സൗദി അറേബ്യ പിന്മാറി; ഇസ്രായേലിന് ഞെട്ടല്‍... യുഎഇ മോഡല്‍ നീക്കത്തിന് തിരിച്ചടി
റിയാദ്: സൗദി അറേബ്യയുമായി അടുക്കാനുള്ള ഇസ്രായേല്‍ നീക്കത്തിന് തിരിച്ചടി. നിലവിലെ സാഹചര്യത്തില്‍ താല്‍പ്പര്യമില്ലെന്ന് സൗദി അറേബ്യ തീരുമാനമെടുത്തുവെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം അമേരിക്കന്‍ ഭരണകൂടത്തെ സൗദി അറിയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് വേണ്ടി ശ്രമിക്കുന്നത് അമേരിക്കയാണ്.
സൗദി അറേബ്യയുമായി അടുക്കാന്‍ ഏറെ നാളായി ശ്രമിച്ചുവരികയാണ് ഇസ്രായേല്‍. വാണിജ്യ-വ്യോമ മേഖലയില്‍ സൗദിയുമായി സഹകരിച്ചാല്‍ ഇസ്രായേലിന് കൂടുതല്‍ നേട്ടമുണ്ടാക്കാം. സൗദി അറേബ്യയുമായി ഇസ്രായേല്‍ ചര്‍ച്ചകള്‍ തുടരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സൗദി ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം ശരിവച്ചിട്ടില്ല. അതിനിടെയാണ് ചര്‍ച്ചകള്‍ മരവിച്ചുവെന്ന റിപ്പോര്‍ട്ട്.

സൗദി അറേബ്യയിലെ ഈലാഫ് പത്രമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള എല്ലാ ചര്‍ച്ചകളും സൗദി നിര്‍ത്തിവച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ബൈഡന്‍ ഭരണകൂടത്തെ അറിയിച്ചുവെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ഇസ്രായേലിന്റെ തീവ്ര നിലപാടുകളാണ് സൗദിയുടെ പിന്മാറ്റത്തിന് കാരണമെന്നും വിശദീകരിക്കുന്നു.
സൗദി അറേബ്യയുടെയും ഇസ്രായേലിന്റെയും പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈലാഫ് പത്രത്തിന്റെ വാര്‍ത്ത. എന്നാല്‍ മൂന്ന് രാജ്യങ്ങളും ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇസ്രായേലിലെ നെതന്യാഹു സര്‍ക്കാരിലുള്ള തീവ്ര നിലപാടുകരായ മന്ത്രിമാര്‍ കാരണമാണ് സൗദിയുടെ പിന്മാറ്റമെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
പലസ്തീന്‍ വിഷയത്തില്‍ സമവായമുണ്ടായാല്‍ മാത്രമേ ഇസ്രായേലുമായി സൗഹൃദമുള്ളൂ എന്നാണ് സൗദിയുടെ നിലപാട്. ഇക്കാര്യത്തില്‍ തടസം ഇസ്രായേലിലെ ചില മന്ത്രിമാരാണ്. ഇതമര്‍ ബെന്‍ വിര്‍, ബെസാലില്‍ സ്‌മോറിച്ച് എന്നീ മന്ത്രിമാരുടെ പേര് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. പലസ്തീന്‍ വിഷയത്തില്‍ പുരോഗതിയില്ലെങ്കിലും സൗദിയുമായി ബന്ധം സ്ഥാപിക്കാനാകുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ കരുതിയിരുന്നുവത്രെ.
സൗദിയും ഇസ്രായേലും തമ്മിലുള്ള കരാറിന് അമേരിക്ക ശ്രമിച്ചുവരികയാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ പലസ്തീന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ചൊല്ലി എല്ലാം നിലച്ചിരിക്കുകയാണ് എന്ന് ബ്ലൂംബെര്‍ഗ് ടിവി റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ പലസ്തീനുമായി കൂടുതല്‍ അടുത്ത് ഇടപെടുകയാണ് സൗദി അറേബ്യ.
അതേസമയം, സൗദി അറേബ്യ ഇസ്രായേല്‍-പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ തുടരുന്നുവെന്നാണ് മറ്റൊരു വിവരം. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ചേരുന്നതിനോട് അനുബന്ധിച്ച് പലസ്തീന്‍-ഇസ്രായേല്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക യോഗം ചേരാന്‍ സൗദി മുന്‍കൈയ്യെടുത്തിരിക്കുകയാണ്. കഴിഞ്ഞ മാസം പലസ്തീനിലേക്ക് പ്രത്യേക അംബാസഡറെ സൗദി നിയോഗിക്കുകയും ചെയ്തിരുന്നു.
ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, യുഎഇ, ബഹ്‌റൈന്‍ എന്നിവയാണ് ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച അറബ് രാജ്യങ്ങള്‍. ഏറ്റവും ഒടുവില്‍ ബന്ധം സ്ഥാപിച്ചത് യുഎഇയും ബഹ്‌റൈനുമായിരുന്നു. അമേരിക്കയുടെ മധ്യസ്ഥ ശ്രമമാണ് ഈ ബന്ധത്തിലേക്ക് നയിച്ചത്. തൊട്ടുപിന്നാലെയാണ് അമേരിക്ക സൗദിയുമായി ചര്‍ച്ച തുടങ്ങിയത്. എന്നാല്‍ യുഎഇ മോഡല്‍ ചര്‍ച്ച സൗദിയുമായി ഇതുവരെ വിജയം കണ്ടില്ലെന്ന് മാത്രമല്ല ഇപ്പോള്‍ നിലയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications