സൗദിയില്‍ ശുദ്ധീകരണ കലശം; സ്‌കൂളുകളില്‍ നിന്ന് മുസ്ലിം ബ്രദര്‍ഹുഡ് അനുഭാവികളെ പിരിച്ചുവിടുന്നു
റിയാദ്: നിരോധിത സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ ആശയങ്ങള്‍ വച്ചുപുലര്‍ത്തുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്ന സ്‌കൂള്‍ അധ്യാപകരെയും ബോര്‍ഡ് അംഗങ്ങളെയും സൗദി അധികൃതര്‍ പിരിച്ചുവിട്ടുതുടങ്ങി. തീവ്ര ഇസ്ലാമിന്റെ വക്താക്കളായി അറിയപ്പെടുന്ന ബ്രദര്‍ഹുഡിന്റെ സ്വാധീനത്തില്‍ നിന്ന് സൗദിയെ പൂര്‍ണമായും വിമുക്തമാക്കുകയും രാജ്യത്തെ മിതവാദത്തിലൂന്നിയ പാരമ്പര്യത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യുകയെന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പദ്ധതിയുടെ ഭാഗമായാണ് നടപടി.
കര്‍ണാടക തിരഞ്ഞെടുപ്പ്: തിയ്യതി ചോര്‍ച്ചയില്‍ കോണ്‍ഗ്രസ്- ബിജെപി ഐടി സെല്‍ മേധാവിമാര്‍ കുടുങ്ങും!
എന്നാല്‍ എത്ര അധ്യാപകരെയാണ് പിരിച്ചുവിട്ടതെന്ന കാര്യം വ്യക്തമല്ല. രാജ്യത്തെ രഹസ്യാന്വേഷണ-സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ അന്വേഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത്തരക്കാരെ കണ്ടെത്തി പിരിച്ചുവിട്ടതെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം വക്താവ് മുബാറക്ക് അല്‍ ഉസൈമി അറിയിച്ചു.
30 വര്‍ഷം മുമ്പ് വരെ മിതവാദ പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്ന സൗദിയെ ഈജിപ്തില്‍ പിറവിയെടുത്ത മുസ്ലിം ബ്രദര്‍ഹുഡിന്റെ സ്വാധീനമാണ് യാഥാസ്ഥിതികതയിലേക്ക് നയിച്ചതെന്ന് സൗദി രാജകുമാരന്‍ കഴിഞ്ഞ മാസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബ്രദര്‍ഹുദ് അനുഭാവികള്‍ കൈയേറിയിരിക്കുന്നതായും അവരുടെ സ്വാധീനത്തില്‍ നിന്ന് സൗദി വിദ്യാഭ്യാസ രംഗത്തെ വിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. ആദ്യ പടിയായി ബ്രദര്‍ഹുഡ് അനുഭാവികളായ അധ്യാപകരെ പിരിച്ചുവിടുകയും സ്‌കൂള്‍-കോളേജ് പാഠ്യപദ്ധതികള്‍ അതിനുസരിച്ച് നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം അധ്യാപര്‍ക്കെതിരേ നടപടി തുടങ്ങിയത്.
2014ല്‍ മുസ്ലിം ബ്രദര്‍ഹുഡിനെ സൗദി അറേബ്യന്‍ ഭരണകൂടം ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്രദര്‍ഹുഡ് അനുഭാവികള്‍ക്കെതിരായ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിനായി പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ സ്‌കൂള്‍-യൂനിവേഴ്‌സിറ്റി അധികൃതര്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാഠ പുസ്തകങ്ങളും അധ്യാപക പരിശീലനവും ഇതിനനുസരിച്ച് നവീകരിക്കുമെന്നും മന്ത്രാലയം വക്താവ് അറിയിച്ചു.