നരേന്ദ്ര മോദിയുടെ സഹായം തേടി യുക്രൈന്‍; സമ്പൂര്‍ണ അധിനിവേശവുമായി റഷ്യ
ന്യൂഡല്‍ഹി/മോസ്‌കോ: റഷ്യ ആക്രമണം ശക്തമാക്കിയ പിന്നാലെ ഇന്ത്യയുടെ സഹായം തേടി യുക്രൈന്‍. നരേന്ദ്ര മോദി വിഷയത്തില്‍ ഇടപെണമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍ ഇഗോര്‍ പൊലിഖ ആവശ്യപ്പെട്ടു. റഷ്യയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനോടും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായും മോദി ചര്‍ച്ച നടത്തണമെന്നും അംബാസര്‍ അഭ്യര്‍ഥിച്ചു. കരമാര്‍ഗവും വ്യോമമാര്‍ഗവും റഷ്യന്‍ സൈന്യം ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിലാണ് യുക്രൈന്‍ ഇന്ത്യയുടെ സഹായം തേടിയത്. റഷ്യയുടെ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു എന്നാണ് യുക്രൈന്‍ സൈന്യം അറിയിച്ചത്.

അതേസമയം, ആക്രമണം ശക്തമാകുന്ന സാഹചര്യത്തില്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് ജനങ്ങള്‍ പലായനം ചെയ്യുകയാണ്. നേരത്തെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ രാജ്യം വിടാന്‍ കീവിലെത്തിയിരുന്നു. യുദ്ധം തുടങ്ങിയതോടെ വ്യോമ പാത യുക്രൈന്‍ അടച്ചു. താമസസ്ഥലത്തേക്ക് തിരിച്ചുപോകാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി. പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ എല്ലാ രാജ്യങ്ങളും തേടുകയാണ്.
Mariupol Radar base #Ukrine#RussiaUkraineConflict pic.twitter.com/Mzg4zExPXV
— Aviator (@ProudISI) February 24, 2022
അതിനിടെ യുക്രൈന്‍ കൂടുതല്‍ പ്രതിസന്ധിയിലാകുകയാണ്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാനുള്ള പരിധി നിശ്ചയിച്ചു. പ്രതിദിനം ഒരു ലക്ഷം ഉക്രൈന്‍ കറന്‍സിയാണ് ഇനി മുതല്‍ പിന്‍വലിക്കാന്‍ സാധിക്കുക. യുദ്ധം രൂക്ഷമായാല്‍ ഈ പരിധി ഇനിയും കുറയ്ക്കും. റഷ്യക്കെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, മോസ്‌കോ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. യുദ്ധത്തിനെതിരെ തെരുവിലിറങ്ങാന്‍ റഷ്യയിലെ പ്രതിപക്ഷ സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് യുക്രൈനെതിരെ റഷ്യന്‍ പ്രസിഡന്റ് യുദ്ധം പ്രഖ്യാപിച്ചത്. ഞങ്ങള്‍ വിജയിക്കുമെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റിന്റെ പ്രതികരണം. യുക്രൈനെതിരായ ആക്രമണം അനീതിയാണ് എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. റഷ്യയക്ക് ഉചിതമായ മറുപടി ലോകം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യുക്രൈന്‍ സൈന്യത്തിന് ആയുധം വില്‍ക്കുന്നത് തുടരാനാണ് അമേരിക്കയുടെ തീരുമാനം. ആക്രമണത്തില്‍ നിന്ന് റഷ്യ പിന്‍മാറണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
അതേസമയം, റഷ്യന്‍ സൈന്യം യുക്രൈന്റെ കിഴക്കന്‍ അതിര്‍ത്തിയിലെ രണ്ടു ഗ്രാമങ്ങള്‍ പിടിച്ചടക്കി. തലസ്ഥാനമായ കീവ് ഉള്‍പ്പെടെ യുക്രൈനിലെ നിരവധി പ്രദേശങ്ങളില്‍ ബോംബുകള്‍ പതിക്കുകയാണ്. യുക്രൈനിലെ വിമാനത്താവളവും വ്യോമസേനാ താവളവും റഷ്യന്‍ സേന ആക്രമിച്ചു. ഏഴ് പേര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രൈന്‍ അറിയിച്ചു. അതിനിടെ, കിഴക്കന്‍ യുക്രൈനിലെ ലുഹാന്‍സ്‌ക് വിമതര്‍ യുക്രൈന്‍ സൈനികര്‍ക്കെതിരെ നീക്കം തുടങ്ങി. മേഖലയില്‍ നിന്ന് യുക്രൈന്‍ സൈന്യത്തെ പുറത്താക്കുകയാണ് ഇവരുടെ ലക്ഷ്യം. വിമതര്‍ക്ക് റഷ്യ എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്.












Click it and Unblock the Notifications