സൗദി അറേബ്യ അല്ല, കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ളത് ഈ രാജ്യത്ത്; എന്നിട്ടും കഷ്ടകാലം ഒഴിഞ്ഞില്ല
ദുബായ്: എണ്ണ രാജ്യങ്ങള്‍ എന്നുപറയുമ്പോള്‍ ആദ്യം മനസില്‍ വരിക സൗദി അറേബ്യയും റഷ്യയും ഇറാനും ഇറാഖുമെല്ലാമാണ്. എണ്ണ കയറ്റുമതിയില്‍ മുന്നിലുള്ളത് ഈ രാജ്യങ്ങളൊക്കെ തന്നെ എങ്കിലും കൂടുതല്‍ എണ്ണ ശേഖരം ഭൂമിക്കടിയിലുള്ളത് ലാറ്റിനമേരിക്കയിലെ വെനസ്വേലയിലാണ്. വേള്‍ഡ്മീറ്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
303008 ദശലക്ഷം ബാരല്‍ എണ്ണ വെനസ്വേലയിലുണ്ടത്രെ. കോടികളുടെ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്നതാണ് ഈ പ്രകൃതി വിഭവം. സൗദി അറേബ്യയേക്കാള്‍ എണ്ണയുണ്ടായിട്ടും വെനസ്വേല കഷ്ടപ്പെട്ടാണ് മുന്നോട്ട് പോകുന്നത്. ഖനനം ചെയ്യാനുള്ള ശേഷിയും മികവുമില്ലാത്തതാണ് കാരണം. കൂടാതെ അടിച്ചൊതുക്കി അമേരിക്കയുടെ ഉപരോധവും ഏറെ കാലമായി നേരിടുന്നു.

വെനസ്വേലയിലെ 80 ശതമാനം ജനങ്ങളും വളരെ പ്രയാസപ്പെട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ പണപ്പെരുപ്പമുള്ള അഞ്ച് രാജ്യങ്ങളില്‍ വെനസ്വേലയുമുണ്ട്. അവശ്യവസ്തുക്കള്‍ക്കെല്ലാം തീവിലയാണ് ഈ രാജ്യത്ത്. അതുകൊണ്ടുതന്നെ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ വലിയ ചെലവ് വരുന്നു. ഇറക്കുമതി ചെലവ് കൂടുമ്പോള്‍ സ്വാഭാവികമായും വില കൂടും.
മികച്ച ഭരണം നടത്താന്‍ സാധിക്കാത്തതും സുസ്ഥിരമായ സംവിധാനമില്ലാത്തതും പണപ്പെരുപ്പത്തിലേക്ക് നയിക്കും. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കാത്തതാണ് വെനസ്വേല നേരിടുന്ന വെല്ലുവിളി. പ്രകൃതിവിഭവം ഇത്രയും ഉണ്ടായിട്ടും ഖനനം ചെയ്യാനോ കയറ്റുമതിക്കോ വെനസ്വേലയ്ക്ക് സാധിക്കുന്നില്ല. കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള രണ്ടാമത്തെ രാജ്യം സൗദി അറേബ്യയാണ്. ഇവിടെ 267230 ദശലക്ഷം ബാരല്‍ എണ്ണ ശേഖരമുണ്ട്.
ഇറാന്‍, ഇറാഖ്, യുഎഇ
ശക്തമായ സാമ്പത്തിക അടിത്തറയും മികച്ച ഭരണാധികാരികളുമുള്ളതിനാല്‍ സൗദി അറേബ്യയില്‍ ക്രൂഡ് ഓയില്‍ ഖനനം സജീവമാണ്, കയറ്റുമതിയും. സൗദിയുടെ ആസ്തിയുടെ പ്രധാന ഭാഗം എണ്ണ വരുമാനമാണ്. എണ്ണശേഖരം കൂടുതലുള്ള മൂന്നാമത്തെ രാജ്യം ഇറാന്‍ ആണ്. 208600 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറാനിലുള്ളത്. ഇറാഖ്, യുഎഇ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.
കാനഡ, കുവൈത്ത്, ലിബിയ, റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളും ആദ്യ പത്ത് രാഷ്ട്രങ്ങളുടെ പട്ടികയിലുണ്ട്. പശ്ചിമേഷ്യയിലെ രാജ്യങ്ങളെ പോലെ അല്ല അമേരിക്കയും കാനഡയും റഷ്യയും ചൈനയും. ഇവരുടെ പ്രധാന വരുമാന സ്രോതസ് എണ്ണയല്ല. സമാനമായ രീതിയില്‍ മറ്റു ആദായ മാര്‍ഗങ്ങളും ഈരാജ്യങ്ങള്‍ക്കുണ്ട്.
അതേസമയം, എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയിലും അമേരിക്കയും ചൈനയമുണ്ട്. ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുന്ന രാജ്യങ്ങളാണ് ഇത് രണ്ടും. മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആഭ്യന്തര എണ്ണ ഉല്‍പ്പാദനം ശക്തിപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ആന്‍ഡമാനില്‍ അടുത്തിടെ കണ്ടെത്തിയ എണ്ണ ശേഖരം ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. ഗയാനയ്ക്ക് തുല്യമായ അളവില്‍ എണ്ണയാണ് ആന്‍ഡമാനിലുള്ളത് എന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറയുന്നു.












Click it and Unblock the Notifications