സൗദി അറേബ്യയ്ക്ക് ചാകര!! ഖത്തര്‍ യാത്രയ്ക്ക് 240 വിമാനങ്ങള്‍ കൂടി ഇറക്കി... അണിയറയില്‍ വമ്പന്‍ പദ്ധതി
റിയാദ്: ഗള്‍ഫ് രാജ്യങ്ങള്‍ വളരെ ആവേശത്തിലാണ്. ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ആരംഭിക്കാന്‍ പോകുന്നത് തന്നെ കാര്യം. ചെറിയ രാജ്യമായ ഖത്തറിലേക്ക് ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഖത്തറിലേക്ക് ഒഴുകുമെന്ന് ഉറപ്പായി കഴിഞ്ഞു.
സര്‍വ മികവും ഉപയോഗിച്ചാണ് ഖത്തറിന്റെ അണിഞ്ഞൊരുക്കം. ജിസിസിയിലെ ആറ് രാജ്യങ്ങളും വരാനിരിക്കുന്ന ഒരുമാസക്കാലം വരുമാന വര്‍ധനവിന്റെ അവസരം കൂടിയായി കാണുന്നു. സൗദി അറേബ്യ ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത് വലിയ പദ്ധതിയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഖത്തര്‍ ലക്ഷ്യമിട്ട് എത്തുന്നവരെ തങ്ങളുടെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന പദ്ധതിയാണ് സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇക്കാലയളവില്‍ എല്ലാ രാജ്യങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ നിന്ന് ആഴ്ചയില്‍ ഖത്തറിലേക്കുള്ള വിമാന സര്‍വീസ് 240 എണ്ണമായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

ഖത്തറിലേക്കുള്ള യാത്രാ നടപടികള്‍ എളുപ്പമാക്കിയിരിക്കുകയാണ് സൗദി അറേബ്യ. നിലവില്‍ ആഴ്ചയില്‍ ആറ് വിമാന സര്‍വീസാണുള്ളത്. ഇതാണ് 240 ആക്കി ഉയര്‍ത്തുന്നത്. സൗദിയിലെ ടൂറിസം മേഖലക്ക് ഉയര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം. ഹോട്ടല്‍ താമസത്തിന് ചുരുങ്ങിയ നിരക്ക് ഈടാക്കാനാണ് തീരുമാനം. അത് ഫുട്‌ബോള്‍ ആരാധകരെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിന് സഹായിക്കും.

2019 സെപ്തംബറിലാണ് സൗദി അറേബ്യ ടൂറിസ്റ്റ് വിസ ആരംഭിച്ചത്. തൊട്ടുപിന്നാലെ കൊവിഡ് വ്യാപനമുണ്ടായതോടെ വേണ്ട ഗുണം ചെയ്തില്ല. ഇപ്പോള്‍ വീണ്ടും വിനോദ സഞ്ചാര മേഖലയില്‍ നിന്നുള്ള നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണ് സൗദി അറേബ്യ. ഖത്തറിനേക്കാള്‍ ചുരുക്കിയ നിരക്കില്‍ താമസ സൗകര്യം ഒരുക്കാനാണ് സൗദിയുടെ ഒരു പദ്ധതി.

ജിസിസി രാജ്യങ്ങളില്‍ നിന്ന് ഒരു ദിവസം 160 ചെറു വിമാനങ്ങള്‍ ഖത്തറിലേക്ക് എത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഫുട്‌ബോള്‍ ആരാധകര്‍ക്ക് ജിസിസിയിലെ ഏത് രാജ്യങ്ങളില്‍ താമസിച്ചാലും മല്‍സരങ്ങള്‍ കാണുന്നതിന് എളുപ്പത്തില്‍ എത്താന്‍ സാധിക്കും.

ഫുട്‌ബോള്‍ ആരാധകര്‍ക്ക് 60 ദിവസം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി വിസ സൗദി അനുവദിക്കുന്നുണ്ട്. ഈ വിസ ഒരു തവണയെടുത്താല്‍ 60 ദിവസത്തിനിടെ എത്ര തവണ വേണമെങ്കിലും സൗദിയില്‍ വന്ന് തിരിച്ചുപോകാം. ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗമായി ഖത്തര്‍ നല്‍കുന്ന ഹയ്യ പാസുള്ളവര്‍ക്കായിരിക്കും സൗദി ഈ വിസ അനുവദിക്കുക.

റിയാദിന് പുറമെ ഖത്തറുമായി ചേര്‍ന്ന് നില്‍ക്കുന്ന സൗദി നഗരങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള റോഡുകള്‍ നവീകരിച്ചിട്ടുണ്ടെന്ന് സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ ഖത്തീബ് പറഞ്ഞു. റിയാദിലെ ഇന്‍വെസ്റ്റര്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് വഴിയുള്ള പാതയില്‍ പെട്രോള്‍ പമ്പുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇന്റര്‍നെറ്റ് സേവനവും വൈദ്യ സഹായവും ഉറപ്പാക്കുന്നുണ്ട്.

ഖത്തറിന് കരാതിര്‍ത്തിയുള്ള ഏക രാജ്യം സൗദി അറേബ്യയാണ്. ബാക്കി അതിര്‍ത്തികളെല്ലാം വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ് ഖത്തര്‍. സൗദി-ഖത്തര്‍ അതിര്‍ത്തിയില്‍ സൗകര്യങ്ങള്‍ വിപുലീകരിച്ചിട്ടുണ്ട്. ഇവിടെയുള്ള പാതയുടെ വീതി വര്‍ധിപ്പിച്ചു.

കരമാര്‍ഗവും ആകാശ മാര്‍ഗവുമുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയതിനാല്‍ ലോകകപ്പ് ഫുട്‌ബോള്‍ കാരണം ഖത്തറിന് ശേഷം ഏറ്റവും നേട്ടം കൊയ്യുന്ന രാജ്യം സൗദിയാകുമെന്നാണ് കരുതുന്നത്. യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലുള്ള ടൂര്‍ കമ്പനികളുമായി സൗദി ചര്‍ച്ച നടത്തിയിരുന്നു. സൗദി വഴി ഫുട്‌ബോള്‍ ആരാധകരെ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.












Click it and Unblock the Notifications