തോക്കുകളേന്തി ബൈക്കില്‍ പ്രതിഷേധങ്ങളെ വലംവെച്ച് ലങ്കന്‍ സൈന്യം; പോലീസുമായി ഏറ്റുമുട്ടി
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള പ്രതിഷേധങ്ങൾ ശ്രീലങ്കയിൽ തുടരുന്നു. കഴിഞ്ഞ ദിവസം തലസ്ഥാനമായ കൊളംബോയിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളെ നേരിടാനിറങ്ങിയ സൈന്യവും പൊലീസും തമ്മിൽ വാക്ക് തർക്കത്തിലേർപ്പെട്ടു. മുഖംമൂടി ധരിച്ച സൈന്യം തോക്കുകളേന്തി ഇരു ചക്രവാഹനങ്ങളിൽ പ്രതിഷേധ സ്ഥലങ്ങളിൽ പരേഡ് നടത്തിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. പിന്നീട് കരസേന മേധാവി ശവേന്ദ്ര സിൽവ ഇടപെട്ടാണ് കാര്യങ്ങൾ പരിഹരിച്ചത്.
അതേ സമയം ഏപ്രിൽ ഒന്നിന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിൻവലിക്കുന്നതായി ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ അറിയിച്ചു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഈ തീരുമാനം രാജപക്‌സെ അറിയിച്ചത്. 1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ ലങ്ക കടന്നുപോകുന്നത്. 41 സഭാംഗങ്ങൾ കഴിഞ്ഞ ദിവസം സഭയിൽ നിന്ന് ഇറങ്ങിപ്പോയതോടെ ഭരണസഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. ഇതോടെ പ്രസിഡന്റ് രാജപക്‌സെയുടെ രാജിക്കായി മുൻ സഖ്യകക്ഷികൾ ശബ്ദമുയർത്തി.

നിലവിൽ ഇപ്പോൾ ഭരിക്കുന്ന സർക്കാർ ന്യൂനപക്ഷമായിക്കഴിഞ്ഞു. എന്നിരുന്നാലും പ്രതിപക്ഷ സഭാംഗങ്ങൾ ഉടൻ തന്നെ അവിശ്വാസ പ്രമേയത്തിന് ശ്രമിക്കുമെന്ന വ്യക്തമായ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ ഒരു ഏകീകൃത ഭരണത്തിൽ ചേരാൻ പ്രസിഡന്റ് രാജപക്‌സെ നൽകിയ വാ ഗ്ദാനം കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ നിരസിച്ചിരുന്നു. ഗവൺമെന്റിൽ ചേരാൻ പറഞ്ഞ പ്രസിഡന്റിന്റെ ആഹ്വാനത്തെ അസംബന്ധം എന്നാണ് പ്രതിപക്ഷ പാർട്ടികൾ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി ഒഴികെ മറ്റെല്ലാ മന്ത്രിമാരും രാജിവെച്ച സാഹചര്യത്തിലായിരുന്നു ഏകീകൃത ഭരണം നടപ്പിലാക്കാൻ പ്രസിഡന്റ് ശ്രമിച്ചത്.
അതേ സമയം പുതിയ ധനമന്ത്രിയായി അലി സബ്രിയെ നിയമിച്ച് ഒരു ദിവസത്തിന് ശേഷം അദ്ദേഹവും രാജിസമർപ്പിച്ചു. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐഎംഎഫ്) നിർണായക ചർച്ചകൾ നടക്കാനിരിക്കെയാണ് അലി രാജി വെച്ചത്. നിലവിൽ നിരവധി മനുഷ്യാവകാശ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ലങ്കയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ പറഞ്ഞു. പണമില്ലാത്തതിനാൽ നോർവേയിലെയും ഇറാഖിലെയും എംബസികളും സിഡ്‌നിയിലെ കോൺസുലേറ്റ് ജനറലും താൽക്കാലികമായി അടച്ചുപൂട്ടാനും ശ്രീലങ്ക തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ ശ്രീലങ്കയിലെ രാഷ്ട്രീയവും സാമ്പത്തികവുമായ സംഭവവികാസങ്ങൾ അന്താരാഷ്ട്ര നാണയ നിധി വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നാണ് ലഭിക്കുന്ന വിവിരം. വാരാന്ത്യത്തിൽ ജനക്കൂട്ടം നിരവധി ഉദ്യോ ഗസ്ഥരുടെ വീടുകളിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്. ഭക്ഷണത്തിനും ഇന്ധനത്തിനും മരുന്നിനും എല്ലാം വലിയ ക്ഷാമം ഇവിടെ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications