കര്‍ണാടക തിരഞ്ഞെടുപ്പ്: തിയ്യതി ചോര്‍ച്ചയില്‍ കോണ്‍ഗ്രസ്- ബിജെപി ഐടി സെല്‍ മേധാവിമാര്‍ കുടുങ്ങും!
ദില്ലി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് തിയ്യതി പുറത്തായ സംഭവത്തില്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജിനെ ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പിന്റെ തിയ്യതി ഓണ്‍ലൈനില്‍ ചോര്‍ന്ന സംഭവം അന്വേഷിക്കുന്നതിന് വേണ്ടി നിയോഗിച്ച പാനലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജ് ശ്രീവത്സ വൈബിയെ ചോദ്യം ചെയ്തുത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തിയ്യതി തെറ്റായി ട്വീറ്റ് ചെയ്ത സംഭവത്തിലാണ് ചോദ്യം ചെയ്യല്‍. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയും അതേ സമയം തെറ്റായ വോട്ടെണ്ണല്‍ തിയ്യതിയോടെ ട്വീറ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവം അന്വേഷിക്കാന്‍ പാനലിനെ നിയമിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതികള്‍ പ്രഖ്യാപിക്കുന്നതിന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പാനലിന് രൂപം നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. താന്‍ ട്വീറ്റ് ചെയ്ത സമയത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജ് ശ്രീവത്സയും തിരഞ്ഞെടുപ്പ് തിയ്യതി ട്വീറ്റ് ചെയ്തതായി അമിത് മാളവ്യ ചൂണ്ടിക്കാണിച്ചിരുന്നു.

വിവരത്തിന്റെ ഉറവിടം!
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ പ്രകാരം ശ്രീവത്സയ്ക്ക് തെറ്റായ വിവരം ലഭിച്ച ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തനിക്ക് വിവരം ലഭിച്ചത് ഒരു വാര്‍ത്താ ചാനലില്‍ നിന്നാണെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ട്വീറ്റ് ടിവിയുടെ ബ്രേക്കിംഗ് ന്യൂസില്‍ നിന്നാണ് തിരഞ്ഞെടുപ്പ് തിയ്യതി ലഭിച്ചതെന്നാണ് ശ്രീവത്സ പാനലിന് മുമ്പാകെ വ്യക്തമാക്കിയിട്ടുള്ളത്. മുതിര്‍ന്ന ഡെപ്യൂട്ടി ത ഇലക്ഷന്‍ കമ്മീഷണര്‍ ഉമേഷ് സിന്‍ഹ തലവനായ ആറംഗ ബെഞ്ചാണ് സംഭവം അന്വേഷിക്കുന്നത്.

ചോദ്യം ചെയ്യല്‍ തുടരും
@BJP4india എന്ന ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉടമകളെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമീപിച്ചിരുന്നു. പൗലോമി സാഹയാണ് തിരഞ്ഞെടുപ്പ് തിയ്യതി ട്വീറ്റ് ചെയ്തത്. വിവരത്തിന്റെ ഉറവിടം തേടിയാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്. വിവരം ചോര്‍ന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ പാനല്‍ പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പാനലിന് ലഭിച്ചിട്ടുള്ള നിര്‍ദേശം. രാജ്യത്ത് ഏറ്റവും വിശ്വാസ്യതയുള്ള തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വിവരങ്ങള്‍ ബിജെപി ചോര്‍ത്തിയെന്നതായിരുന്നു വിവാദങ്ങള്‍ക്ക് ആധാരം. മാര്‍ച്ച് 27ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചത്.

കന്നഡ ചാനല്‍ വിവാദത്തില്‍
കന്നഡ വാര്‍ത്താ ചാനല്‍ സുവര്‍ണ ന്യൂസ് ചാനല്‍ കേന്ദ്രീകരിച്ചും അന്വേഷണം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാനല്‍ അന്വേഷണം നടത്തും. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് ടിവി ചാനലിന് തിയ്യതികള്‍ ലഭിച്ചത് എങ്ങനെയാണെന്നും സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും കമ്മീഷന്‍റെ പാനല്‍ അന്വേഷിക്കും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച വാര്‍ത്താക്കുറിപ്പിലാണ് അന്വേഷണത്തിന് പ്രത്യേക പാനലിനെ നിയമിക്കുന്നതായി കമ്മീഷന്‍ പ്രഖ്യാപിച്ചത്. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ ട്വീറ്റിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. മെയ് 12 ന് ആണ് തിരഞ്ഞെടുപ്പ്. മെയ് 15 ന് ഫലം പ്രഖ്യാപനവും നടക്കും.