പ്രപഞ്ചത്തിന്റെ പശ്ചാത്തല സംഗീതം കണ്ടെത്തി ശാസ്ത്രജ്ഞര്‍; ഐന്‍സ്റ്റീന്‍ പറഞ്ഞതെല്ലാം സത്യം!!
ലണ്ടന്‍: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞ പ്രപഞ്ചത്തിന്റെ പശ്ചാത്തല സംഗീതം കണ്ടെത്തി ശാസ്ത്രജ്ഞര്‍. പതിനഞ്ച് വര്‍ഷം നീണ്ട പഠനങ്ങള്‍ക്കൊടുവിലാണ് ഈ കണ്ടെത്തല്‍. മലയാളി ശാസ്ത്രജ്ഞര്‍ അടക്കം ഭാഗമായ ഈ ഗവേഷണങ്ങള്‍ ഇപ്പോള്‍ ശാസ്ത്ര ലോകത്ത് വലിയ പ്രതീക്ഷ സമ്മാനിച്ചിരിക്കുകയാണ്.
ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ പ്രപഞ്ച ഘടനയിലെ അലകളാണ്. അത് പ്രകാശവേഗതയില്‍ ഏതാണ്ട് പൂര്‍ണമായും തടസ്സമില്ലാതെ സഞ്ചരിക്കുമെന്ന് ഒരു നൂറ്റാണ്ട് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ചിരുന്നു. യുഎസ് ആസ്ഥാനമായുള്ള രണ്ട് ലിഗോകള്‍ വഴിയാണ് ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ 2015ല്‍ ആദ്യമായി കണ്ടെത്തുന്നത്.

ഇന്ത്യ, അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ചൈന, എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ജ്യോതിശാസ്ത്രജ്ഞരാണ്, റേഡിയോ ടെലസ്‌കോപ്പ് ഉപയോഗിച്ച് ഇക്കാര്യത്തില്‍ പഠനം നടത്തിയത്. പ്രപഞ്ച പഠനത്തില്‍ ഇത് വലിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍. രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ചതിലൂടെ ഉണ്ടാകുന്ന ഗുരുത്വ തരംഗങ്ങള്‍ യുഎസ്-ഇറ്റാലിയന്‍ വാന നിരീക്ഷണ സംഘങ്ങളാണ് കണ്ടെത്തിയത്.
അത്യന്തം ശക്തമായ ഗുരുത്വാര്‍ഷണം മൂലം തമോഗര്‍ത്തങ്ങളില്‍ നിന്ന് പ്രകാശം പുറത്തുവരില്ല. കറങ്ങുന്ന തമോഗര്‍ത്തങ്ങല്‍ ഒരു വിസ്‌ഫോടനാത്മമായ സംഭവമാണ്. അതിലൂടെ ഉണ്ടാവുന്ന ഗുരുത്വ തരംഗങ്ങള്‍ അത്യന്തം ശക്തിയുള്ളതായിരിക്കും. ഈ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ വന്നടിച്ചാല്‍ ഭൂമി ഒരു നാനമീറ്ററിന്റെ ലക്ഷത്തില്‍ ഒരു ഭാഗം ചുരുങ്ങുകയോ വികസിക്കുകയോ ചെയ്യും.പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞര്‍ കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു.
ഒരു പശ്ചാത്തല ശബ്ദം പോലെയാണ് ഇവ ബഹിരാകാശത്ത് നിന്ന് നിരന്തരം കേള്‍ക്കാറുള്ളത്. ലോകമെമ്പാടുമുള്ള റേഡിയോ ടെലസ്‌കോപ്പുകള്‍ വഴി ക്ഷീരപഥത്തില്‍ ഉടനീളം 115 പള്‍സറുകളെ ലക്ഷ്യം വെച്ചാണ് നിരീക്ഷണം നടത്തിയിരുന്നത്. ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ സൂചനകള്‍ക്കായി ശാസ്ത്രജ്ഞര്‍ പള്‍സുകളുടെ സമയത്തിലെ ചെറിയ വ്യത്യാസങ്ങളാണ് അളന്നത്. ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിനും പ്രപഞ്ചത്തെ കുറിച്ചുള്ള ശാസ്ത്രത്തിന്റെ നിലവിലെ ധാരണയ്ക്കും യോജിച്ചതാണ് ഈ കണ്ടെത്തലെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
അതേസമയം നക്ഷത്ര സമൂഹത്തിന്റെ മധ്യഭാഗത്തിലുള്ള ബ്ലാക് ഹോള്‍ ജോഡികളില്‍ നിന്നാണ് തരംഗങ്ങള്‍ ഉണ്ടാകുന്നതെന്നാണ് കണ്ടെത്തല്‍. ഈ തമോഗര്‍ത്തങ്ങളില്‍ നിന്നുയരുന്ന പശ്ചാത്തല ശബ്ദം, റെസ്റ്റോറന്റില്‍ ഇരുന്ന് ആളുകള്‍ സംസാരിക്കുന്നത് കേള്‍ക്കുന്നത് പോലെയാണെന്ന് യൂറോപ്പ്യന്‍ പള്‍സര്‍ ടൈമിംഗ് അറേയിലെ ശാസ്ത്രജ്ഞന്‍ മൈക്കിള്‍ കീത്ത് പറഞ്ഞു.
ഇതുവരെ കണ്ടെത്തിയ ആദ്യത്തെ ഗുരുത്വാകര്‍ഷണം തരംഗങ്ങള്‍ രണ്ട് ഭീമാകാരനായ തമോഗര്‍ത്തങ്ങളുടെ ലയനങ്ങളിലൂടെയാണ് ഉണ്ടായത്. ഗ്യാലക്‌സികള്‍ എങ്ങനെ പരിണമിക്കുന്നുവെന്നും, തമോഗര്‍ത്തങ്ങള്‍ എങ്ങനെ വളരുകയും ലയിക്കുകയും ചെയ്യുന്നു എന്നതിനെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ച്ചകള്‍ നല്‍കാനും ഈ കണ്ടെത്തലിലൂടെ സാധിക്കും.












Click it and Unblock the Notifications