ഹെയ്ത്തിയെ പിടിച്ചുകുലുക്കി ഭൂകമ്പം; 7.2 തീവ്രത രേഖപ്പെടുത്തി, 29 പേര്‍ മരണപ്പെട്ടു
പോര്‍ട്ട്-ഓ-പ്രിന്‍സ് : കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ 29 പേര്‍ മരിച്ചു. 7.2 തീവ്രതയിലാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളില്‍പ്പെട്ടവരെ സഹായിക്കാന്‍ ലഭ്യമായ എല്ലാ സര്‍ക്കാര്‍ വിഭവങ്ങളും സമാഹരിക്കുകയാണെന്ന് പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി പറഞ്ഞു.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പോര്‍ട്ട് - ഓ - പ്രിന്‍സിന്റെ തലസ്ഥാനത്തിന് ഏകദേശം 125 കിലോമീറ്റര്‍ (78 മൈല്‍) പടിഞ്ഞാറ് ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു. വലിയ നാശനഷ്ടങ്ങളാണ് ഭൂകമ്പത്തില്‍ സംഭവിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം മരണ സംഖ്യ 29 ആണെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ജെറി ചാന്‍ഡ്‌ലര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി സംഘങ്ങളെ അങ്ങോട്ട് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.
ഭൂകമ്പത്തിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി ട്വീറ്റുായി രംഗത്തെത്തി. അക്രമാസക്തമായ ഭൂകമ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവഹാനിയും നാശനഷ്ടങ്ങളും വരുത്തി, കൂടാതെ നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന ഈ നാടകീയമായ സാഹചര്യത്തെ അഭിമുഖീകരിക്കാനും ഹെയ്തി ജനതയോട് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നാശനഷ്ടത്തിന്റെ വ്യാപ്തി അറിയുന്നതുവരെ അന്താരാഷ്ട്ര സഹായം ചോദിക്കില്ലെന്ന് ഒരു പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഭൂകമ്പത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രഭവകേന്ദ്രത്തിന് സമീപം തകര്‍ന്ന കെട്ടിടങ്ങളും ആളുകള്‍ തെരുവിലേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം.












Click it and Unblock the Notifications