നിർണ്ണായക പോരാട്ടങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ കമലഹാരിസിന് ലീഡ്: സർവ്വേ റിപ്പോർട്ടില്‍ ട്രംപ് പിന്നില്‍
ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ കമല ഹാരിസ് മുന്നേറുന്നതായി റിപ്പോർട്ട്. അരിസോണ, മിഷിഗൺ, പെൻസിൽവാനിയ തുടങ്ങിയ പ്രധാനപ്പെട്ട പോരാട്ടങ്ങള്‍ നടക്കുന്നു സംസ്ഥാനങ്ങളില്‍ കമലഹാരിസ് റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ലീഡ് ചെയ്യുന്നുവെന്നാണ് ഏറ്റവും അവസാനമായി പുറത്തുവന്ന ചില സർവ്വേ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
യുമാസ് ലോവല്‍സ് സെന്റർ ഫോർ പബ്ലിക് ഒപ്പീനിയനും യു ഗവണ്‍മെന്റും പുറത്തുവിട്ട പുതിയ സർവ്വേ റിപ്പോർട്ട് പ്രകാരം ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി മിഷിഗണിൽ മുൻ പ്രസിഡൻ്റ് ട്രംപിനേക്കാൾ നേരിയ തോതിലെങ്കിലും ലീഡ് ചെയ്യുകയാണ്. ഗ്രേറ്റ് ലേക്ക് സ്‌റ്റേറ്റിലും ട്രംപിനെതിരെ 48 ശതമാനത്തിന്റെ പിന്തുമ കമലഹാരിസിനുണ്ട്. ട്രംപിന് ഇവിടെ 43 ശതമാനത്തിന്റെ പിന്തുണയാണുള്ളതെന്നും സർവ്വേ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

"ഒരു സ്വിംഗ് സ്റ്റേറ്റില്‍, ഈ മാർജിനില്‍ മുന്നേറാന്‍ സാധിക്കുന്നത് വൈസ് പ്രസിഡൻ്റിൻ്റെ പ്രചാരണത്തിന് മികച്ചൊരു വാർത്തയാണ്" യുമാസ് ലോവൽ പൊളിറ്റിക്കൽ സയൻസ് അസിസ്റ്റൻ്റ് പ്രൊഫസറും സെൻ്റർ ഫോർ പബ്ലിക് ഒപിനിയൻ അസോസിയേറ്റ് ഡയറക്ടറുമായ റോഡ്രിഗോ കാസ്‌ട്രോ കോർനെജോ അഭിപ്രായപ്പെടുന്നു.
ഈ മാർജിൻ മറികടക്കണമെങ്കില്‍ ട്രംപിന് മികച്ച പോരാട്ടം തന്നെ നടത്തേണ്ടി വരും. പെൻസിൽവാനിയയിൽ ട്രംപിന് 46 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചതെങ്കില്‍ 48 ശതമാനം പേരാണ് കമല ഹാരിസിനെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത്. 'പെൻസിൽവാനിയയിൽ വളരെ ശക്തമായ മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ വരും ആഴ്ചകള്‍ രണ്ട് സ്ഥാനാർത്ഥികള്‍ക്കും ഏറെ പ്രധാനാമാണ്' കോർണിജോ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ആർക്ക് വോട്ട് ചെയ്യും എന്ന് ഇപ്പോഴും തീരുമാനിക്കാത്ത വോട്ടർമാർ ഇപ്പോഴുമുണ്ടാകും. ഇവരെ സ്വാധീനിക്കലും അവരെ വോട്ടെടുപ്പ് കേന്ദ്രത്തില്‍ എത്തിക്കലുമാണ് പ്രധാനം. അതിന് വേണ്ടി ഒരോ സ്ഥാനാർത്ഥികളും എന്തൊക്കെ പ്രചരണ തന്ത്രങ്ങള്‍ പുറത്തെടുക്കും എന്നാണ് നോക്കികാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോക്‌സ് ന്യൂസിൻ്റെ പുതിയ വോട്ടെടുപ്പ് പ്രകാരം, ജോർജിയയിൽ ഹാരിസിന് ട്രംപിനേക്കാൾ നേരിയ മുൻതൂക്കം ഉണ്ടെങ്കിലും അരിസോണയിൽ പിന്നിലാണ്.ജോർജിയയിൽ ഹാരിസിന് 51 ശതമാനം വോട്ടും ട്രംപിൻ്റെ 48 ശതമാനം വോട്ടിന്റേയും പിന്തുണയാണുള്ളത്. എന്നാല്‍ ഫോക്സ് ന്യൂസ് പോൾ പ്രകാരം അരിസോണയില്‍ ട്രംപ് സമാനമായ മാർജിനിൽ ഹാരിസിനെ മറികടക്കുന്നു. ഹാരിസിൻ്റെ 48 ശതമാനത്തിനെതിരെ 51 ശതമാനം പേരുടെ പിന്തുണ മുന്‍ പ്രസിഡന്റിനുണ്ട്.
അതേസമയം, ദേശീയ തലത്തിലേക്ക് വരുമ്പോള്‍ കമലഹാരിസിനേക്കാള്‍ നേരിയ മുന്‍തൂക്കം ഡൊണാള്‍ഡ് ട്രംപിനാണ്. രണ്ട് ശതമാനത്തിന്റെ അധിക മുന്‍തൂക്കമാണ് അദ്ദേഹത്തിനുള്ളത്. എന്നാല്‍ പ്രധാനപ്പെട്ട മത്സരങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നേറാന്‍ സാധിക്കുന്നത്, കമലഹാരിസിന്റെ സാധ്യതകളും വർധിപ്പിക്കുന്നു.












Click it and Unblock the Notifications