പുടിൻ മാറിപ്പോയി, അധിനിവേശം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല : ഡൊണാൾഡ് ട്രംപ്
വാഷിങ്‌ടൺ: റഷ്യൻ പ്രസിഡന്‍റ് പുടിൻ മാറിപ്പോയെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യുക്രൈൻ അതിർത്തികളിലേക്ക് സൈനിക നീക്കം നടത്തിയപ്പോൾ റഷ്യ അധിനിവേശം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലയെന്നും പുടിൻ മാറിപ്പോയെന്നും ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഞാൻ അത്ഭുതപ്പെട്ടു പോയെന്നും അദ്ദേഹം പറഞ്ഞു. പുടിൻ നല്ല ഓഫറിനായാണ് കാത്തിരിക്കുന്നതായാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നീക്കം വളരെ വിഷമം ഉണ്ടാക്കുന്ന ഒന്നാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്‍റ് പദവിയിലിരിക്കെ ട്രംപ് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായുണ്ടായ ബന്ധത്തെ തുടർന്ന് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. നിലവിലെ യുഎസ് പ്രസിഡന്‍റ് യുക്രൈനിനെ ആക്രമിക്കുന്ന റഷ്യയുടെ നടപടിക്കെതിരെ കടുത്ത രീതിയിലാണ് പ്രതികരിക്കുന്നത്. യുഎസ് പ്രസിഡന്‍റായി താൻ തുടരുന്ന സാഹചര്യം ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും റഷ്യ യുക്രൈനിൽ അധിനിവേശം നടത്തില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം 21-ാം ദിവസവും തുടരുകയാണ്. റഷ്യയുടെ ആക്രമണത്തിൽ ദിവസങ്ങൾക്കുള്ളിൽ കീവ് കീഴടങ്ങുമെന്ന് പ്രവചിച്ചവരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് 21-ാം ദിവസവും കീവ് പോരാടുന്നത്. യുദ്ധത്തില്‍ ഇതുവരെ 12,000 റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായും യുക്രൈന്‍ അവകാശപ്പെടുന്നു. റഷ്യയുടെ 57 വിമാനങ്ങളും 353 ടാങ്കുകളും 83 ഹെലിക്കോപ്റ്ററുകളും നശിപ്പിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടു. അതേ സമയം റഷ്യക്ക് 14 ദിവസത്തേക്കുള്ള വെടിക്കോപ്പുകള്‍ മാത്രമേ ശേഷിക്കുന്നുള്ളുവെന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയുടെ കണക്ക്. അതിനാല്‍ യുദ്ധം ഇനി ഏറെ നാള്‍ നീളില്ലെന്നും കീവ് പിടിച്ചെടുക്കല്‍ റഷ്യക്ക് എളുപ്പമാവില്ലെന്നും ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ ഉന്നത റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനെ കൂടി വധിച്ചെന്ന അവകാശവാദവുമായി യുക്രൈന്‍ രംഗത്തെത്തി. റഷ്യയുടെ 150 മോട്ടോറൈസ്ഡ് റൈഫിള്‍ ഡിവിഷന്‍ മേജര്‍ ജനറലായ ഒളേഗ് മിത്യയീവിനെ വധിച്ചതായാണ് യുക്രൈന്റെ അവകാശവാദം. ഇക്കാര്യം വിവിധ യുക്രൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന നാലാമത്തെ ഉന്നത റഷ്യന്‍ സൈനികനാണ് ഒളേഗ്. നേരത്തെ റഷ്യന്‍ സൈന്യത്തിന്റെ രണ്ട് മേജര്‍ ജനറല്‍മാരും ഹെഡ്‌കോട്ടേഴ്‌സ് ഡെപ്യൂട്ടി ചീഫായ ജനറലിനെയും കൊലപ്പെടുത്തിയതായി യുക്രൈന്‍ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications