ത്രിപുര ഫലം: കേവല ഭൂരിപക്ഷം പിന്നിട്ട് ബിജെപിയുടെ ലീഡ് നില, ഭരണം ഉറപ്പിച്ച് പാർട്ടി നേതൃത്വം
കന്നിയങ്കത്തിന് ഇറങ്ങിയ രാജകുടുംബാംഗവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മയുടെ നേതൃത്വത്തിലുള്ള തിപ്ര മോതയാണ് ശ്രദ്ധേയമായ മത്സരം കാഴ്ചവെക്കുന്നത്

അഗർത്തല: വോട്ടെടുപ്പിന്റെ ആദ്യ നാല് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ത്രിപുരയില്‍ ഇഞ്ചോടിച്ച് പോരാട്ടം. ആദ്യ മണിക്കൂറുകളില്‍ ബി ജെ പി സഖ്യം നാല്‍പ്പതോളം സീറ്റുകളില്‍ മുന്നേറുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തെങ്കിലും ഒരു ഘട്ടത്തില്‍ ലീഡ് നില 26 സീറ്റിലേക്ക് ഒതുങ്ങി. കഴിഞ്ഞ വർഷത്തെ സീറ്റ് നിലയായ 44 ലേക്ക് എത്താന്‍ സാധിച്ചിട്ടില്ലെങ്കിലും നിലവില്‍ 32 സീറ്റുകളില്‍ ലീഡ് ചെയ്യാന്‍ കഴിയുന്നത് അവർക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഇതില്‍ ആറ് സീറ്റുകളില്‍ വിജയം പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 60 സീറ്റുകളുള്ള ത്രിപുര നിയമസഭയില്‍ 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
മറുവശത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി സഖ്യമായി മത്സരിക്കുന്ന കോണ്‍ഗ്രസും സി പി എമ്മും ഒരു സമയത്ത് 23 സീറ്റുകളേക്ക് ലീഡ് ഉയർത്തിയിരുന്നെങ്കിലും നിലവില്‍ 17 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. സഖ്യ സ്ഥാനാർത്ഥികളില്‍ അഞ്ച് പേരുടേയും വിജയം പ്രഖ്യാപിച്ചിട്ടുണ്ട്. 2018 ല്‍ സി പിഎം 16 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

കന്നിയങ്കത്തിന് ഇറങ്ങിയ രാജകുടുംബാംഗവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മയുടെ നേതൃത്വത്തിലുള്ള തിപ്ര മോതയാണ് ശ്രദ്ധേയമായ മത്സരം കാഴ്ചവെക്കുന്നത്. ഒരു ഘട്ടത്തില്‍ ഇടത് സഖ്യത്തേയും മറികടന്ന് 17 സീറ്റുകളില്‍ ലീഡ് പിടിക്കാന്‍ ത്രിപ മോതയ്ക്ക് സാധിച്ചിരുന്നെങ്കിലും നിലവില്‍ 10 സീറ്റുകളിലാണ് പാർട്ടി സ്ഥാനാർത്ഥികള്‍ ലീഡ് ചെയ്യുന്നത്. 3 സീറ്റുകളില്‍ വിജയം ഉറപ്പിച്ചിട്ടുണ്ട്. മത്സരം കടുക്കുമെന്ന് ഉറപ്പായതോടെ ബി ജെ പി നേതൃത്വം തിപ്ര മോതയുമായി സഖ്യത്തിലേർപ്പെടാനുള്ള ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സി പി എമ്മും സഖ്യ ചർച്ചകള്‍ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ബി ജെ പിക്ക് പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മ പച്ചക്കൊടി കാണിക്കാനാണ് സാധ്യത.
മേഘാലയയിലേക്ക് വരികയാണെങ്കില്‍ തുടക്കത്തിലെ ആശങ്കകള്‍ മറികടന്നുകൊണ്ട് ഭരണകക്ഷിയായ എന്‍ പി പി ലീഡ് നില 28 സീറ്റിലേക്ക് ഉയർത്തിയിട്ടുണ്ട്. 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ടി എം സി ആറ് സീറ്റിലും ബി ജെ പി നാല് സീറ്റിലുമാണ് മുന്നിട്ട് നില്‍ക്കുന്നത് 2018 ല്‍ ബി ജെ പി രണ്ട് സീറ്റില്‍ വിജയിച്ചപ്പോള്‍ ടി എം സിക്ക് സീറ്റൊന്നും ലഭിച്ചിരുന്നില്ല. കോണ്‍ഗ്രസ് നാല് സീറ്റിലും മറ്റുള്ളവർ 17 സീറ്റിലും ലീഡ് ചെയ്യുന്നു.
നാഗാലാന്‍ഡില്‍ ബി ജെ പി-എന്‍ ഡി പി പി സഖ്യം 37 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. 15 സീറ്റുകളില്‍ വിജയം ഉറപ്പിച്ചിട്ടുണ്ട്. എന്‍ പി പി നാല് സീറ്റിലും എന്‍ പി എഫ് മൂന്ന് സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലൂം ലീഡ് ചെയ്യുന്നു. സ്വതന്ത്രർ ഉള്‍പ്പടേയുള്ള മറ്റുള്ളവർ 14 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.












Click it and Unblock the Notifications