റഷ്യയ്‌ക്കെതിരെ ഗൂഗിളും; റഷ്യന്‍ മാധ്യമസ്ഥാപനങ്ങളുടെ പരസ്യവരുമാനത്തിന് വിലക്ക്
ന്യൂയോര്‍ക്ക്: റഷ്യയ്ക്ക് വിലക്കേര്‍പ്പെടുത്തി ഗൂഗിളും. റഷ്യയുടെ സര്‍ക്കാരിന് കീഴിലുള്ള മാധ്യമ സ്ഥാപനമായ ആര്‍ടി ന്യൂസിന്റേയും മറ്റ് ചാനലുകളെയും അവരുടെ വെബ്സൈറ്റുകളിലും ആപ്പുകളിലും യൂട്യൂബ് വീഡിയോകളിലും പരസ്യങ്ങള്‍ പ്ലേസ് ചെയ്യുന്നത് ഗൂഗിള്‍ വിലക്കി. റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്കൊന്നും പരസ്യവരുമാനം നല്‍കില്ല. പരസ്യ പ്ലെയ്സ്മെന്റ് പ്രധാനമായും നിയന്ത്രിക്കുന്നത് യൂട്യൂബ് ആണ്. യുക്രൈന്‍ അധിനിവേശത്തിന് ശേഷം ഫേസ്ബുക്കും സമാന നീക്കം നടത്തിയിരുന്നു.
സ്വന്തം വെബ്സൈറ്റുകളിലും ആപ്പുകളിലും വരുമാനം ഉണ്ടാക്കുന്നതിനായി തങ്ങളുടെ പരസ്യ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ നിന്ന് റഷ്യന്‍ സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന മീഡിയ ഔട്ട്ലെറ്റുകളെ വിലക്കുകയാണെന്നും ഗൂഗിള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തു. കൂടാതെ, റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഗൂഗിള്‍ ടൂള്‍സ് വഴി പരസ്യങ്ങള്‍ വാങ്ങാനോ സെര്‍ച്ചിംഗ്, ജിമെയില്‍ പോലുള്ള ഗൂഗിള്‍ സേവനങ്ങളില്‍ പരസ്യങ്ങള്‍ നല്‍കാനോ കഴിയില്ലെന്ന് വക്താവ് മൈക്കല്‍ അസിമാന്‍ പറഞ്ഞു. ഞങ്ങള്‍ പുതിയ സംഭവവികാസങ്ങള്‍ സജീവമായി നിരീക്ഷിക്കുകയാണ്, ആവശ്യമെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും,'' അസിമാന്‍ പറഞ്ഞു.

ബുധനാഴ്ച, യൂറോപ്യന്‍ യൂണിയന്‍ ആര്‍ടി ന്യൂസിന്റെ ചീഫ് എഡിറ്റര്‍ മാര്‍ഗരിറ്റ സിമോണിയനെപ്പോലുള്ള വ്യക്തികള്‍ക്ക് ഉപരോധം പ്രഖ്യാപിച്ചിരുന്നു. പ്രശ്നബാധിതമായ മാധ്യമങ്ങളില്‍ നിന്നുള്ള വീഡിയോകളുടെ ശുപാര്‍ശ (റെക്കമെന്റേഷന്‍) കുറവായിരിക്കുമെന്ന് യൂട്യൂബ് വക്താവ് ഫര്‍ഷാദ് ഷാദ്ലൂ പറഞ്ഞു. യുക്രേനിയന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയ്ക്ക് ശേഷം ആര്‍ടി ന്യൂസും മറ്റ് ചാനലുകളും ഇനി യുക്രെയ്‌നില്‍ ആക്‌സസ് ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ ചാനലുകളായ റഷ്യ 24, ടാസ്, ആര്‍ഐഎ നോവോസ്റ്റി എന്നിവയെ തടയാന്‍ യൂട്യൂബുമായി ബന്ധപ്പെട്ടുവെന്ന് ശനിയാഴ്ച, ഉക്രെയ്ന്‍ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രി മൈഖൈലോ ഫെഡോറോവ് ട്വിറ്ററില്‍ പറഞ്ഞിരുന്നു.

2018 ഡിസംബര്‍ വരെയുള്ള 26 യൂട്യൂബ് ചാനലുകളിലുടനീളമുള്ള പരസ്യങ്ങളില്‍ നിന്ന് രണ്ട് വര്‍ഷത്തിനിടെ റഷ്യക്ക് 7 മില്യണ്‍ മുതല്‍ 32 മില്യണ്‍ ഡോളര്‍ വരെ ലഭിച്ചതായി ഡിജിറ്റല്‍ ഗവേഷകനായ ഒമേലസ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. പരസ്യവരുമാനം പങ്കിടുമ്പോള്‍ അതിന്റെ നിയമങ്ങള്‍ അനുസരിക്കുന്ന സര്‍ക്കാര്‍ ഫണ്ടഡ് മീഡിയ ചാനലുകളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി പരിഗണിച്ചിട്ടില്ലെന്ന് യൂട്യൂബ് മുമ്പ് പറഞ്ഞിരുന്നു. വെള്ളിയാഴ്ചയാണ് ഫേസ്ബുക്ക് റഷ്യന്‍ സ്റ്റേറ്റ് മീഡിയയെ അതിന്റെ സേവനങ്ങളില്‍ പരസ്യങ്ങള്‍ കാണിക്കുന്നതിനോ പരസ്യങ്ങളില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നതിനോ വിലക്കിയത്.
Recommended Video


2019ല്‍ സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളില്‍ നിന്നുള്ള പരസ്യം നിരോധിച്ച ട്വിറ്ററും നടപടി സ്വീകരിച്ചു. വെള്ളിയാഴ്ച യുക്രൈനിലെയും റഷ്യയിലെയും എല്ലാ പരസ്യങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് ട്വിറ്റര്‍ അറിയിച്ചു. റഷ്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിലക്കാന്‍ ആപ്പിള്‍ മേധാവി ടിം കുക്കിനോട് യുക്രൈന്‍ ഉപ പ്രധാനമന്ത്രി മിഖാലിയോ ഫെഡൊറോവ് ആവശ്യപ്പെട്ടു. റഷ്യന്‍ ഫെഡറേഷന് സേവനങ്ങളും ഉല്‍പന്നങ്ങളും നല്‍കുന്നത് ആപ്പിള്‍ അവസാനിപ്പിക്കണമെന്നും അത്തരം നടപടികള്‍ സൈനിക ആക്രമണം അവസാനിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ റഷ്യന്‍ യുവാക്കള്‍ക്കും ജനങ്ങള്‍ക്കും പ്രചോദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യു എസ്, ബ്രിട്ടന്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ റഷ്യന്‍ പ്രസിഡന്റ് പുടിനും വിദേശകാര്യമന്ത്രി സെര്‍ഗേ ലാവ്റോവിനും ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ്. റഷ്യന്‍ ആസ്തികള്‍ മരവിപ്പിക്കാനും യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്. യുക്രൈന് മേല്‍ റഷ്യ ആക്രമണം ആരംഭിച്ചതോടെ അമേരിക്ക നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച തുടങ്ങിയ യുദ്ധം നാലാം ദിനമായ ഇന്നും തുടരുകയാണ്. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ റഷ്യയും വിട്ടുകൊടുക്കാതിരിക്കാന്‍ യുക്രൈനും ശക്തമായ പോരാട്ടമാണ് നടത്തുന്നത്.












Click it and Unblock the Notifications