എസ്സിഒ സമ്മേളനത്തില്‍ മോദിയും ഇമ്രാന്‍ ഖാനും തമ്മില്‍ സൗഹാര്‍ദ്ദ ചര്‍ച്ചകൾ നടന്നില്ലെന്ന്
ബിഷ്‌കേക്ക്: കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോണ്‍ബേ ജീന്‍ബേകോവ് നടത്തിയ അത്താഴവിരുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മില്‍ ഒരു തരത്തിലുള്ള സൗഹാര്‍ദ്ദ ചര്‍ച്ചകളും നടന്നില്ലെന്ന് റിപ്പോര്‍ട്ട്. ബിഷ്‌കേക്കില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്റെ ദ്വിദിന ഉച്ചകോടിയില്‍ മോദിയും ഇമ്രാനും പരസ്പരം അഭിസംബോധന ചെയ്യാന്‍ പോലും തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചര്‍ച്ചകള്‍ക്ക് മുന്‍പായി പാകിസ്താന്‍ തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ മോദി അറിയിച്ചു.
''പാകിസ്ഥാനില്‍ ഭീകരതയില്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്, എന്നാല്‍ ഈ ഘട്ടത്തില്‍ അത് സംഭവിക്കുന്നില്ലെന്ന് ഞങ്ങള്‍ മനസിലാക്കുന്നു, ഇസ്ലാമാബാദ് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ''. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനോട് ഇക്കാര്യം പറഞ്ഞതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. പാകിസ്താനുമായി എല്ലാതരത്തിലും സൗഹൃദം തുടരുന്ന രാജ്യമാണ് ചൈന.

പാകിസ്താനുമായി ഒരു തരത്തിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും താല്‍പര്യമില്ലെന്ന് മോദി ബിഷ്‌കേക്കിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ ഇന്ത്യ അറിയിച്ചിരുന്നു. ഇരു രാജ്യവും സംസാരിക്കുന്നതിന് മുന്‍പായി അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാകിസ്താന്‍ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യന്‍ നിലപാട്.
എസ്സിഒ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും ഇന്ത്യന്‍ കൗണ്‍സിലിലേക്ക് പ്രത്യേക കത്തുകള്‍ അയച്ചിരുന്നു. കാശ്മീര്‍ പ്രശ്‌നമടക്കമുള്ള വിഷയങ്ങൡ ചര്‍ച്ച നടത്താന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇമ്രാന്‍ ഖാന്‍ കത്തെഴുതി.
എന്നാല്‍ കിര്‍ഗിസ്ഥാനിലേക്ക് പോകാന്‍ മോദി പാകിസ്താന്റെ വ്യോമപാത നിരസിച്ചത് ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. ബാലക്കോട്ട് ആക്രമണത്തിന് ശേഷം അടച്ചിട്ട പാകിസ്താന്‍ വ്യോമപാത വഴി വിവിഐപി വിമാനങ്ങള്‍ക്ക് കടന്നു പോകാമെന്നായിരുന്നു പാക് നിലപാട്. എന്നാല്‍ മോദിയുടെ വിമാനം മറ്റൊരു വഴിക്കാണ് കിര്‍ഗിസ്ഥാനിലേക്ക് പോയത്.
ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14 ന് നടന്ന തീവ്രവാദി ആക്രമണത്തില്‍ 40 ഭടന്‍മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സ്വന്തം മണ്ണിലെ ഭീകരതയ്‌ക്കെതിരെ കടുത്ത നിലപാടെടുക്കാന്‍ പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടത്.
ചൈനയിലെ ക്വിങ്‌ഡോവിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന എസ്്.സി.ഒ ഉച്ചകോടിയില്‍ പാകിസ്താന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗഹാര്‍ദ്ദം കൈമാറിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും മെച്ചപ്പെടുത്തി.
ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്നത് വ്യാപാരത്തിനും സുരക്ഷയ്ക്കുമായി ചൈനയുടെ നേതൃത്വത്തില്‍ രൂപീകരിച്ച എട്ട് അംഗങ്ങളുള്ള ഗ്രൂപ്പാണ്.


Click it and Unblock the Notifications