മന്ത്രിമാരുടെ രാജി അംഗീകരിച്ചു; സർക്കാരിൽ ചേരാൻ പ്രതിപക്ഷത്തെ സ്വാ ഗതം ചെയ്ത് ലങ്കൻ പ്രസിഡന്റ്
കൊളംബോ; ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള പ്രതിഷേധം കനക്കുമ്പോൾ പ്രതിപക്ഷത്തിനെ സർക്കാരിൽ ചേരാൻ ക്ഷണിച്ച് ലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ രം ഗത്ത്. 26 മന്ത്രിമാർ ഇന്നലെ രാത്രി വൈകി നടന്ന യോഗത്തിൽ രാജിക്കത്ത് സമർപ്പിച്ചതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ പുതിയ നീക്കം. മന്ത്രിമാരുടെ രാജി പ്രസിഡണ്ട് അംഗീകരിച്ചു. "കാബിനറ്റ് പദവികൾ സ്വീകരിക്കാനും ദേശീയ പ്രതിസന്ധിക്ക് പരിഹാരം തേടാനുള്ള ശ്രമത്തിൽ ചേരാനും പാർലമെന്റിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ക്ഷണിക്കുന്നു," പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പുതിയ ശ്രീലങ്കൻ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർലമെന്റിൽ പ്രാതിനിധ്യമുള്ള എല്ലാ പാർട്ടികൾക്കും മന്ത്രിസ്ഥാനമുണ്ടാകും എന്നും അറിയിപ്പിൽ പറയുന്നു. പ്രതിസന്ധിയെ തുടർന്ന് പ്രധാനമന്ത്രി ഒഴികെ ക്യാബിനറ്റിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. നിലവിൽ ബ്ലൂ ചിപ്പ് സൂചിക 5.92 ശതമാനം ഇടിഞ്ഞു ശ്രീലങ്കയുടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വ്യാപാരം നിർത്തിവച്ചിരിക്കുകയാണ്. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റർ എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് തടയാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഞായറാഴ്ച ഉച്ചക്ക് ശേഷം സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ നീക്കി.

അതേ സമയം കർഫ്യൂ ഉത്തരവുകൾ ലംഘിച്ച ശ്രീലങ്കയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാഗി ജന ബലവേഗയയിലെ എംഎൽഎമാർ. അടിയന്തരാവസ്ഥയും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള പ്രസിഡന്റ് രാജപക്‌സെയുടെ നീക്കത്തിനെതിരെ കൊളംബോയിൽ സർക്കാർ വിരുദ്ധ പ്രതിഷേധം നടത്തി. തലസ്ഥാനമായ കൊളംബോയിലെ തന്റെ വീട്ടിലേക്ക് ജനക്കൂട്ടം അതിക്രമിച്ച് കയറാൻ ശ്രമിച്ചതിന്റെ പിറ്റേന്ന് പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ വരെ രാജ്യവ്യാപകമായി കർഫ്യൂ പ്രാബല്യത്തിൽ ഉണ്ടായിരുന്നു. കർഫ്യൂ ലംഘിച്ചതിന് 664 പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.
വിദേശ കറൻസിയുടെ അഭാവം ശ്രീലങ്കയുടെ സാമ്പത്തിക ബാധ്യതയുടെ ആക്കം ഒന്നുകൂടെ കൂട്ടിയിട്ടുണ്ട്. പ്രധാന വരുമാന മാർ ഗമായ ടൂറിസം കോവിഡ് സമയത്ത് നിന്നുപോയതാണ് പ്രധാന തിരിച്ചടി. 1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ ലങ്ക കടന്നുപോകുന്നത്. ഭക്ഷ്ണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ കടുത്ത ദൗർലഭ്യം രാജ്യത്തെ ജനങ്ങൾ നേരിടുന്നുണ്ട്. ഇതിന് പുറമെ പണപ്പെരുപ്പവും പത്ത് മണിക്കൂറിലധികം നീളുന്ന പവർകട്ടുകളും ജനങ്ങളുടെ കഷ്ടപ്പാട് വർധിപ്പിക്കുകയാണ്.












Click it and Unblock the Notifications