Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് മേലുള്ള തീരുവ യുക്രൈൻ സമാധാന ശ്രമങ്ങളിൽ നിർണായകം; ട്രംപ് സുപ്രീം കോടതിയിൽ

ന്യൂയോർക്ക്: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേലുള്ള തീരുവകൾ കുറയ്ക്കുന്നത് അമേരിക്കയെ വ്യാപാര പ്രതികാര നടപടികളിലേക്ക് തള്ളിവിടുമെന്നും വിവിധ രാജ്യങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പരമോന്നത കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് തീരുവ ഏത് വിധത്തിൽ സ്വാധീനം ചെലുത്തുമെന്നതിനെ കുറിച്ച് ട്രംപ് ഭരണകൂടം അറിയിച്ചത്.

യുഎസ് സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ, കീഴ്‌ക്കോടതി നിയമവിരുദ്ധമെന്ന് കണ്ടെത്തിയ അവകാശങ്ങൾ സംരക്ഷിക്കാൻ സോളിസിറ്റർ ജനറൽ ജോൺ സോവർ ജഡ്‌ജിമാരോട് ആവശ്യപ്പെട്ടു. യുഎസ് നേരിടുന്ന സാമ്പത്തിക ദുരന്തത്തിനെതിരായ ഒരു കവചമെന്നും സമാധാനത്തിനുള്ള തങ്ങളുടെ ശ്രമങ്ങളുടെ മുഖ്യ ആയുധമെന്നും ഭരണകൂടം വിശേഷിപ്പിച്ചു.

donaldtrumpuscourtsu

'യുക്രൈനിലെ റഷ്യയുടെ യുദ്ധവുമായി ബന്ധപ്പെട്ട് നിലവിലുള്ള ദേശീയ അടിയന്തരാവസ്ഥ നേരിടാൻ, റഷ്യൻ ഊർജ്ജ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ഇന്ത്യയ്‌ക്കെതിരെ തീരുവ ചുമത്താൻ ഞങ്ങൾ അടുത്തിടെ അംഗീകാരം നൽകി. ഈ സാഹചര്യത്തിൽ അവ നീക്കം ചെയ്യുന്നത് അമേരിക്കയെ ഒരു സാമ്പത്തിക ദുരന്തത്തിന്റെ വക്കിലേക്ക് തള്ളിവിടും' എന്നായിരുന്നു അപ്പീലിൽ പറയുന്നത്.

'കഴിഞ്ഞ അഞ്ച് മാസമായി തീരുവകൾ വഴി പ്രസിഡന്റ് നടത്തിവരുന്ന വിദേശ ചർച്ചകളിൽ അനിശ്ചിതത്വത്തിന്റെ ഒരു കരിനിഴൽ വീഴ്ത്തുന്നതാണ് തീരുമാനം, ഇത് ഇതിനകം ചർച്ച ചെയ്‌ത ചട്ടക്കൂട് ഇടപാടുകളെയും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെയും അപകടത്തിലാക്കുന്നു' എന്നും അപ്പീലിലൂടെ ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു.

നിലവിലെ കേസ് തോറ്റാൽ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയവാരുമായി ഉണ്ടാക്കിയ വ്യാപാര കരാറുകൾ യുഎസിന് അഴിച്ചുപണിയേണ്ടി വരുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് കോടതിയിൽ ഇക്കാര്യം അദ്ദേഹം എടുത്തുപറഞ്ഞത്. ഇത് അമേരിക്കയ്ക്ക് വലിയ നഷ്‌ടം വരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഈ നടപടികൾ പിൻവലിക്കുന്നത് രാജ്യത്തിന്റെ പ്രതിരോധ-വ്യാവസായിക അടിത്തറയെ ദുർബലപ്പെടുത്തുമെന്നും, വാർഷിക വ്യാപാര കമ്മിയിൽ 1.2 ട്രില്യൺ യുഎസ് ഡോളറിന് അപകടത്തിലാക്കുമെന്നും നടന്നുകൊണ്ടിരിക്കുന്ന വിദേശ ചർച്ചകളിൽ അനിശ്ചിതത്വത്തിന്റെ വിത്ത് പകുമെന്നുമാണ് യുഎസ് ഭരണകൂടം പറയുന്നത്.

'ഒരു വർഷം മുമ്പ് വരെ, അമേരിക്ക ഒരു നിർജീവ രാജ്യമായിരുന്നു, എന്നത് ഇപ്പോൾ നമ്മെ മോശമായി ദുരുപയോഗം ചെയ്‌ത രാജ്യങ്ങൾ നൽകുന്ന ട്രില്യൺ കണക്കിന് ഡോളർ കാരണം, അമേരിക്ക വീണ്ടും ശക്തവും സാമ്പത്തികമായി പ്രാപ്‌തവും ബഹുമാനിക്കപ്പെടുന്നതുമായ ഒരു രാജ്യമായി മാറിയിരിക്കുന്നു' എന്നാണ് ഫയലിംഗിൽ ഭരണകൂടം വ്യക്തമാക്കുന്നത്.

'യൂറോപ്യൻ യൂണിയനുമായി ഞങ്ങൾ ഒരു കരാർ ഉണ്ടാക്കി, അവിടെ അവർ ഞങ്ങൾക്ക് ഏകദേശം ഒരു ട്രില്യൺ ഡോളർ നൽകുന്നു. നിങ്ങൾക്കറിയാമോ? അവർ നിലവിൽ സന്തുഷ്‌ടരാണ്. എല്ലാം കഴിഞ്ഞു. ഈ ഇടപാടുകളെല്ലാം കഴിഞ്ഞു. ഇനി നമ്മൾ അവരെ അഴിച്ചു പണിയേണ്ടിവരുമെന്ന് ഞാൻ കരുതുന്നു' ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു.

'നമ്മുടെ രാജ്യം വീണ്ടും അവിശ്വസനീയമാംവിധം സമ്പന്നമാകാനുള്ള അവസരമുണ്ട്. അതുപോലെ വീണ്ടും അവിശ്വസനീയമാംവിധം ദരിദ്രമാകാനും സാധ്യതയുണ്ട്. ആ കേസിൽ നമ്മൾ വിജയിച്ചില്ലെങ്കിൽ, നമ്മുടെ രാജ്യം വളരെയധികം കഷ്‌ടതകൾ അനുഭവിക്കേണ്ടി വരും' ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം കോടതിയിലും ഇക്കാര്യം എടുത്തുപറഞ്ഞിരിക്കുന്നത്.

നേരത്തെ അപ്പീൽ കോടതി വിധിയിൽ ട്രംപ് തന്റെ വ്യാപാര യുദ്ധത്തിന്റെ ഭാഗമായി ഏപ്രിലിൽ ചുമത്തിയ മറുതീരുവകളും ഫെബ്രുവരിയിൽ ചൈന, കാനഡ, മെക്‌സിക്കോ എന്നിവയ്‌ക്കെതിരെ പ്രഖ്യാപിച്ച തീരുവയും നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സ്‌റ്റീൽ, അലുമിനിയം ഇറക്കുമതികൾ ഉൾപ്പെടെ പ്രത്യേക നിയമങ്ങൾ പ്രകാരം ട്രംപ് ഏർപ്പെടുത്തിയ മറ്റ് തീരുവകളെ ഇത് ബാധിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+