തായ്‌ലാന്റ്-കംബോഡിയ സംഘര്‍ഷത്തിന് കാരണം ഇതാണ്; ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ബാങ്കോക്ക്: ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ തായ്‌ലാന്റും കംബോഡിയയും തമ്മിലുള്ള തര്‍ക്കം പിടിവിടുകയാണ്. സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുന്നു എന്നാണ് തായ്‌ലാന്റ് ആക്ടിങ് പ്രധാനമന്ത്രി ഫുംതം വെചയച്ചായ് പറയുന്നത്. രണ്ട് ദിവസമായി നടക്കുന്ന ആക്രമത്തില്‍ 19 പേര്‍ തായ്‌ലാന്റിലും 13 പേര്‍ കംബോഡിയയിലും കൊല്ലപ്പെട്ടു. 13 വര്‍ഷമായി പോര് തുടരുന്നുണ്ടെങ്കിലും ആദ്യമായിട്ടാണ് ശക്തമായ വ്യോമാക്രമണം നടക്കുന്നത്.
8 ജില്ലകളില്‍ തായ്‌ലാന്റ് പട്ടാള നിയമം പ്രഖ്യാപിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇരുരാജ്യങ്ങളും ഉരസല്‍ ശക്തമാണ്. ചര്‍ച്ചകള്‍ നടന്നിരുന്നു എങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ മാസം രണ്ടുതവണ കുഴിബോംബ് സ്‌ഫോടനങ്ങളില്‍ തായ്‌ലാന്റ് സൈനികരുടെ കാല്‍ നഷ്ടമായി. വ്യാഴാഴ്ചയാണ് പ്രത്യക്ഷത്തില്‍ ഇരുസൈനികരും റോക്കറ്റാക്രമണം നടത്തിയത്. ഇതോടെ ഒന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. 300ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഘര്‍ഷം വ്യാപിക്കുന്നതിനാല്‍ ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്ര ബന്ധം അവസാനിപ്പിച്ചു. അംബാസഡര്‍മാരെ തിരിച്ചുവിളിക്കുകയും എംബസി അടയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സംഘര്‍ഷ മേഖലയിലേക്ക് പോകരുത് എന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് തായ് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. യാത്രകള്‍ ഒഴിവാക്കണം എന്ന് കംബോഡിയയിലെ ഇന്ത്യന്‍ എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.
തായ്‌ലാന്റില്‍ രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ വംശജരുണ്ട് എന്നാണ് കണക്ക്. ടൂറിസ്റ്റുകളായി ഓരോ വര്‍ഷവും 20 ലക്ഷത്തോളം ഇന്ത്യക്കാര്‍ സന്ദര്‍ശിക്കുന്ന രാജ്യമാണ് തായ്‌ലാന്റ്. കംബോഡിയയില്‍ 2000 ഇന്ത്യക്കാരുണ്ട് എന്ന് കണക്കാക്കുന്നു. വിനോദ സഞ്ചാരികളും ഇവിടേക്ക് പോകാറുണ്ട്. ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണം എന്ന് ഇന്ത്യന്‍ എംബസികള്‍ ആവശ്യപ്പെട്ടു. +855 92881676 എന്ന നമ്പറില്‍ ബന്ധപ്പെടാം എന്ന് കംബോഡിയയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
കംബോഡിയ-തായ്‌ലാന്റ് യുദ്ധത്തിന് കാരണം
ഇരുരാജ്യങ്ങളും 817 കിലോമീറ്റര്‍ അതിര്‍ത്തി പങ്കെടുന്നുണ്ട്. 1907ല്‍ കംബോഡിയ ഫ്രഞ്ച് കോളനിയായിരുന്ന കാലത്ത് അതിര്‍ത്തികള്‍ നിര്‍ണയിച്ചതിലെ അപാകതയാണ് ഇപ്പോഴും തുടരുന്ന തര്‍ക്കത്തിന് കാരണം. ഇരുരാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങള്‍ അതിര്‍ത്തിയിലുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും ഇതില്‍പ്പെടും. മൂന്ന് ക്ഷേത്രങ്ങളാണ് പ്രധാനമായും വിവാദ മേഖലകളിലുള്ളത്. കൂടാതെ ഒട്ടേറെ ചെറുക്ഷേത്രങ്ങളുമുണ്ട്.

1963ലും 2013ലും കംബോഡിയ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും ഇത് തായ്‌ലാന്റ് അംഗീകരിച്ചിട്ടില്ല. 2008ല്‍ വിവാദ ക്ഷേത്രമായ പ്രി വിഹാര്‍ യുനസ്‌കോയുടെ പൈതൃക കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയതോടെ സംഘര്‍ഷ സാഹചര്യം രൂക്ഷമായി. 2011ലെ സംഘര്‍ഷത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് പല ഘട്ടങ്ങളായി സംഘര്‍ഷമുണ്ടായിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് കംബോഡിയക്കാര്‍ പ്രസീത് താ മോന്‍ തോന്‍ ക്ഷേത്രത്തില്‍ ദേശീയഗാനം ആലപിച്ചത് തായ്‌ലാന്റ് സൈന്യം എതിര്‍ത്തിരുന്നു. മെയ് 28ന് എമറാള്‍ഡ് ട്രയാംഗിളിലുണ്ടായ സംഘര്‍ഷത്തില്‍ കംബോഡയന്‍ സൈനികന്‍ കൊല്ലപ്പെട്ടു. തായ്‌ലാന്റ്, കംബോഡിയ. ലാവോസ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമാണിത്. കഴിഞ്ഞമാസം സമവായ ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടു.
തായ് പ്രധാനമന്ത്രി പിതോങ്താന്‍ ഷിനവത്ര കംബോഡയയുടെ മുന്‍ പ്രധാനമന്ത്രിയുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ തായ് സൈന്യത്തെ മോശമാക്കി സംസാരിക്കുന്ന ശബ്ദം ചോര്‍ന്നത് അവരുടെ രാജിക്ക് കാരണമായി. കംബോഡിയക്ക് നല്‍കുന്ന വൈദ്യുതി, ഇന്റര്‍നെറ്റ്, ക്രൂഡ് ഓയില്‍, വാതകം എന്നിവ തായ്‌ലാന്റ് നിര്‍ത്തിവച്ചത് ഈ മാസമാണ്. കൂടാതെ ഈ മാസം 16നും 23ും തായ് സൈനികര്‍ക്ക് ആക്രമണത്തില്‍ കാല്‍ നഷ്ടമായി. തുടര്‍ന്നാണ് നയതന്ത്ര ബന്ധം പരസ്പരം വിഛേദിച്ചതും സൈനികര്‍ ആക്രമണം തുടങ്ങിയതും. ഇരുരാജ്യങ്ങളും സമാധാന പാത സ്വീകരിക്കണം എന്ന് ചൈനയും മലേഷ്യയും ആവശ്യപ്പെട്ടു.












Click it and Unblock the Notifications