ഇന്ത്യയ്ക്ക് ട്രംപിന്റെ വക വമ്പന്‍ പണി; 25% അധിക താരിഫ് ചുമത്തി: തീരുവ 50% ആകും; മറുപടിയുമായി ഇന്ത്യ
ഡല്‍ഹി: ഇന്ത്യയ്ക്ക് വമ്പന്‍ പണി നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 24 മണിക്കൂറിനുള്ളില്‍ അധിക തീരുവ ചുമത്തുമെന്ന പ്രഖ്യാപനം നടപ്പാക്കി. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലാണ് ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തിയത്. ഇതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേലുള്ള മൊത്തം തീരുവ 50 ശതമാനമായി യുഎസ് ഉയര്‍ത്തി. യുക്രൈന്‍ യുദ്ധം പരാമര്‍ശിച്ചാണ് ട്രംപിന്റെ നീക്കം. ഇതോടെ നയതന്ത്ര തലത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഭിന്നത രൂക്ഷമാകും.
ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യ ഇതിനു വഴങ്ങിയിരുന്നില്ല. റഷ്യയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലാണ് ഇപ്പോഴുള്ള നടപടി.

ഓഗസ്റ്റ് ഒന്നു മുതല്‍ ഇന്ത്യയുടെ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തിയത്. ഇത് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ചെലവേറിയതാകും. പുതിയ തീരുവ 21 ദിവസങ്ങള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരും.
ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്ന ട്രംപിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകമാണ് അധിക തീരുവ ചുമത്തിയിരിക്കുന്നത്. ഇന്ത്യ-റഷ്യ വ്യാപാര പങ്കാളിത്തത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ട്രംപ് ഇന്ത്യയുടെ നടപടികള്‍ സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നുവെന്നും ആരോപിച്ചിരുന്നു. അതേസമയം, അമേരിക്കയുടേത് ദൗര്‍ഭാഗ്യകരമായ തീരുമാനമെന്നാണ് ഇന്ത്യ പ്രതികരിച്ചത്.
അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുന്നതിനാല്‍ ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തല്‍. ട്രംപിന്റെ പ്രതികാര നടപടികള്‍ ഇന്ത്യന്‍ കയറ്റുമതിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
നീതീകരിക്കാനാകാത്തത്; മറുപടിയുമായി ഇന്ത്യ
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണല്‍ഡ് ട്രംപിന്റെ 50 ശതമാനം അധിക തീരുവ പ്രഖ്യാപനത്തിന് എതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നു. യുഎസിന്റെ നടപടി നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. ട്രംപിന്റെ തീരുമാനം പക്ഷപാതപരവും നീതീകരിക്കാനാകാത്തതും യുക്തിരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അഭിപ്രായപ്പെട്ടു. മറ്റ് രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക ഇന്ത്യയെ ലക്ഷ്യമിടുന്നത് യുക്തിരഹിതമാണെന്നും ജയ്സ്വാള്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് റഷ്യയുമായുള്ള കരാറിലേര്‍പ്പെട്ടതെന്നും, ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇറക്കുമതിയിലൂടെ ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങള്‍ക്ക് ഊര്‍ജം ഉറപ്പാക്കുകയാണ് ലക്ഷ്യം. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നിലപാട് ഇരട്ടത്താപ്പാണെന്നും ഇന്ത്യ വിമര്‍ശിച്ചിരുന്നു. കാരണം ഇന്ത്യയെ പോലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയില്‍ നിന്ന് വിവിധ ഉല്‍പന്നങ്ങള്‍ വാങ്ങുന്നുണ്ട്.
കഴിഞ്ഞാഴ്ച യുഎസ് ഇന്ത്യക്ക് മേല്‍ 25 ശതമാനം താരിഫ് ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നടപടി. ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയാകാത്ത പശ്ചാത്തലത്തിലാണ് ട്രംപ് താരിഫ് പ്രഖ്യാപിച്ചത്.
ട്രംപിന്റെ നടപടി തുണിത്തരങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, തുകല്‍ എന്നീ കയറ്റുമതികളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അത്തരം ഇറക്കുമതികള്‍ക്ക് ബാധകമായ മറ്റ് ചാര്‍ജുകള്‍ക്ക് പുറമേയാണ് ഈ അധിക തീരുവ.
ട്രംപിന്റെ താരിഫ് വര്‍ധനയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശക്തമായി അപലപിക്കുകയും സാമ്പത്തിക ബ്ലാക്ക്‌മെയില്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യാന്‍ അനുവദിക്കരുതെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയോട് എക്സിലൂടെ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications