തുര്‍ക്കി ഹെലികോപ്റ്റര്‍ കുര്‍ദുകള്‍ വെടിവച്ചിട്ടു; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

  • Posted By: Desk
Subscribe to Oneindia Malayalam

അങ്കാറ: വടക്കന്‍ സിറിയയിലെ അഫ്രിനില്‍ കുര്‍ദ് പോരാളികള്‍ക്കെതിരേ സൈനിക മുന്നേറ്റം തുടരുന്ന തുര്‍ക്കിയുടെ ഹെലികോപ്റ്റര്‍ വെടിയേറ്റ് തകര്‍ന്ന് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും പ്രധാനമന്ത്രി ബിനാലി യില്‍ദിരിമും സൈനികരുടെ മരണം സ്ഥിരീകരിച്ചു. യുദ്ധവേളയില്‍ ഇത്തരം സംഭവങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും എന്നാല്‍ ഇതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. ഹത്തായ് പ്രവിശ്യയ്ക്ക് സമീപമാണ് കുര്‍ദ് സൈന്യം തുര്‍ക്കി ഹെലികോപ്റ്റര്‍ വെടിവച്ചിട്ടത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം കുര്‍ദ് സേനയായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സ് (വൈ.പി.ജി) ഏറ്റെടുത്തു.

ജനങ്ങളും പോലിസും ഒന്നിച്ചു; എച്ചൂര്‍വയലിലെ 133 ഹെക്ടര്‍ തരിശ് ഭൂമിയില്‍ വിളഞ്ഞത് നൂറുമേനി

കഴിഞ്ഞ മാസമാണ് സിറിയയിലെ അഫ്രിന്‍ പ്രദേശം നിയന്ത്രിക്കുന്ന അമേരിക്കന്‍ സൈനിക സഖ്യത്തില്‍ അംഗമായ വൈ.പി.ജിക്കെതിരേ തുര്‍ക്കി സേന ആക്രണം തുടങ്ങിയത്. തുര്‍ക്കിയിലെ കുര്‍ദ് ഭീകരവാദ സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുമായി വൈ.പി.ജിക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇത്. തങ്ങളുമായി സിറിയ അതിര്‍ത്തി പങ്കിടുന്ന അഫ്രിനില്‍ ഇവരുടെ സാന്നിധ്യം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തുര്‍ക്കിയുടെ നടപടി.

turkish

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരേ യുദ്ധം ചെയ്യുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിലെ സഖ്യകക്ഷിയാണ് വൈ.പി.ജി. അമേരിക്കന്‍ പിന്തുണയോടെയാണ് ഇവര്‍ ബശാറുല്‍ അസദിന്റെ സൈന്യത്തിനെതിരേയും യുദ്ധം ചെയ്യുന്നത്. തുടക്കത്തില്‍ അഫ്രിന്‍ ആക്രമണത്തിനെതിരേ അമേരിക്കയും സിറിയയും രംഗത്തെത്തിയിരുന്നുവെങ്കിലും പിന്നീട് കാര്യമായി പ്രതികരിച്ചിട്ടില്ല. തുര്‍ക്കിയാവട്ടെ, ഓരോ ദിവസവും കുര്‍ദുകള്‍ക്കെതിരായ ആക്രമണം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അഫ്രിന്‍ സൈനിക നടപടിക്കിടെ ഇതിനകം 20ലേറെ തുര്‍ക്കി സൈനികരും 150 കുര്‍ദ് പോരാളികളും ഏഴ് സിവിലിയന്‍മാരും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

English summary
two turkish troops killed

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്