സൗദിയുടെ നീക്കം തിരിച്ചടിച്ചോ? മുന്നില്‍ കയറി ഇറാഖ്, റഷ്യക്കും തിരിച്ചടി: നംവബറിലെ കണക്കുകള്‍
ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പുതിയ റെക്കോർഡ് സൃഷിടിച്ച് ഇറാഖ്. നംവബർ മാസത്തിലെ കണക്കുകള്‍ എടുക്കുമ്പോഴാണ് ഇറാഖില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സൗദി അറേബ്യ താഴേക്ക് പോയപ്പോഴാണ് ഇറാഖ് മുകളിലേക്ക് കയറി വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 2023 നവംബറിൽ ഇറാഖിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇറാഖിന്റെ നേട്ടത്തിന് കാരണക്കാരായിരിക്കുന്നത് സൗദി അറേബ്യയാണ്. അതായത് സൗദി അറേബ്യയുടെ അറബ് ലൈറ്റ് ഗ്രേഡിന്റെ ഉയർന്ന വില ഗള്‍ഫ് രാഷ്ടത്തിന് തിരിച്ചടിയായെങ്കില്‍ ഇറാഖി ഗ്രേഡായ ബസറയുടെ കുറഞ്ഞ വില ഇറാഖിന് അനുകൂലമാകുകയായിരുന്നു. ഇതോടെ ഇറാഖിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നവംബറിൽ 24 ശതമാനത്തില്‍ നിന്നും 32 ശതമാനമായി ഉയർന്നതായും ഊർജ ഇന്റലിജൻസ് സ്ഥാപനമായ വോർടെക്‌സയിൽ നിന്നുള്ള കണക്കുകള്‍ കാണിക്കുന്നു.

മറുവശത്ത്, സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ മാസം 28 ശതമാനം കുറഞ്ഞ് പ്രതിദിനം 667,000 ബാരലായി (ബി/ഡി). അറബ് രാജ്യത്ത് നിന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഉപഭോക്താവായ ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ ഇടിവാണ് ഇത്.
നവംബറിൽ അറബ് ലൈറ്റിന്റെ വില ഈ കലണ്ടർ വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് വർധിച്ചതോടെ ഇന്ത്യൻ റിഫൈനർമാർ ഇറാഖി ഗ്രേഡ് കൂടുതലായി ആശ്രയിക്കുകയായിരുന്നുവെന്നും വ്യാപാരികള്‍ പറയുന്നു. തുടർച്ചയായ അഞ്ച് മാസമായി സൗദി അറേബ്യ അറബ് ലൈറ്റിന്റെ വില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഒമാൻ/ദുബായ് ക്രൂഡുമായി താരതമ്യം ചെയ്യുമ്പോൾ സൗദിയുടെ ഔദ്യോഗിക വിൽപന വില (OSP) ബാരലിന് 4 ഡോളർ കൂടിയിട്ടുണ്ട്. ഇത് ഈ കലണ്ടർ വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇറാഖിന്റെ സ്റ്റേറ്റ് ഓയിൽ മാർക്കറ്റിംഗ് ഓർഗനൈസേഷന്റെ (SOMO) ഡാറ്റ അനുസരിച്ച്, 2023 നവംബറില്‍ അവരുടെ എണ്ണയ്ക്ക് ബാരലിന് ബാരലിന് ശരാശരി 82.82 ഡോളർ ആയിരുന്നു വില. ഒക്ടോബറില്‍ ഇത് 87.58 ഡോളർ, സെപ്റ്റംബറിൽ 91.35 ഡോളർ, ഓഗസ്റ്റിൽ 84.79 ഡോളർ എന്നിങ്ങനെയുമായിരുന്നു നിരക്ക്.
റിപ്പോർട്ട് പ്രകാരം 2023 ഒക്‌ടോബറിലെ 1.55 എംബി/ഡിയെ അപേക്ഷിച്ച് റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി നവംബറിൽ ഏകദേശം 1.49 എംബി/ഡി ആയി കുറഞ്ഞിട്ടുണ്ട്. മുൻനിര യുറൽ ഗ്രേഡിന്റെ ഇറക്കുമതി നവംബറിൽ 1.23 എംബി/ഡി ആയിട്ടാണ് കുറഞ്ഞിരിക്കുന്നത്. ഒരു മാസം മുമ്പ് 1.4 എംബി/ഡി ആയിരുന്നു ഇറക്കുമതി.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ബാരലിന് 5 ഡോളർ കിഴിവാണ് റഷ്യന്‍ ഗ്രേഡുകള്‍ക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. റഷ്യൻ ഡിസ്കൗണ്ടുകൾ ബാരലിന് 4 ഡോളറിൽ താഴെയാണെങ്കിൽ മിഡിൽ ഈസ്റ്റേൺ ഗ്രേഡുകൾ കൂടുതൽ സാമ്പത്തികമായി ലാഭകരമാകുമെന്നും ഒരു ഓയിൽ മാർക്കറ്റിംഗ് കമ്പനിയിലെ (ഒഎംസി) മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications