'നിശബ്‌ദത ഭീഷണിപ്പെടുത്തുന്നയാളെ ധൈര്യപ്പെടുത്തുന്നു': ട്രംപിന്റെ തീരുവ നയത്തിൽ ഇന്ത്യയ്ക്ക് ചൈനീസ് പിന്തുണ
ബീജിംഗ്: യുഎസിനെ ഉപദ്രവകാരിയെന്ന് വിശേഷിപ്പിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ്. സ്വതന്ത്ര വ്യാപാരത്തിൽ നിന്ന് വളരെക്കാലമായി അമേരിക്കയ്ക്ക് നേട്ടമുണ്ടായിരുന്നെങ്കിലും ഇപ്പോൾ തീരുവകളെ വിലപേശൽ ആയുധമായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് മേൽ യുഎസ് 50 ശതമാനം വരെ താരിഫ് ചുമത്തിയിട്ടുണ്ടെന്നും, ചൈന ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൗനം പാലിക്കുന്നത് ഭീഷണിപ്പെടുത്തുന്നയാളെ ധൈര്യപ്പെടുത്തുകയേ ഉള്ളൂ എന്നും ചൈന ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സ്വതന്ത്ര വ്യാപാരത്തിൽ നിന്ന് അമേരിക്ക വളരെക്കാലമായി നേട്ടമുണ്ടാക്കിയിരുന്നു, പക്ഷേ ഇപ്പോൾ തീരുവകളെ അവർ വിലപേശൽ ആയുധങ്ങളായി ഉപയോഗിക്കുന്നു. ഇന്ത്യയ്ക്ക് മേൽ 50 ശതമാനം വരെ തീരുവ ചുമത്തി. ചൈന അതിനെ ശക്തമായി എതിർക്കുന്നു. നിശബ്‌ദത ഭീഷണിപ്പെടുത്തുന്നവരെ ധൈര്യപ്പെടുത്തുകയേയുള്ളൂ. ചൈന ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കും' സൂ ഫെയ്‌ഹോങ് പറഞ്ഞു.

ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കായി ചൈനീസ് വിപണി തുറക്കുന്നതിനെക്കുറിച്ച് സംസാരിച്ച ഫെയ്‌ഹോങ്, പരസ്‌പരം വിപണികളിൽ സാധനങ്ങൾ കൈമാറ്റം ചെയ്യുന്നതിലൂടെ ഇരു രാജ്യങ്ങൾക്കും വളരെയധികം പുരോഗതി കൈവരിക്കാൻ കഴിയുമെന്ന് പറയുകയും ചെയ്‌തു. യുഎസ് ഇന്ത്യയുമായി ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ രംഗപ്രവേശം. നിലവിലെ അവസരം മുതെലെടുക്കുക എന്നതാവും അവരുടെ ലക്ഷ്യം.
'ചൈനീസ് വിപണിയിലേക്ക് കൂടുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രവേശിക്കുന്നത് ഞങ്ങൾ സ്വാഗതം ചെയ്യും. ഐടി, സോഫ്റ്റ്‌വെയർ, ബയോമെഡിസിൻ എന്നിവയിൽ ഇന്ത്യയ്ക്ക് മത്സരക്ഷമതയുണ്ട്, അതേസമയം ഇലക്ട്രോണിക് നിർമ്മാണം, അടിസ്ഥാന സൗകര്യ നിർമ്മാണം, പുതിയ ഊർജ്ജം എന്നീ മേഖലകളിൽ ചൈനക്കാർ അതിവേഗം വികസിക്കുന്നത് കാണുന്നു' ചൈനീസ് അംബാസിഡർ പറയുന്നു.
ഇന്ത്യൻ ബിസിനസുകൾ ചൈനയിൽ നിക്ഷേപം നടത്തണമെന്ന് ചൈന ആഗ്രഹിക്കുന്നുവെന്നും മറിച്ച് രാജ്യത്ത് ചൈനീസ് ബിസിനസുകൾക്ക് ന്യായമായ അന്തരീക്ഷം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമാകുന്ന തരത്തിൽ, ഇന്ത്യയിലെ ചൈനീസ് സംരംഭങ്ങൾക്ക് നീതിയുക്തവും വിവേചനരഹിതവുമായ ബിസിനസ് ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങളും സൗഹൃദത്തിൽ ജീവിക്കുന്നിടത്തോളം നിലവിലെ ആഗോള പ്രക്ഷോഭങ്ങൾക്കിടയിലും ഏഷ്യൻ അത്ഭുതം എന്ന് അദ്ദേഹം വിശേഷിപ്പിച്ച അവസ്ഥ നിലനിർത്താനും യുഎസിന്റെ ആധിപത്യം, സംരക്ഷണവാദം, അധികാര രാഷ്ട്രീയം, ഭീഷണിപ്പെടുത്തൽ എന്നിവയ്‌ക്കെതിരെ ഒരുമിച്ച് നിൽക്കാനും കഴിയുമെന്ന് ചൈനീസ് അംബാസിഡർ കൂട്ടിച്ചേർത്തു.
അതേസമയം, തിരഞ്ഞെടുത്ത ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതോടെയാണ് നിലവിലെ ഭിന്നതയുടെ തുടക്കവും ചൈനയുടെ കടന്നുവരവും ഉണ്ടായത്. ഇതിൽ 25 ശതമാനം വ്യാപാര തീരുവ മാത്രമല്ല അവർ ഇന്ത്യയ്ക്ക് മേൽ ചുമത്തിയത് എന്ന പ്രത്യേകത കൂടിയുണ്ട്.
റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക പിഴയും കൂടി ഉൾപ്പെടുന്നു.
റഷ്യയിൽ നിന്ന് അസംസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്‌തു കൊണ്ടാണ് ഇന്ത്യ റഷ്യ-യുക്രൈൻ യുദ്ധത്തിന് ധനസഹായം നൽകുന്നതെന്ന് യുഎസ് ആരോപിച്ചിരുന്നു. ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസും ഈ ആരോപണം പലവട്ടം ഉന്നയിക്കുകയുണ്ടായി. ഓഗസ്‌റ്റ് 27 മുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് പുതിയ തീരുവ ചുമത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications