അമേരിക്ക ആ നിഗൂഢ സ്വര്‍ണ നിധി കേന്ദ്രം തുറന്നത് സംശയം ഉയര്‍ന്നപ്പോള്‍; രണ്ടുംകല്‍പ്പിച്ച് ട്രംപ് വീണ്ടും
ലോകത്തെ വന്‍ ശക്തി രാജ്യമായ അമേരിക്കയുടെ കൈവശം എത്ര സ്വര്‍ണമുണ്ട്. എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ആ സൂക്ഷിപ്പ് കേന്ദ്രത്തിന് ചുറ്റും എത്ര ശക്തമായ സുരക്ഷാ വലയം തീര്‍ത്തിട്ടുണ്ടാകും. സിനിമാ കഥകളുടെ മായാലോകത്ത് നിന്ന് മനസിലാക്കിയതിന് അപ്പുറമാണ് അമേരിക്കയുടെ സ്വര്‍ണ നിധി കേന്ദ്രത്തിന്റെ സുരക്ഷ.
1937ല്‍ സുശക്തമായ കെട്ടുറപ്പില്‍ നിര്‍മിച്ചതിന് ശേഷം മൂന്ന് തവണ മാത്രമേ രാഷ്ട്രീയ നേതൃത്വം ഫോര്‍ട്ട് നോക്‌സ് തുറന്നു പരിശോധിച്ചിട്ടുള്ളൂ. പ്രത്യേക പരിശീലനം നേടിയ സൈനികര്‍ മാത്രമല്ല കെന്റുകിയിലെ ഈ ഫോര്‍ട്ട് നോക്‌സിന് കാവലിരിക്കുന്നത്. ആ കെട്ടിടത്തിന്റെ കെട്ടും മട്ടും അകത്തെ സുരക്ഷാ വലയങ്ങളും കൂടുതല്‍ പേര്‍ക്ക് അറിയില്ല. ഇത് സംബന്ധിച്ച് ചുരുക്കം ചില വിവരങ്ങളേ പുറത്തുവന്നിട്ടുള്ളുവത്രെ.

1937 മുതല്‍ അമേരിക്കയുടെ സ്വര്‍ണ ശേഖരം സൂക്ഷിച്ചിരിക്കുന്നത് ഫോര്‍ട്ട് നോക്‌സിലാണ്. ഇതോടൊപ്പം സൈനിക കേന്ദ്രവും ഉണ്ട്. എല്ലാ വേനലിലും ഇവിടെ പരിശീലന പരിപാടികള്‍ നടക്കും. ലൂയിസ് വില്ലിയില്‍ നിന്ന് 35 മൈല്‍ തെക്കാണ് സൈനിക പോസ്റ്റ് ഉള്ളത്. മൂന്ന് കൗണ്ടികളിലായി 109000 ഏക്കര്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് നിധി കേന്ദ്രം.
ഒന്നാംലോക യുദ്ധകാലത്ത് സൈനിക ആവശ്യങ്ങള്‍ക്കാണ് ഇവ നിര്‍മിച്ചത്. 1932ല്‍ ഇവിടെ സ്വര്‍ണ ശേഖരം സൂക്ഷിക്കാന്‍ തീരുമാനിച്ചു. 1937ലാണ് ആദ്യമായി സൈനിക സുരക്ഷാ വലയത്തില്‍ സ്വര്‍ണം ഇങ്ങോട്ട് എത്തിച്ചത്. രണ്ടാം ലോക യുദ്ധ കാലത്ത് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ന് അമേരിക്കയില്‍ ഏറ്റവും സുരക്ഷയുള്ള പ്രദേശങ്ങളില്‍ ഒന്നാണിത്.
147.3 ദശലക്ഷം ഔണ്‍സ് സ്വര്‍ണം ഫോര്‍ട്ട് നോക്‌സ് സ്വര്‍ണ സൂക്ഷിപ്പ് കേന്ദ്രത്തിലുണ്ട് എന്നാണ് അമേരിക്കയുടെ ട്രഷറി വകുപ്പ് നല്‍കുന്ന സൂചനകള്‍. ട്രഷറിയുടെ കൈവശം മൊത്തമുള്ള സ്വര്‍ണത്തിന്റെ പകുതിയാണത്രെ ഇവിടെ സുക്ഷിച്ചിരിക്കുന്നത്. ഫോര്‍ട്ട് നോക്‌സ് കെട്ടിടത്തിന്റെ അകത്തുള്ള സുരക്ഷാ വലയം സംബന്ധിച്ച് അധികമാര്‍ക്കും അറിയില്ല. ഈ കേന്ദ്രം പശ്ചാത്തലമായി സിനികളും ഇറങ്ങിയിട്ടുണ്ട്.
സ്വര്‍ണം സൂക്ഷിച്ച അറകള്‍ തുറക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ണമായി ഒരു വ്യക്തിക്ക് അറിയില്ല. ഇവ സംബന്ധിച്ച് പൊതുവേ അറിയുന്ന കുറച്ച് കാര്യങ്ങളേയുള്ളൂ. 16000 അടി ഗ്രാനൈറ്റ് ഉപയോഗിച്ചാണ് നിര്‍മിച്ചത്, 4200 ക്യൂബിക് യാര്‍ഡ് കോണ്‍ഗ്രീറ്റ് ചെയ്തിട്ടുണ്ട്, 1400 ടണ്‍ സ്റ്റീല്‍ ഉപയോഗിച്ചിട്ടുണ്ട് എന്നിവയെല്ലാമാണ് അറിയാവുന്ന കാര്യങ്ങള്‍.
മൂന്ന് തവണ പരിശോധന നടന്നു
മുന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റ് ഫോര്‍ട്ട് നോക്‌സിന്റെ അകം തുറന്ന് പരിശോധിച്ചിട്ടുണ്ട്. സ്വര്‍ണം എടുത്തുമാറ്റപ്പെട്ടു എന്ന കിംവദന്തി പരന്ന വേളയില്‍ സംശയ ദൂരീകരണത്തിന് വേണ്ടി 1974ല്‍ ട്രഷറി വകുപ്പ് വീണ്ടും തുറന്നു. ഒരു സംഘം മാധ്യമപ്രവര്‍ത്തകരും എംപിമാരും ഉള്‍പ്പെടുന്ന സംഘമാണ് അന്ന് പരിശോധിച്ചത്. മൂന്നാമത് പരസ്യമായി തുറന്നത് 2017ല്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് നുകിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വേണ്ടിയാണ്. പൊതുവായി തുറക്കില്ലെങ്കിലും എല്ലാവര്‍ഷവും കൃത്യമായ കണക്കെടുപ്പ് നടക്കും.
പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോര്‍ട്ട് നോക്‌സ് തുറന്ന് പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഇലോണ്‍ മസ്‌കും തന്നോടൊപ്പമുണ്ടാകുമെന്നാണ് അദ്ദേഹം പറഞിട്ടുള്ളത്. റിപബ്ലിക്കന്‍ ഗവര്‍ണര്‍മാരെ അഭിസംബോധന ചെയ്യുമ്പോഴാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 4800 ടണ്‍ സ്വര്‍ണം ഇവിടെ ഇല്ല എന്ന് ബോധ്യമയാല്‍ അമേരിക്ക കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുമെന്നും അതോടെ ആഗോള വിപണിയില്‍ സ്വര്‍ണവില കൂടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications