സൗദിയുടെ സുപ്രധാന തീരുമാനം; ചൈനീസ് ബ്ലോക്കില്‍ ചേരാന്‍ അനുമതി, ഞെട്ടലോടെ അമേരിക്ക

റിയാദ്: സൗദി അറേബ്യ അമേരിക്കയെ പൂര്‍ണമായും കൈവിടുകയാണോ? അമേരിക്ക ശത്രു പക്ഷത്ത് നിര്‍ത്തിയിരിക്കുന്ന ചൈനയുടെയും റഷ്യയുടെയും കൂടാരത്തിലേക്ക് ചേക്കേറുന്ന സൗദിയുടെ നീക്കം അമേരിക്കയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നതാണ്. ചൈന ഉള്‍പ്പെടുന്ന ബ്ലോക്കില്‍ ചേരാന്‍ സൗദി മന്ത്രിസഭ അനുമതി നല്‍കിയിരിക്കുകയാണിപ്പോള്‍. ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷനില്‍ (എസ്‌സിഒ) സംഭാഷണ പങ്കാളിയായി സൗദി അറേബ്യയും ഇനിയുണ്ടാകുമെന്ന് ഉറപ്പായി.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സൗദിയുടെ പുതിയ തീരുമാനം എടുത്തത്. സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ച യോഗത്തിലാണ് ചൈനീസ് ബ്ലോക്കില്‍ ചേരാന്‍ അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച ധാരണാ പത്രത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈന, റഷ്യ, ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്ക് പുറമെ നാല് മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് എസ്‌സിഒ.

s

എസ്‌സിഒയ്ക്ക് ഇറാന്‍ ഉള്‍പ്പെടെ നാല് നിരീക്ഷണ അംഗങ്ങളുണ്ട്. സൗദി, ഖത്തര്‍, തുര്‍ക്കി എന്നിവരുള്‍പ്പെടെ ഒമ്പത് സംഭാഷണ പങ്കാളികളുമുണ്ട്. ചൈനീസ് തലസ്ഥാനമായ ബീജിങ് ആണ് എസ്‌സിഒയുടെ ആസ്ഥാനം. ചൈനയുടെ ഷാങ് മിങ് ആണ് സംഘടനയുടെ സെക്രട്ടറി ജനറല്‍. സൗദി അറേബ്യയ്ക്ക് നിലവില്‍ സംഘടനയില്‍ അംഗത്വം ലഭിച്ചിട്ടില്ല. എങ്കിലും കിഴക്കന്‍ രാജ്യങ്ങളുമായി സൗദി കൂടുതല്‍ അടുക്കുന്നു എന്നതാണ് പ്രധാനം.

പശ്ചിമേഷ്യയില്‍ ശക്തമായ സ്വാധീനമുള്ള രാജ്യമായിരുന്നു അമേരിക്ക. എന്നാല്‍ അടുത്ത കാലത്തായി ഈ പദവിയിലേക്ക് ചൈന എത്തുകയാണ്. ഇത് അമേരിക്കക്ക് കനത്ത വെല്ലുവിളിയാണ്. സൗദിയും ഇറാനും തമ്മിലുള്ള സമാധാന കരാറിന് ചുക്കാന്‍ പിടിച്ചത് ചൈനയാണ്. ഒരിക്കലും യോജിക്കില്ല എന്ന് കരുതിയ സൗദിയും ഇറാനും തമ്മില്‍ സമാധാന കരാറുണ്ടാക്കിയതിലൂടെ മേഖലയില്‍ ചൈനയുടെ സ്വാധീനം ശക്തിപ്പെട്ടു.

അതേസമയം, റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും ചൈന ശ്രമിക്കുന്നുണ്ട്. 12 ഇന പദ്ധതി ചൈന ഇരുരാജ്യങ്ങള്‍ക്കുമടിയില്‍ സമര്‍പ്പിച്ചു. റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. അമേരിക്കയുടെ പിന്തുണ യുക്രൈനാണ്. എന്നാല്‍ മധ്യസ്ഥ റോളിലെത്തിയാണ് ചൈന ഇവിടെ ഇടപെടുന്നത്. പശ്ചിമേഷ്യയിലെ ചൈനയുടെ ഇടപെടല്‍ അമേരിക്കയെ കൂടുതല്‍ ആശങ്കയിലാക്കുന്നുണ്ട്. സൗദിയുടെ നീക്കത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചൈനയുടെ ഏറ്റവും വലിയ വ്യാപര പങ്കാളികളിലൊന്നാണ് സൗദി അറേബ്യ. 2021ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ 8730 കോടി ഡോളറിന്റെ വ്യാപാരമാണ് നടത്തിയത്. സൗദിയുടെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യവും ചൈനയാണ്. പെട്രോകെമിക്കല്‍ ഇടപാടിലേക്കും ഇരുരാജ്യങ്ങളും ചുവട് വച്ചിട്ടുണ്ട്. വടക്കന്‍ ചൈനയിലെ പഞ്ചിനില്‍ കൂറ്റന്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് സൗദിയുടെ എണ്ണ കമ്പനിയായ അരാംകോ സ്ഥാപിക്കാന്‍ പോകുന്നതും ബന്ധം ദൃഢമായതിന്റെ തെളിവാണ്.

ലോകത്തെ പ്രധാന എണ്ണ ഉല്‍പ്പാദകരാണ് സൗദിയും റഷ്യയും. ഈ രണ്ട് രാജ്യങ്ങളാണ് ആഗോള എണ്ണ വില തീരുമാനിക്കാറ്. റഷ്യ യുക്രൈനെതിരെ ആക്രമണം തുടങ്ങിയ വേളയില്‍ സൗദിയുടെ പിന്തുണ അമേരിക്ക തേടിയിരുന്നു. റഷ്യയ്‌ക്കെതിരായ നീക്കത്തിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ സൗദി അറേബ്യ അമേരിക്കയുമായി സഹകരിച്ചില്ലെന്ന് മാത്രമല്ല, റഷ്യയുമായി ബന്ധം ദൃഢമാക്കുകയും ചെയ്തു.

സൗദി അറേബ്യ ചൈനയുമായി കൂടുതല്‍ അടുക്കുന്നു എന്ന് പറയുമ്പോള്‍ ഗള്‍ഫ് മേഖലയില്‍ മൊത്തം മാറ്റമുണ്ടാകുമെന്നാണ് ചുരുക്കം. ചൈനയുമായി കൂടുതല്‍ സഹകരിച്ചാണ് ഖത്തറും യുഎഇയും മുന്നോട്ട് പോകുന്നത്. അമേരിക്കയുടെ ചില നയങ്ങളില്‍ സൗദിക്ക് അതൃപ്തിയുണ്ട്. മാത്രമല്ല, സമാധാനപൂര്‍ണമായ പശ്ചിമേഷ്യയാണ് സൗദി ആഗ്രഹിക്കുന്നത്. ഇതിന് ചര്‍ച്ചയുടെ മാര്‍ഗമാണ് വേണ്ടതെന്ന് മനസിലാക്കിയാണ് ഖത്തറുമായും ഇറാനുമായും അടുത്തത്. യമന്‍ യുദ്ധം നിര്‍ത്താനും സൗദി ആലോചിക്കുന്നുണ്ട്. സിറിയയുമായി ചര്‍ച്ച നടത്തിവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+