35 ഡോളര്‍ വരെ വിലകുറച്ച് എണ്ണ തരാം; ഇന്ത്യയ്ക്ക് റഷ്യയുടെ ഓഫര്‍... താക്കീതുമായി അമേരിക്ക
മോസ്‌കോ/വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മുമ്പില്‍ വന്‍ ഓഫറുമായി റഷ്യ. വില കുറച്ച് എണ്ണ തരാമെന്നാണ് ഓഫര്‍. ബാരല്‍ എണ്ണയ്ക്ക് 35 ഡോളര്‍ വരെ കുറച്ച് തരാമെന്നാണ് വാഗ്ദാനം. സര്‍ക്കാര്‍ തലത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനെതിരായ ആക്രമണത്തിന് ശേഷം റഷ്യന്‍ എണ്ണക്കെതിരെ അമേരിക്ക ഉപരോധം ചുമത്തിയിരിക്കുകയാണ്. ഇതോടെ വലിയ പ്രതിസന്ധിയിലാണ് റഷ്യ. ഉപരോധം മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ് ആ രാജ്യം. ഈ വേളയില്‍ ഏഷ്യയിലെ പ്രധാന വിപണിയായ ഇന്ത്യയെ കൂടെ നിര്‍ത്തിയാല്‍ പ്രതിസന്ധി മറികടക്കാമെന്ന് റഷ്യ കരുതന്നു. ഈസാഹചര്യത്തിലാണ് എണ്ണവില കുറച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇന്ത്യയെ കൊണ്ട് കൂടുതല്‍ എണ്ണ വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഈ വര്‍ഷം 150 ലക്ഷം ബാരല്‍ എണ്ണ ഇന്ത്യയ്ക്ക് വില്‍ക്കാനാണ് റഷ്യ നീക്കം നടത്തുന്നത്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ന്യൂഡല്‍ഹിയിലെത്തിയിട്ടുണ്ട്. എണ്ണ ഇറക്കുമതി സംബന്ധിച്ച് അദ്ദേഹം ചര്‍ച്ച നടത്തുമെന്നാണ് വിവരം. അതേസമയം, ഇന്ത്യയ്ക്ക് താക്കീതുമായി അമേരിക്ക രംഗത്തുവന്നു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടു. അത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെയും അമേരിക്ക ഉപരോധം പ്രഖ്യാപിക്കുമോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
നേരത്തെ ഇറാന്റെ എണ്ണയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ച വേളയില്‍ അവ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇറാന്റെ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവച്ചത്. നിലവില്‍ വാങ്ങുന്ന അളവില്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുന്നതിനെ അമേരിക്ക എതിര്‍ക്കുന്നില്ല. എന്നാല്‍ കൂടുതല്‍ ഇറക്കരുതെന്നാണ് ഇന്ത്യയോട് ആവശ്യപ്പെടുന്നതത്രെ. റഷ്യയ്‌ക്കെതിരെ കടുത്ത നടപടികള്‍ തുടര്‍ന്നാല്‍ മാത്രമേ അവര്‍ യുദ്ധ രംഗത്ത് നിന്ന് പിന്മാറൂ എന്നും അതിന് എല്ലാ രാജ്യങ്ങളും സഹകരിക്കണം എന്നുമാണ് അമേരിക്കന്‍ വിദേശകാര്യ വക്താവ് പറയുന്നത്. നിലവില്‍ ഉപരോധം കാരണം ഡോളറില്‍ ഇടപാട് നടത്തുന്നതിന് റഷ്യയ്ക്ക് സാധ്യമല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുമായി രൂപയില്‍ ഇടപാട് നടത്താനാണ് നീക്കം.
അതേസമയം, റഷ്യയുടെ എണ്ണ വിപണിയില്‍ എത്തുന്നത് തടഞ്ഞതിന് പിന്നാലെ കൂടുതല്‍ എണ്ണ വില്‍ക്കാന്‍ അമേരിക്ക ശ്രമം തുടങ്ങി. ഓരോ ദിവസവും 10 ലക്ഷം ബാരല്‍ എണ്ണ അധികമായി വിപണിയിലെത്തിക്കാനാണ് അമേരിക്കന്‍ ഭരണകൂടം ആലോചിക്കുന്നത്. അമേരിക്കയുടെ സംരക്ഷിത എണ്ണയില്‍ നിന്നാണ് ഇവ വിപണിയിലേക്ക് ഒഴുക്കുക. വരുന്ന കുറച്ച് മാസങ്ങളില്‍ ഇത് തുടര്‍ന്നാല്‍ വില കുതിച്ചുയരുന്നത് പിടിച്ചുനിര്‍ത്താനാകുമെന്ന് അമേരിക്ക കരുതുന്നു. ഈ വാര്‍ത്ത വന്നതോടെ എണ്ണവിലയില്‍ നേരിയ കുറവ് പ്രകടമാണ്. അമേരിക്കന്‍ ബ്രെന്റ് ഓയില്‍, യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് എണ്ണ എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications