വെനസ്വേലയില്‍ മിന്നലായത് യുഎസിന്റെ ഡി-ബോയ്‌സ്; മഡുറോയെ പിടികൂടിയ ഡെല്‍റ്റ ഫോഴ്‌സ് ചില്ലറക്കാരല്ല
വാഷിങ്ടണ്‍: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കയുടെ മിന്നല്‍ നീക്കത്തില്‍ ഞെട്ടിയിരിക്കുകയാണ് ലോകം. അതീവ രഹസ്യമായി സൂക്ഷിച്ച സൈനിക നീക്കത്തിലൂടെയാണ് മഡുറോയെ അമേരിക്കന്‍ ആര്‍മിയുടെ എലൈറ്റ് യൂണിറ്റായ ഡെല്‍റ്റ ഫോഴ്‌സ് പിടികൂടിയത്. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഓപ്പറേഷനു പിന്നില്‍ പ്രവര്‍ത്തിച്ച ഡെല്‍റ്റ ഫോഴ്‌സ് ചില്ലറക്കാരല്ല. സൈനികരേക്കാള്‍ ഏറെ സങ്കീര്‍ണമാണ് ഇവരുടെ പ്രവര്‍ത്തനം.
അമേരിക്കന്‍ ആയുധപ്പുരയിലെ ഏറ്റവും മാരകമായ ആയുധം എന്ന് വേണമെങ്കില്‍ ഡെല്‍റ്റ ഫോഴ്സിനെ വിശേഷിപ്പിക്കാം. യുഎസില്‍ ഡി-ബോയ്‌സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ശത്രുക്കളുടെ ഹൃദയമിടിപ്പ് നിലയ്ക്കുന്ന വേഗത്തില്‍ നിശബ്ദമായി വന്ന് ലക്ഷ്യം പൂര്‍ത്തിയാക്കി മടങ്ങുന്ന ഡെല്‍റ്റ ഫോഴ്സിന്റെ ശേഷിയും കരുത്തും ലോകം ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഔദ്യോഗികമായി 'ഫസ്റ്റ് സ്‌പെഷ്യല്‍ ഫോഴ്‌സ് ഓപ്പറേഷണല്‍ ഡിറ്റാച്ച്മെന്റ്-ഡെല്‍റ്റ' എന്ന് വിളിക്കപ്പെടുന്ന ഡെല്‍റ്റ ഫോഴ്സ് യുഎസ് സൈന്യത്തിലെ 'ടയര്‍-1' ഗ്രൂപ്പാണ്. അതായത്, ഏറ്റവും അപകടകരവും സങ്കീര്‍ണവുമായ ദൗത്യങ്ങള്‍ക്കായി മാത്രം നിയോഗിക്കപ്പെടുന്നവര്‍. 1977-ല്‍ കേണല്‍ ചാള്‍സ് ബെക്ക്വിത്തിന്റെ നേതൃത്വത്തിലാണ് ഈ സേന രൂപീകരിച്ചത്. ബ്രിട്ടീഷ് മാതൃകയിലുള്ള പരിശീലനമാണ് നല്‍കുന്നത്. ആഗോള തലത്തില്‍ തീവ്രവാദ ഭീഷണി വര്‍ധിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഡെല്‍റ്റ ഫോഴ്സിന്റെ രൂപീകരണം.
മഡുറോയുടെ കൊട്ടാരത്തില്‍ നടന്നത് എന്ത്?
അതീവ സുരക്ഷാ വലയത്തിലുള്ള വെനിസ്വേലന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ കടന്നു കയറി മഡൂറോയെ പിടികൂടുക എന്നത് ഏതൊരു സൈന്യത്തിനും അസാധ്യമാണ്. എന്നാല്‍ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ പ്രസിഡന്റിനെ പിടികൂടി രാജ്യത്തിന് പുറത്തെത്തിച്ചതോടെ ഡെല്‍റ്റ ഫോഴ്സ് തങ്ങളുടെ അമാനുഷിക ശേഷി തെളിയിച്ചു. യുഎസ് പ്രസിഡന്റിന് മാത്രം നേരിട്ട് വിവരങ്ങള്‍ കൈമാറുന്ന ഇവര്‍, ലക്ഷ്യം പൂര്‍ത്തിയാക്കുന്നത് വരെ ലോകത്തിന് മുന്നില്‍ അദൃശ്യരായിരുന്നു.
സാധാരണ സൈനികര്‍ക്ക് സ്വപ്നം കാണാന്‍ പോലുമാകാത്ത കഠിനമായ പരീക്ഷണങ്ങളാണ് ഡെല്‍റ്റ ഫോഴ്സിലെ സൈനികര്‍ക്കുള്ളത്. ആര്‍മി റേഞ്ചേഴ്സ്, ഗ്രീന്‍ ബെററ്റ്സ് തുടങ്ങിയ എലൈറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള സൈനികരെയാണ് ഇതിലേക്കു തിരഞ്ഞെടുക്കുന്നത്. പരിശീലനത്തിന്റെ ഭാഗമായി ഭക്ഷണം ഇല്ലാതെ ദിവസങ്ങളോളം അതിജീവിക്കണം, 40 കിലോ ഭാരവുമായി മൈലുകളോളം മലനിരകള്‍ താണ്ടണം.. ഇങ്ങനെ ഏറെ സങ്കീര്‍ണമാണ് പരിശീലനം. പരിശീലനത്തിന് എത്തുന്നവരില്‍ 90 ശതമാനം പേരും പരാജയപ്പെടുകയാണ് പതിവ്. ബാക്കിയാകുന്ന 10 ശതമാനം മാത്രമാണ് ഡെല്‍റ്റ ഫോഴ്സിലെ 'സൈലന്റ് വാരിയേഴ്‌സ്' ആകുന്നത്.
ഡെല്‍റ്റ ഫോഴ്‌സും നേവി സീലുകളും തമ്മിലുള്ള വ്യത്യാസം
ഒസാമ ബിന്‍ ലാദനെ വധിച്ച ഓപ്പറേഷനിലൂടെ നേവി സീലുകള്‍ പ്രശസ്തരായെങ്കിലും, ഡെല്‍റ്റ ഫോഴ്സിന്റെ പ്രവര്‍ത്തനം അദൃശ്യമാണ്. നേവി സീലുകള്‍ കടലിലും കരയിലും വായുവിലും പോരാടുമ്പോള്‍, ഡെല്‍റ്റ ഫോഴ്സ് കരസേനയുടെ ഭാഗമായി നിന്ന് അതീവ രഹസ്യ സ്വഭാവമുള്ള രാഷ്ട്രീയ-സൈനിക ദൗത്യങ്ങളാണ് ഏറ്റെടുക്കുന്നത്. ഇവരുടെ പേരുകളോ മുഖങ്ങളോ ഒരിക്കലും പുറംലോകം അറിയാറില്ല. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ബന്ദികളെ മോചിപ്പിക്കല്‍ തുടങ്ങിയ സങ്കീര്‍ണമായ ദൗത്യങ്ങളാണ് ഇവര്‍ ഏറ്റെടുക്കുന്നത്. അബുബക്കര്‍ അല്‍-ബാഗ്ദാദിയെ ഇല്ലാതാക്കിയതിന് ശേഷം ഡെല്‍റ്റ ഫോഴ്സ് നടത്തുന്ന ഏറ്റവും വലിയ ഓപ്പറേഷനായാണ് വെനിസ്വേലന്‍ ദൗത്യം വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications