യുഎഇയ്ക്കും ഖത്തറിനും ഇടയില്‍ 2017 ന് ശേഷം ഇത് ആദ്യം: വന്‍ പ്രഖ്യാപനം; ഇനി ബാക്കി ബഹ്റൈന്‍ മാത്രം
ദോഹ: ഉപരോധ കാലഘട്ടത്തിലെ വൈരം മറന്ന് ഖത്തറും യുഎഇയും വീണ്ടും സൗഹൃദത്തിന്റെ പാതയിലേക്ക് നീങ്ങുന്നു. ആറ് വർഷത്തിന് ശേഷം ഇരു രാജ്യങ്ങളുടേയും എംബസികള്‍ വീണ്ടും പ്രവർത്തിക്കാന്‍ ആരംഭിച്ചു. ഉപരോധത്തെ തുടർന്ന് നിർത്തിവെച്ച നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ഏറെ നാളായി ചർച്ച നടന്ന് വരികയായിരുന്നു. ഈ ചർച്ചകള്‍ക്ക് പിന്നാലെയാണ് എംബസികള്‍ വീണ്ടും പ്രവർത്തിക്കാനുള്ള തീരുമാനമുണ്ടായത്.
അബുദാബിയിലെ ഖത്തർ എംബസിയും ദുബായിലെ ഖത്തർ കോൺസുലേറ്റും ഖത്തർ തലസ്ഥാനമായ ദോഹയിലെ എമിറാത്തി എംബസിയും പ്രവർത്തനം പുനരാരംഭിച്ചതായി ഇരു രാജ്യങ്ങളും ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം അംബാസിഡർമാരുടെ നിയമനം നടന്നോ, എംബസികളില്‍ പൊതുജനങ്ങള്‍ക്കും സേവനം ലഭ്യമാണോ എന്ന് തുടങ്ങിയ കാര്യങ്ങള്‍ ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടില്ല.

നയതന്ത്ര ദൗത്യങ്ങൾ പുനഃരാരംഭിച്ചതിന് പിന്നാലെ പരസ്പരം അഭിനന്ദിക്കാൻ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ഫോണിൽ സംസാരിച്ചതായി ഖത്തർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. മേഖലയിലെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തികളായി ഇരുരാജ്യങ്ങളും വീണ്ടും നയതന്ത്ര ബന്ധം സ്ഥാപിച്ചത് സാമ്പത്തിക മേഖലയ്ക്ക് ഊർജ്ജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തീവ്രവാദ സംഘടനകള്‍ക്ക് ഖത്തർ പിന്തുണ നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള രാഷ്ട്രങ്ങള്‍ 2017 ല്‍ ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയത്. ബഹ്റൈനും ഈജിപ്തും ഉപരോധത്തിന്റെ ഭാഗമായിരുന്നു. സാധാരണ രീതിയില്‍ സൗഹൃദപരമായി മുന്നോട്ട് പോവുന്ന ഗൾഫ് അറബ് രാജ്യങ്ങൾക്കിടയിലെ അഭൂതപൂർവമായ നയതന്ത്ര പ്രതിസന്ധി തുടക്കത്തിൽ സായുധ സംഘട്ടനത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും സൃഷ്ടിച്ചിരുന്നു.
ഉപരോധത്തെ മികച്ച രീതിയില്‍ മറികടക്കാന്‍ ഖത്തറിന് സാധിച്ചതോടെ മറ്റ് രാജ്യങ്ങള്‍ പ്രതീക്ഷിച്ച ഫലം ഉപരോധത്തിനുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഖത്തറിന്റെ വാതക സമ്പത്തും തുർക്കിയുമായും ഇറാനുമായും ഉള്ള അടുത്ത ബന്ധവുമായിരുന്നു സാമ്പത്തിക ഉപരോധത്തിന്റെ ആഘാതത്തില്‍ നിന്നും ഖത്തറിനെ സംരക്ഷിച്ച് നിർത്തിയത്.
2021 ജനുവരിയിൽ ബഹിഷ്‌കരണം ഔദ്യോഗികമായി പിൻവലിച്ചെങ്കിലും പല രാജ്യങ്ങളുമായുള്ള ബന്ധം പൂർണ്ണമായി പുനഃസ്ഥാപിക്കപ്പെട്ടിരുന്നില്ല. അതേസമയം ആ വർഷം തന്നെ സൗദിയും, ഈജിപ്തും ഖത്തറിലെ എംബസികള്‍ വീണ്ടും തുറന്നിരുന്നു. എന്നാല്‍ ബഹ്റൈന്‍ ഇതുവരെ ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തയ്യാറായിട്ടില്ല. അറബ് ലോകത്തെ പരമ്പരാഗത വൈരികളായി ഇറാനും സൗദിയും തമ്മില്‍ കഴിഞ്ഞയാഴ്ച നയതന്ത്ര ബന്ധം പുനഃരാരംഭിച്ചതും യുഎഇ തീരുമാനത്തില്‍ സ്വാധീനിച്ചെന്നാണ് സൂചന.
കഴിഞ്ഞ വർഷം അവസാനം ഫുട്ബോള്‍ ലോകകപ്പ് ഉദ്ഘാടന വേളയിലേക്ക് സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളെ ക്ഷണിച്ചതും ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിച്ചു. 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിറിയ അറബ് ലീഗിലേക്ക് മടങ്ങിയെത്തിയതും പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്.












Click it and Unblock the Notifications