സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപിന്റെ തേരോട്ടം... ബൈഡനെ ഞെട്ടിച്ച് തിരിച്ചുവരവ്; ഫ്‌ലോറിഡയും ടെക്‌സാസും
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. മൊത്തം ഇലക്ടറല്‍ വോട്ടുകളുടെ എണ്ണത്തില്‍ ജോ ബൈഡന്‍ നിലവില്‍ മുന്നിട്ട് നില്‍ക്കുകയാണ്.
എന്നിരുന്നാലും കാര്യങ്ങള്‍ ട്രംപിന് അനുകൂലമായി മാറാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ ആവില്ല. വിധി നിര്‍ണയിക്കുന്ന സ്വിങ് സ്റ്റേറ്റുകളില്‍ ആദ്യ ഘട്ടത്തില്‍ ബൈഡന്‍ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും പിന്നീട് കണ്ടത് ഡൊണാള്‍ഡ് ട്രംപിന്റെ തേരോട്ടം തന്നെ ആയിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

189 ഇലക്ടറല്‍ വോട്ടുകള്‍
അരിസോണ, ഫ്‌ലോറിഡ, ജോര്‍ജ്ജിയ, അയോവ, മിഷിഗണ്‍, നെവാദ, ന്യൂ ഹാംഷെയര്‍, നോര്‍ത്ത് കരോലീന, ഒഹായോ, പെന്‍സില്‍വാനിയ, ടെക്‌സാസ്, വിസ്‌കോസിന്‍ എന്നിവയാണ് സ്വിങ് സ്‌റ്റേറ്റ്‌സ് ആയി കണക്കാക്കുന്നത്. ഇവിടെ നിന്ന് മാത്രം ഉള്ളത് 189 ഇലക്ടറല്‍ വോട്ടുകളാണ്.

ട്രംപിന്റെ തേരോട്ടം
ആദ്യഘട്ടത്തില്‍ ബൈഡനുണ്ടായ മുന്നേറ്റം ഇപ്പോള്‍ സ്വിങ് സ്‌റ്റേറ്റുകളില്‍ ഇല്ല. പന്ത്രണ്ടില്‍ ഒമ്പത് എണ്ണത്തിലും ട്രംപിന്റെ തേരോട്ടമാണ് ഇപ്പോള്‍ കാണുന്നത്. രണ്ടിടത്ത് മാത്രമാണ് ബൈഡന് ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടുള്ളത്.

രണ്ടിടത്ത് ഉറപ്പിച്ചു
ഒഹായോവിലും അയോവയിലും ട്രംപ് വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഒഹായോവില്‍ 18 ഉം അയോവയില്‍ 6 ഉം ഇലക്ടറല്‍ വോട്ടുകളാണ് ഉള്ളത്. രണ്ടിടത്തും അമ്പത്തിമൂന്ന് ശതമാനത്തിന് മുകളിലാണ് ട്രംപിന്റെ വോട്ടുകള്‍. ഇവിടെ ഇനി മാറ്റമുണ്ടാകാന്‍ ഇടയില്ല.

ഫ്‌ലോറിഡയും ട്രംപിനൊപ്പം
29 ഇലക്ടറല്‍ വോട്ടുകളുള്ള ഫ്‌ലോറിഡ ഇത്തവണയും ട്രംപ് ഉറപ്പിച്ചുകഴിഞ്ഞു. ഇവിടെ ട്രംപിന് 51.2 ശതമാനവും ബൈഡന് 47.9 ശതമാനവും ആണ് വോട്ടുകള്‍. 1972 മുതലുള്ള അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ നാല് തവണ മാത്രമാണ് ഫ്‌ലോറിഡ ഡെമോക്രാറ്റുകള്‍ക്കൊപ്പം നിന്നിട്ടുള്ളത്. അപ്പോഴെല്ലാം ഡെമോക്രാറ്റുകള്‍ വിജയിച്ചിട്ടും ഉണ്ട്.

നിര്‍ണായക ടെക്‌സാസ്
സ്വിങ് സ്‌റ്റേറ്റുകളില്‍ ഏറ്റവും നിര്‍ണായകം ടെക്‌സാസ് ആണ്. 38 ഇലക്ടറല്‍ വോട്ടുകളാണ് ഇവിടെയുള്ളത്. ടെക്‌സാസില്‍ ആദ്യഘട്ടത്തില്‍ ബൈഡനായിരുന്നു മുന്നില്‍ എന്നാല്‍ ഇപ്പോള്‍ ട്രംപ് വ്യക്തമായ അധിപത്യം നിലനിര്‍ത്തുന്നുണ്ട്. ഇതുവരെയുള്ള കണക്കില്‍ 52.2 ശതമാനം വോട്ടുകളാണ് ട്രംപിന് കിട്ടിയിട്ടുള്ളത്. ബൈഡന് 46.4 ശതമാനം വോട്ടുകളും

ടെക്‌സാസിന്റെ ചരിത്രം
ടെക്‌സാസിന്റെ ചരിത്രം എന്നും റിപ്പബ്ലിക്കന്‍സിനൊപ്പമാണ്. 1976 ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ടെക്‌സാസ് ഡെമാക്രാറ്റുകള്‍ക്കൊപ്പം നിന്നത്. അന്ന് ജിമ്മി കാര്‍ട്ടര്‍ വിജയിക്കുകയും പ്രസിഡന്റ് പദവിയില്‍ എത്തുകയും ചെയ്തിരുന്നു. ബരാക്ക് ഒബാമയ്ക്ക് പോലും ടെക്‌സാസില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
Recommended Video

രണ്ടിടത്ത് മാത്രം ബൈഡൻ
നിലവില്‍ സ്വിങ് സ്‌റ്റേറ്റുകളില്‍ രണ്ടിടത്ത് മാത്രമാണ് ജോ ബൈഡന് മുന്നേറ്റം അവകാശപ്പെടാനുള്ളത്. അരിസോണയിലും ന്യൂ ഹാംഷെയറിലും. അരിസോണയില്‍ 11 ഇലക്ടറല്‍ വോട്ടുകളും ന്യൂ ഹാംഷെയറില്‍ 4 ഇലക്ടറല്‍ വോട്ടുകളും മാത്രമാണുളളത് എന്നും ഓര്‍ക്കണം.












Click it and Unblock the Notifications