ഞങ്ങള്‍ക്കും വേണം.. ഞങ്ങള്‍ക്കും വേണം; എല്ലാവരും സൗദിക്ക് പിറകെ, വില കുറച്ചപ്പോള്‍ സംഭവിച്ചത്
സൗദി അറേബ്യന്‍ ക്രൂഡ് ഓയില്‍ കൂടുതലായി ഇറക്കുമതി ചെയ്യാനുള്ള നീക്കം ശക്തമാക്കി ഇന്ത്യയും ചൈനയും അടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍. ലോകത്തെ മുന്‍നിര എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ 13 മാസത്തിനിടെ ആദ്യമായി അടുത്തിടെ ക്രൂഡ് ഓയില്‍ വില കുറച്ചിരുന്നു. ഇതോടെയാണ് ഏഷ്യന്‍ രാജ്യങ്ങളുടെ ആവശ്യവും വർധിച്ചത്. സൗദി അറേബ്യയോട് മാത്രമാണ് ഇവർ അധിക ക്രൂഡ് ഓയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോ ഞായറാഴ്ച ഫെബ്രുവരിയിലെ 'ലോഡിംഗ് അറബ് ലൈറ്റ് ടു ഏഷ്യ'യുടെ ഔദ്യോഗിക വിൽപ്പന വില (ഒഎസ്പി) ജനുവരി മുതൽ ബാരലിന് 1.50 ഡോളറായി കുറച്ചിരുന്നു. ഇതോടെ ഫെബ്രുവരിയിലെ ലോഡിംഗിനായി ചൈനീസ് റിഫൈനർമാർ ഏകദേശം 38.5 ദശലക്ഷം ബാരൽ (1.33 ദശലക്ഷം ബിപിഡി) സൗദി ക്രൂഡ് ആവശ്യപ്പെട്ടു.

അതേസമയം, 1 ദശലക്ഷം ബാരൽ സൗദി ക്രൂഡ് അധികമായി ആവശ്യപ്പെടാൻ പദ്ധതിയിട്ടിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, റിഫൈനറി ഡിവിഷനിൽ നിന്നുള്ള ഫീഡ്‌ബാക്കിനെ തുടർന്ന് അത് ചെയ്തില്ലെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. മറ്റൊരു പൊതുമേഖല റിഫൈനറായ ഭാരത് പെട്രോളിയം കോർപ്പറേഷന് ആവശ്യപ്പെട്ട 1 ദശലക്ഷം ബാരലുകൾ അധികമായി ലഭിച്ചതായും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
സൗദിയിലെ എണ്ണവില കഴിഞ്ഞ മാസം മറ്റ് പ്രാദേശിക ഉൽപാദകർ വിതരണം ചെയ്ത ക്രൂഡിനേക്കാൾ ബാരലിന് 2 ഡോളർ കൂടുതലായിരുന്നു. ഇത് സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും സ്പോട്ട് മാർക്കറ്റിൽ നിന്ന് വിലകുറഞ്ഞ ബദലുകൾ വാങ്ങാനും റിഫൈനർമാരെ പ്രേരിപ്പിച്ചു. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ ശക്തമാക്കിയതും ഈ സാഹചര്യത്തിലായിരുന്നു.
ഫെബ്രുവരിയിൽ കരാർ പ്രകാരമുള്ള മുഴുവന്‍ വിഹിതവും വിതരണം ചെയ്യുമെന്ന് അരാംകോ അഞ്ച് നോർത്ത് ഏഷ്യൻ ബയർമാരെ അറിയിച്ചിട്ടുണ്ട്. വില കുറച്ചെങ്കിലും വില്‍പ്പന ശക്തമായത് സൗദി അറേബ്യക്ക് ഗുണം ചെയ്യും. അതോടൊപ്പം തന്നെ എണ്ണ വിതരണ രംഗത്ത് അവർ വീണ്ടും നിർണ്ണായക ശക്തികളായി മാറാന്‍ പോകുന്നു.
ഉക്രൈൻ യുദ്ധത്തിന്റെ സാഹചര്യത്തില്‍ പാശ്ചാത്യ സമ്മർദത്തെ അവഗണിച്ചുകൊണ്ട് റഷ്യൻ ക്രൂഡ് ഓയിൽ വന്‍ തോതില്‍ വാങ്ങിക്കൂട്ടുന്നതിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ ഇറങ്ങിത്തിരിച്ചിരുന്നു. ഇതോടെ അറബ് രാഷ്ട്രങ്ങളെ മറികടന്ന് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറുകയും ചെയ്തു. എന്നാല്‍ സമീപകാലത്ത് റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറഞ്ഞ് വരികയാണ്.
ഡിസംബറില്‍ ഇന്ത്യ വാങ്ങിയ റഷ്യന്‍ ക്രൂഡിന്റെ അളവ് 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലുമായിരുന്നു. ആഗോള ഊർജ്ജ വ്യാപാര ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ Kpler അനുസരിച്ച്, ഇന്ത്യൻ റിഫൈനർമാർ കഴിഞ്ഞ മാസം പ്രതിദിനം 1.45 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ വാങ്ങി, കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.












Click it and Unblock the Notifications