'പുടിൻ കശാപ്പുകാരൻ '; രൂക്ഷവിമർശനവുമായി ബൈഡൻ
വാഴ്‌സോ: റഷ്യൻ പ്രഡിഡന്‍റ് പുടിൻ കശാപ്പുകാരനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈൻ അധിനിവേശം റഷ്യയുടെ നയതന്ത്ര പരാജയമാണെന്നും സാധാരണക്കാരായ റഷ്യൻ പൗരന്മാർ നമ്മുടെ ശത്രുക്കളല്ലെന്നും ജോ ബൈഡൻ വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുടെ അതിർത്തിയിലേക്ക് ഒരടി പോലും നീങ്ങരുതെന്നും ജോ ബൈഡൻ റഷ്യക്ക് മുന്നറിയിപ്പ് നൽകി.
പോളണ്ടിലെ യുക്രൈൻ മന്ത്രിമാരും ജോ ബൈഡനും തമ്മിൽ കൂട്ടിക്കാഴ്‌ച നടത്തിയിരുന്നു. ഈ വേളയിലായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ, പ്രതിരോധ മന്ത്രി ഒലേക്‌സി റെസ്‌നിക്കോവ്, യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവർ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.

21-ാം നൂറ്റാണ്ടിന്റെ ചരിത്രത്തെ മാറ്റിമറിക്കുന്ന കാര്യങ്ങളാണ് യുക്രൈനിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഇത് ചരിത്രത്തെ പൂർണമായും മാറ്റിമറിക്കുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ആ മാറ്റം യുക്രൈനും ലോക ജനാധിപത്യത്തിനും അനുകൂലമാകാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ബൈഡൻ പറഞ്ഞതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. പോളണ്ട് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് ബൈഡന്‍ യുക്രൈൻ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയത്. പോളണ്ടിലുള്ള യുക്രൈന്‍ അഭയാര്‍ഥികളെ വാഴ്‌സോയില്‍ ബൈഡന്‍ സന്ദര്‍ശിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അധികാരത്തില്‍ തുടരാനാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടിരുന്നു. പോളണ്ടില്‍ വച്ച് പ്രസംഗിക്കവെയായിരുന്നു ബൈഡന്‍ ഇത്തരത്തിൽ പ്രതികരിച്ചത് . യുക്രൈനില്‍ റഷ്യക്ക് വിജയം നേടാന്‍ സാധിക്കില്ലെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ബൈഡന്റെ പ്രസ്‌താവനക്ക് വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. റഷ്യയിലെ ഭരണമാറ്റത്തെ പിന്തുണയ്ക്കുകയല്ല, മറിച്ച് യുക്രൈനെതിരായ റഷ്യയുടെ ആക്രമണത്തിനെതിരെ ലോക ജനാധിപത്യ രാജ്യങ്ങളെ തയാറാക്കുക എന്നതാണ് ബൈഡന്‍ ഉദ്ദേശിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുക്രൈനിൽ റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ബൈഡന്റെ ആദ്യ ചർച്ചയായിരുന്നു ഇത്.

യുഎൻ കണക്കുകൾ പ്രകാരം 3.7 മില്യൺ ആളുകളാണ് ഇതിനകം യുക്രൈനിൽ നിന്ന് പലായനം ചെയ്‌തത്. ഇതിൽ 90 ശതമാനം പേരും സ്‌ത്രീകളും കുട്ടികളും ആണെന്നുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേ സമയം യുക്രൈന് കൂടുതൽ ആയുധങ്ങൾ ആവശ്യമാണെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലൻസ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications