മോഷണക്കേസില്‍ 4 പേരുടെ കൈവെട്ടി താലിബാന്‍; പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ചാട്ടയടി
കാബൂള്‍: മോഷണം, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം തുടങ്ങിയ കുറ്റം ചെയ്തവരെ പരസ്യമായി ശിക്ഷിച്ച് താലിബാന്. കാണ്ഡഹാറിലെ അഹ്മദ് ഷാഹി സ്റ്റേഡിയത്തില്‍ പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മുന്നില്‍ വച്ചായിരുന്നുവത്രെ ശിക്ഷ നടപ്പാക്കിയത്. 35 മുതല്‍ 39 വരെ അടിയാണ് ശിക്ഷയായി നല്‍കിയതെന്ന് അഫ്ഗാനിലെ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, മോഷണക്കേസില്‍ പ്രതികളായ നാല് പേരുടെ കൈ വെട്ടി എന്ന് ഷബ്‌നം നാസിമി ആരോപിച്ചു. ബ്രിട്ടനില്‍ അഭയാര്‍ഥി വകുപ്പ് മന്ത്രിയുടെ മുന്‍ ഉപദേഷ്ടാവിയുരുന്നു ഷബ്‌നം നാസിമി. സുതാര്യമായ വിചാരണ നടന്നില്ലെന്നും പരസ്യമായ മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

പരസ്യമായി ശിക്ഷ നടപ്പാക്കുന്ന താലിബാന്റെ രീതിയില്‍ ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചു. 1996 മുതല്‍ അഞ്ച് വര്‍ഷം താലിബാന്‍ അഫ്ഗാന്‍ ഭരിച്ചിരുന്നു. ഈ വേളയില്‍ പരസ്യ ശിക്ഷ നടപ്പാക്കിയിരുന്നു. അമേരിക്കന്‍ അധിനിവേശം തുടങ്ങിയതോടെ 2001ല്‍ താലിബാന്‍ പുറത്താക്കപ്പെട്ടു. പിന്നീട് 20 വര്‍ഷം നീണ്ട യുദ്ധത്തിന് ശേഷമാണ് അമേരിക്ക മടങ്ങിയത്. ഈ വേളയില്‍ താലിബാന്‍ വീണ്ടും അഫ്ഗാന്റെ ഭരണം പിടിക്കുകയായിരുന്നു.
2021 ആഗസ്റ്റ് 15നാണ് താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയത്. അതിന് ശേഷം കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് താലിബാന്‍ ആദ്യമായി പരസ്യമായി വധശിക്ഷ നടപ്പാക്കിയത്. ഫറാഹ് പ്രവിശ്യാ സിറ്റിയിലായിരുന്നു ഇത്. ഇപ്പോള്‍ കാണ്ഡഹാറിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് ശിക്ഷ നടപ്പാക്കിയിരിക്കുന്നത്.
ഫറാഹില്‍ ശിക്ഷ നടപ്പാക്കുന്ന വേളയില്‍ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും സന്നിഹിതരായിരുന്നു. ഇത്തരത്തില്‍ ശിക്ഷ ലഭിക്കുന്ന സാഹചര്യം വന്നാല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ജനങ്ങള്‍ പിന്മാറുമെന്നാണ് താലിബാന്‍ കരുതുന്നത്. എന്നാല്‍ പ്രതികള്‍ക്ക് സുതാര്യമായ വിചാരണ ലഭിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ അന്താരാഷ്ട്ര സംഘടനകള്‍ സംശയം പ്രകടിപ്പിക്കുന്നു.












Click it and Unblock the Notifications