സൗദി അറേബ്യ വരട്ടെ... കൂടെ ഈജിപ്തും; ചൈനയുടെ നീക്കത്തിന് തടയിട്ട് ഇന്ത്യ
ജൊഹാന്നസ്‌ബെര്‍ഗ്: ബ്രിക്‌സ് ഉച്ചകോടി സമാപിക്കാനിരിക്കെ സുപ്രധാന ചര്‍ച്ചകളുടെ വിവരങ്ങള്‍ പുറത്ത്. സംഘടന വിപുലീകരിക്കാനുള്ള ചൈനയുടെ നീക്കത്തില്‍ ഇന്ത്യയ്ക്ക് ആശങ്ക. പാകിസ്താനെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ചൈനയുടെ ആവശ്യം. കൂടാതെ മറ്റു രാജ്യങ്ങളെയും ഉള്‍ക്കൊള്ളിച്ച് വലിയ ശക്തിയാക്കി ബ്രിക്‌സിനെ മാറ്റണമെന്ന് ചൈന ആവശ്യപ്പെടുന്നു. എന്നാല്‍ ചൈനയുടെ നീക്കത്തില്‍ ചില സംശയങ്ങള്‍ ബാക്കിയാണ്.
സൗദി അറേബ്യയെ ബ്രിക്‌സ് കൂട്ടായ്മയുടെ ഭാഗമാക്കാന്‍ എല്ലാ രാജ്യങ്ങളും സമ്മതം മൂളി എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. സൗദിക്ക് പുറമെ ഈജിപ്തിനും അംഗത്വം നല്‍കിയേക്കും. അതേസമയം, 40ലധികം രാജ്യങ്ങള്‍ ബ്രിക്‌സില്‍ അംഗമാകാന്‍ കൊതിക്കുന്നുണ്ട്. 22 രാജ്യങ്ങള്‍ ഔദ്യോഗികമായി അംഗത്വത്തിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടി അവസാനിക്കാനിരിക്കെ പുതിയ അംഗങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ് വാര്‍ത്തകളില്‍ നിറയുന്നത്. നിലവില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്. സംഘടന വിപുലീകരിക്കണമെന്ന് ചൈന ആവശ്യപ്പെടുന്നു. ദക്ഷിണാഫ്രിക്ക പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ഏതാനും രാജ്യങ്ങളെ അംഗങ്ങളാക്കുന്നതില്‍ ഇന്ത്യയ്ക്ക് എതിര്‍പ്പില്ല. ഒരുപാട് രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നതിനോട് ഇന്ത്യ യോജിക്കുന്നില്ലെന്നാണ് വിവരം. നാല് രാജ്യങ്ങള്‍ ചേര്‍ന്നാണ് ബ്രിക്‌സ് രൂപീകരിച്ചത്. 2010ലാണ് ദക്ഷിണാഫ്രിക്കയെ കൂടി ഉള്‍പ്പെടുത്തി. അങ്ങനെയാണ് ബ്രിക് എന്ന കൂട്ടായ്മ ബ്രിക്‌സ് എന്ന പേര് സ്വീകരിച്ചത്.
2010ന് ശേഷമുള്ള ആദ്യ വിപുലീകരണ ചര്‍ച്ചയാണ് ദക്ഷിണാഫ്രിക്കയിലെ സമ്മേളനത്തില്‍ നടക്കുന്നത്. പാകിസ്താനെ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ചൈന മുന്നോട്ട് വച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യ ഇതിനോട് യോജിച്ചില്ലെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. യൂറോപ്പിന്റെ മേല്‍ക്കോയ്മ തടയാന്‍ സംഘടന വിപുലീകരിക്കണം എന്നാണ് ചൈനയുടെ നിലപാട്.
എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ ബ്രിക്‌സില്‍ അംഗങ്ങളായാല്‍ ചൈനയ്ക്ക് മേധാവിത്വം ലഭിക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. യൂറോപ്പിനെയും അമേരിക്കയെയും പിണക്കേണ്ടി വരുമോ എന്ന ആശങ്ക ബ്രസീലിനുമുണ്ട്. റഷ്യയും ചൈനയും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. ദക്ഷിണാഫ്രിക്ക ഇവരെ എതിര്‍ക്കുന്നുമില്ല. അംഗരാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു.
ജനസംഖ്യയിലും സാമ്പത്തിക ശക്തിയിലും ലോകത്തെ പ്രബലരായ രാജ്യങ്ങള്‍ ബ്രിക്‌സിലുണ്ട്. ലോക ജനസംഖ്യയുടെ പകുതിയോളം ബ്രിക്‌സ് രാജ്യങ്ങളിലാണ്. 2040 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായി ബ്രിക്‌സ് മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കൂട്ടായ്മ അമേരിക്കയും യൂറോപ്പും ആശങ്കയോടെയാണ് കാണുന്നത്. ബ്രിക്‌സിലെ എല്ലാ രാജ്യങ്ങളും ജി-20 കൂട്ടായ്മയില്‍ അംഗമാണ്. അടുത്ത മാസം ഡല്‍ഹിയിലാണ് ജി-20 സമ്മേളനം.












Click it and Unblock the Notifications