യസ്ഥത ചർച്ചകൾ വിജയം കണ്ടിരുന്നില്ല. ഹമാസിന്റെ ഭാവിയിലെ ഇടപെടൽ സംബന്ധിച്ചും ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ചുമെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരുതരത്തിലുള്ള വെടിനിർത്തൽ ചർച്ചകൾക്കും തയ്യാറല്ലെന്നതാണ് ഇസ്രായേൽ കൈക്കൊണ്ട നിലപാട്. അതേസമയം അടുത്തിടെ മധ്യസ്ഥ ചർച്ചകളിൽ നിന്നും പിൻമാറുമെന്ന് ഖത്തർ വ്യക്തമാക്കിയിരുന്നു. ഹമാസും ഇസ്രായേലും വെടിനിർത്തലിന് ആത്മാർത്ഥമായി ശ്രമിക്കുന്നില്ലെന്നായിരുന്നു ഖത്തർ പറഞ്ഞത്.ഇരുകക്ഷികളും ആത്മാർത്ഥമായി സന്നദ്ധ പ്രകടിപ്പിച്ചാൽ ചർച്ചകൾ പുനരാരംഭിക്കുമെന്നും ഖത്തർ വ്യക്തമാക്കിയിരുന്നു.
1195 പേർ മരിക്കാനിടയായ ഒക്ടോബർ 7 ലെ ആക്രമണത്തിന് പിന്നാലെയാണ് ഗസയിൽ ഹമാസിനെതിരെ ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്. ആക്രമണത്തിൽ ഇതുവരെ 43,764 പേരാണ് ഗസയിൽ കൊല്ലപ്പെട്ടത്. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയാണ് മരിച്ചത്. അതേസമയം ഇസ്രായേലിനെതിരായ ഒക്ടോബർ 7 ലെ ആക്രമണത്തിൽ ഇപ്പോഴും ഹമാസ് ഖേദിക്കുന്നില്ലെന്ന് ബേസം നെയിം പ്രതികരിച്ചു. പലസ്തീനിലെ ഇസ്രായേൽ കൂട്ടക്കൊലയിൽ പ്രതിരോധിക്കാനുള്ള അവകാളം തങ്ങൾക്കുണ്ട്. തങ്ങളുടെ അന്തസിന് വേണ്ടി പോരാടിയ സാധാരണ പലസ്തീൻ പൗരനാണ് താൻ എന്നും ബേസം പറഞ്ഞു.












Click it and Unblock the Notifications