ഞാന്‍ പ്രസിഡന്റായിരുന്നപ്പോള്‍ റഷ്യ കുഴപ്പമൊന്നും ഉണ്ടാക്കിയില്ലായിരുന്നു; ബൈഡനെതിരെ ട്രംപ്
വാഷിംഗ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് ദുര്‍ബലനാകുമ്പോള്‍ ലോകത്ത് യുദ്ധമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. താന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ റഷ്യ മറ്റൊരു രാജ്യത്തേയും ആക്രമിച്ചിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 2024-ല്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് സൂചന നല്‍കി ഫ്‌ളോറിഡയില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
റഷ്യ മറ്റൊരു രാജ്യത്തെ ആക്രമിക്കാതിരുന്ന 21-ാം നൂറ്റാണ്ടിലെ ഏക അമേരിക്കന്‍ പ്രസിഡന്റായി താന്‍ നിലകൊള്ളുന്നുവെന്ന് ട്രംപ് പറഞ്ഞു. ബുഷിന്റെ കീഴില്‍ റഷ്യ ജോര്‍ജിയയെ ആക്രമിച്ചു. ഒബാമയുടെ കീഴില്‍ റഷ്യ ക്രിമിയ പിടിച്ചെടുത്തു. ബൈഡന്റെ കീഴില്‍ റഷ്യ യുക്രൈനെ ആക്രമിച്ചു,' ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം ദയനീയമായ പിന്‍വാങ്ങല്‍ നടത്തിയതിന് ശേഷമാണ് പുടിന്‍ യുക്രൈനിനെ നിഷ്‌കരുണം ആക്രമിക്കാന്‍ തീരുമാനിച്ചതെന്ന് എന്നതില്‍ തനിക്ക് സംശയമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പുടിനെ പുകഴ്ത്തിയ ട്രംപ് അദ്ദേഹത്തെ 'ജീനിയസ്', എന്ന് വിശേഷിപ്പിച്ചിരുന്നു. യുക്രേനിയക്കാരോട് തനിക്ക് സഹതാപമുണ്ടെന്നും ട്രംപ് പറഞ്ഞു, കൂടാതെ യക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെയും പ്രശംസിച്ചു. നിങ്ങള്‍ എല്ലാവരും മനസ്സിലാക്കുന്നത് പോലെ, ഞങ്ങളുടെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നില്ലെങ്കില്‍, ഞാന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഈ ഭയാനകമായ ദുരന്തം ഒരിക്കലും സംഭവിക്കില്ലായിരുന്നു,' അദ്ദേഹം പറഞ്ഞു. നമ്മുടെ നേതാക്കള്‍ ഊമകളാണ് എന്നതാണ് യഥാര്‍ത്ഥ പ്രശ്നം. അമേരിക്കയ്ക്ക് ശക്തനായ ഒരു പ്രസിഡന്റ് ഉള്ളപ്പോള്‍ ലോകം എല്ലായ്‌പ്പോഴും സുരക്ഷിതമാണ്. ഒരു ദുര്‍ബ്ബല അമേരിക്കന്‍ പ്രസിഡന്റിനൊപ്പം ലോകം എപ്പോഴും അപകടത്തിലാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പുടിനെ പുകഴ്ത്തി സംസാരിച്ച് ഒരു ദിവസത്തിന് ശേഷം ട്രംപ് നിലപാട് മാറ്റി. റഷ്യയുടെ യുക്രൈനിലെ അധിനിവേശത്തെ ഭയങ്കരം എന്ന് പറഞ്ഞ അപലപിച്ച ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ നിലകൊള്ളാത്തതിന് ബൈഡന്‍ ഭരണകൂടത്തെ വിമര്‍ശിക്കുകയും ചെയ്തു. യുക്രൈനിനെതിരായ റഷ്യന്‍ ആക്രമണം ഭയാനകമാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ക്രൂരതയാണ്. യുക്രൈനിലെ അഭിമാനമുള്ള ജനങ്ങള്‍ക്കായി തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. പുടിന്‍ ബൈഡനെ ചെണ്ടയാക്കിയെന്നും ട്രംപ് പറഞ്ഞു. വ്യാഴാഴ്ചയാണ് യുക്രൈനിനെതിരെ റഷ്യ ആക്രമണം ആരംഭിച്ചത്. 64 സാധാരണക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്. 240 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Recommended Video


പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ അറിയിച്ചു. യുദ്ധത്തിന്റെ നാലാം ദിനമായ ഇന്ന് കീവിലും കാര്‍കീവിലും പുലര്‍ച്ചയോടെ പോരാട്ടം ശക്തമായി. അതിനിടെ പാശ്ചാത്യ സഖ്യകക്ഷികള്‍ റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു. സ്വിഫ്റ്റ് ഇന്റര്‍ബാങ്ക് പേയ്‌മെന്റ് സിസ്റ്റത്തില്‍ നിന്ന് നിരവധി റഷ്യന്‍ ബാങ്കുകളെ വെട്ടിക്കുറച്ചിട്ടുണ്ട്. യുക്രൈന് എല്ലാ വിധ സൈനിക സഹായവും നല്‍കാന്‍ ജര്‍മനി തീരുമാനിച്ചു. നേരിട്ട് യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്തിക്കുമെന്നാണ് ജര്‍മനി പ്രഖ്യാപിച്ചത്.

അതിനിടെ, യുക്രൈനില്‍ ആക്രമണം കടുപ്പിക്കുകയാണ് റഷ്യ. തലസ്ഥാനമായ കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് ചെചന്‍ സൈന്യവും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രൈനിലെ വസില്‍കീവില്‍ ഇന്ധന സംഭരണശാലയ്ക്ക് തീപിടിച്ചതായി റിപ്പോര്‍ട്ടുണ്ട്. വിഷപ്പുക വ്യാപിക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കീവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. യുക്രൈനും ചെറുത്തുനില്‍പ് ശക്തമാക്കിയിട്ടുണ്ട്. ഒഡേസയില്‍ വ്യോമകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications