അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് അരമണിക്കൂറിനിടെ മൂന്ന് ഭൂചലനങ്ങൾ, 14 പേർ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അരമണിക്കൂറിനിടെയുണ്ടായത് മൂന്ന് ശക്തമായ ഭൂചലനങ്ങള്‍. ഭൂകമ്പത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. 78 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 12.11നാണ് ആദ്യത്തെ ഭൂചലനം ഉണ്ടായത്. ഇത് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. തുടര്‍ന്ന് 12.19നും 12.42നും തുടര്‍ചലനങ്ങളുണ്ടായി. രണ്ടാമത്തെ ഭൂചലനം 5.6 തീവ്രതയും മൂന്നാമത്തേത് 6.2 തീവ്രതയും രേഖപ്പെടുത്തി.
ഹേറാത്ത് നഗരത്തിന്റെ 40 കിലോമീറ്റര്‍ മാറിയാണ് ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. നിരവധി കെട്ടിടങ്ങള്‍ തകരുകയും മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഉയരാനാണ് സാധ്യത. ഭൂമികുലുക്കത്തെ തുടര്‍ന്ന് വീടുകളില്‍ നിന്നും മറ്റ് കെട്ടിടങ്ങളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഇറങ്ങി ഓടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

''ഞങ്ങള്‍ ഓഫീസിലിരിക്കുകയായിരുന്നു. പെട്ടെന്ന് കെട്ടിടം കിടന്ന് കുലുങ്ങാന്‍ തുടങ്ങി. ചുവരിലെ പ്ലാസ്റ്ററുകള്‍ അടര്‍ന്ന് വീഴാന്‍ തുടങ്ങി. ചുവരില്‍ വിളളലുകള്‍ വീണു. ചില ചുമരുകളും കെട്ടിടത്തിന്റെ മറ്റ് ചില ഭാഗങ്ങളും തകര്‍ന്ന് വീണു. ശരിക്കും ഭീതിപ്പെടുത്തുന്ന അനുഭവം ആയിരുന്നു. മൊബൈല്‍ നെറ്റ്വര്‍ക്കുകളൊക്കെ തകരാറിലായിരിക്കുകയാണ്. എനിക്ക് ഇതുവരെ എന്റെ കുടുംബത്തെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഞാനാകെ പരിഭ്രാന്തിയിലും ഭയത്തിലുമാണ്'', 45കാരനായ ഹെറാത്ത് സ്വദേശി ബാഷിര്‍ അഹമ്മദ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പ്രതികരിച്ചു.
ഇപ്പോഴത്തെ മരണസംഖ്യ പ്രാഥമികമായ റിപ്പോര്‍ട്ടുകള്‍ പ്രകാരമുളളത് മാത്രമാണ്. അത് ഉയരാനാണ് സാധ്യത. കാരണം ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലയിലും മണ്ണിടിച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല, ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് എഎഫ്പിയോട് വ്യക്തമാക്കി. നൂറുകണക്കിന് ആളുകള്‍ മരണപ്പെട്ടേക്കാം എന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ മുന്നറിയിപ്പ് നല്‍കുന്നത്.












Click it and Unblock the Notifications